കൊച്ചി: യുവ നടി ലക്ഷ്മിക സജീവൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 'കാക്ക' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമണ് ലക്ഷ്മിക സജീവൻ എന്ന രേഷ്മ (24). ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിലാണ് മരണം. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഷാർജയിൽ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു ലക്ഷ്മിക.

മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന 'കാക്ക' എന്ന ഹ്രസ്വചിത്രത്തിലെ പഞ്ചമി എന്ന കഥാപാത്രത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാവുന്നത്. നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നുപോലും അവഗണനകൾ നേരിടുന്ന പഞ്ചമി പിന്നീട് തന്റെ കുറവിനെ പോസിറ്റീവായി കാണുകയും സധൈര്യം നേരിടുകയും ചെയ്യുന്നതായിരുന്നു 'കാക്ക' പറയുന്ന കഥ.

തുടർന്ന് ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. എന്നാൽ 24 എന്ന ചെറുപ്രായത്തിൽ തന്നെ ലക്ഷ്മികയെ മരണം കവർന്നെടുക്കുക ആയിരുന്നു.