വാഷിങ്ടൺ: നൊബേൽ സമ്മാജന ജേതാവും യു.എസ്. മുൻ സുരക്ഷാ ഉപദേഷ്ടാവുമായ ഹെന്റി എ. കിസിഞ്ജർ (100) അന്തരിച്ചു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യമെന്ന് കിസിഞ്ജർ അസോസിയേറ്റ്സ് അറിയിച്ചു. നയതന്ത്രജ്ഞതയുടെ നായകനെന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് കിസിഞ്ജർ. കഴിഞ്ഞ മെയ്‌ 27-നാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്.

നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, രാഷ്ട്രീയ തത്വചിന്തകൻ എന്നീ മേഖലയിലെല്ലാം ശ്രദ്ധേയനായിരുന്നു. വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയ കിസിജ്ഞർ, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശിൽപിയായി അറിയപ്പെട്ടത്. ധാർമികതയ്ക്ക് മുകളിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഹെന്റി ആൽഫ്രഡ് കിസിഞ്ജർ എന്നാണ് മുഴുവൻ പേര്. ജനനം ജർമനിയിലെ ജൂതകുടുംബത്തിലായിരുന്നു. അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റുമാരായ റിച്ചാർഡ് നിക്‌സൻ, ജെറാൾഡ് ഫോഡ് എന്നിവർക്ക് കീഴിൽ വിദേശകാര്യസെക്രട്ടറിയായി പ്രവർത്തിച്ചു. നിക്‌സന്റെ ഭരണകാലത്ത് അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു. രണ്ടു പദവികളും വഹിച്ച ഒരേയൊരു അമേരിക്കക്കാരൻ കൂടിയാണ് കിസിഞ്ജർ.

1969 മുതൽ 1977 വരെയായിരുന്നു ഓദ്യോഗിക പ്രവർത്തനകാലം. വിയറ്റ്‌നാം യുദ്ധം മുതൽ ബംഗ്ലാദേശിന്റെ വിമോചനയുദ്ധം വരെ എല്ലായിടത്തും കിസിഞ്ജറുടെ ഇടപെടലുകൾ ചർച്ചയായി. വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയിൽ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിർദേശപ്രകാരമായിരുന്നു. ചിലിയിലെയും അർജന്റിനയിലേയും പട്ടാള അട്ടിമറികളെ അദ്ദേഹം പിന്തുണച്ചു. 1973-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു.

ജർമനിയിലെ ക്ലബിന് വേണ്ടിയടക്കം ഫുട്ബോൾ കളിച്ചുനടന്ന കുട്ടിക്കാലമായിരുന്നു കിസിഞ്ജർക്കുണ്ടായിരുന്നത്. തന്റെ ഒമ്പതാം വയസ്സിൽ അഡോൾഫ് ഹിറ്റ്ലർ ജർമൻ ചാൻസലറാവുന്നതോടെയാണ് എല്ലാം മാറി മറിഞ്ഞത്, സ്‌കൂൾ അദ്ധ്യാപകന്റേയും വീട്ടമ്മയുടേയും മകനായ കിസിഞ്ജർ. നാസി ഭരണത്തിന് കീഴിൽ ഹിറ്റലറുടെ യൂത്ത് ഗാങ്ങിന്റെ ക്രൂരമായ മർദനമേറ്റു. ജൂതന്മാർക്ക് നിഷേധിക്കപ്പെട്ട ഫുട്ബോൾ മത്സരങ്ങൾ കാണാനായി കളിയോടുള്ള അടങ്ങാത്ത ആവേശം കാരണം സ്റ്റേഡിയത്തിൽ ഒളിഞ്ഞുനോക്കിയതിന് നിരന്തരം മർദനമേറ്റു. രാജ്യത്തെ അറിയപ്പെടുന്ന ഹൈസ്‌കൂളിൽ ജൂതന്മാർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ഹോളോകോസ്റ്റ് ഭീതിയുമുണ്ടായതോടെ 15-ാം വയസിൽ പലായനം.

ജർമനിയിൽ സാമ്പത്തികമായി ഉയർന്നനിലയിലുള്ള കുടുംബമായിരുന്നെങ്കിൽ, അമേരിക്കയിലെത്തിയതോടെ ഏതൊരു അഭയാർഥി കുടുംബത്തേയുമെന്ന പോലെ, പട്ടിണിയിലായി. ഷേവിങ് ബ്രഷ് നിർമ്മാണ ഫാക്ടറിയിൽ കിസിഞ്ജർ ജോലി നോക്കി. പഠിക്കാൻ കുഞ്ഞിലേ മിടുക്കനായിരുന്ന കിസിഞ്ജർക്ക് ന്യൂയോർക്കിലെ ജോർജ് വാഷിങ്ടൺ ഹൈസ്‌കൂളിൽ പ്രവേശനം ലഭിച്ചു. 1940-ൽ ഹൈസ്‌കൂൾ ബിരുദം നേടിയ കിസിഞ്ജർ, ന്യൂയോർക്കിലെ തന്നെ സിറ്റി കോളേജിൽ അക്കൗണ്ടൻസി പഠിച്ചു. 1943-ൽ അമേരിക്കൻ പൗരത്വം കിട്ടിയ കിസിഞ്ജർ രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു.

അഞ്ചു വർഷത്തിന് ശേഷം ജോലി മതിയാക്കി, ജർമനിയിൽ തിരിച്ചെത്തി. ഫ്രാൻസിൽ റൈഫിൾമാനായും പിന്നീട് ജർമനിയിൽ ജി-2 ഇന്റലിജൻസ് ഓഫീസറായും സൈന്യത്തിനായി പ്രവർത്തിച്ചു. പിന്നീട്, ഇതിലെല്ലാം മടുപ്പ് തോന്നിയ കിസിഞ്ജർ രാഷ്ട്രീയ ചരിത്രത്തിൽ തന്റെ പഠനം തുടരാൻ ആഗ്രഹിച്ചു. 1947-ൽ അമേരിക്കയിൽ തിരിച്ചെത്തി, 1954-ഓടെ ഹാർവാർഡ് സർവകലാശാലയിൽ പിഎച്ച്.ഡി. പൂർത്തിയാക്കി. പിന്നീട് അമേരിക്കൻ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന വ്യക്തിയായി മാറി.