- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹാറ ഇന്ത്യ പരിവാർ സ്ഥാപകൻ സുബ്രതാ റോയ് അന്തരിച്ചു; മരണം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന്; മരിച്ചത് സഹാറാ ഗ്രൂപ്പിനെ ലോകപ്രശസ്തിയിലെത്തിച്ച ഇന്ത്യയുടെ വ്യവസായ പ്രമുഖൻ
മുംബൈ: സഹാറ ഇന്ത്യ പരിവാറിന്റെ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീർഘനാളായി രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഈ മാസം 12-ന് മുംബൈയിലെ കോകിലബെൻ ധീരുബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
1948 ജൂൺ 10ന് ബിഹാറിലെ അറാറിയയിൽ ജനിച്ച സുബ്രത റോയ് രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖനായിരുന്നു. ജനിച്ച റോയ് 1976ൽ പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്. 1978ൽ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നു മാറ്റി. ഫിനാൻസ് റിയൽ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ഒരു വലിയ ബിസിനസ് സാമ്രാജ്യം അദ്ദേഹം സ്ഥാപിച്ചു.
1992ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനൽ ആരംഭിച്ചു. പിന്നീട്, ലണ്ടനിലെ ഗ്രോസ്വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ എന്നിവ ഏറ്റെടുത്തുകൊണ്ട് ് സഹാറാ ഗ്രൂപ്പിനെ ലോകപ്രശസ്തിയിലെത്തിച്ചു. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവെന്നു സഹാറയെ ടൈം മാഗസിൻ പ്രശംസിച്ചിരുന്നു.
സെബിയിൽ (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ്) രജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010ൽ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനി തിരിച്ചടി നേരിട്ടു. ഇത്തരത്തിൽ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നൽകാൻ 2012ൽ സുപ്രീം കോടതി വിധിച്ചു. കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് 2014ൽ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. 2016ൽ പരോളിൽ പുറത്തിറങ്ങിയെങ്കിലും സഹാറ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
ഭാര്യ:സ്വപ്ന റോയ്, മക്കൾ: സുശാന്തോ, സീമാന്തോ റോയ്.