- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനം ഇനി ജ്വലിക്കുന്ന ഓർമ! വിടചൊല്ലി രാഷ്ട്രീയ കേരളം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ; മകൻ ചിതക്ക് തീ കൊളുത്തി; അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ നേതാക്കളും; അന്ത്യഞ്ജലിയേകി ആയിരങ്ങൾ

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇനി ജ്വലിക്കുന്ന ഓർമ്മ. കാനത്തിന് രാഷ്ട്രീയ കേരളം യാത്രാമൊഴി നൽകി. കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഞായറാഴ്ച രാവിലെ 11നാണ് സംസ്‌കാരച്ചടങ്ങുകൾ ആരംഭിച്ചത്. വീടിന്റെ തെക്കുവശത്തെ പുളിമരച്ചുവട്ടിൽ പിതാവ് വി.കെ. പരമേശ്വരൻ നായർക്ക് ചിതയൊരുക്കിയ സ്ഥലത്തോട് ചേർന്നാണ് കാനത്തിനും അന്ത്യവിശ്രമം ഒരുക്കിയത്. മകൻ സന്ദീപ് ചിതക്ക് തീ കൊളുത്തി.
''പോരാട്ടത്തിൻ നാളുകളിൽ ഞങ്ങളെയാകെ നയിച്ചവനെ... വീര സഖാവേ ധീര സഖാവേ.. ലാൽ സലാം''...മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ, അരനൂറ്റാണ്ടിലേറെക്കാലം കൈകളിലേറ്റിയ ചെങ്കൊടി പുതച്ച് കാനം മടങ്ങി. പൂർണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ സംസ്‌കാരം പൂർത്തിയായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഎം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്.

സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ തമിഴ്‌നാട്, കർണാടക സംസ്ഥാന സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കൾ എന്നിവർ കാനത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഞായറാഴ്ച വാഴൂരിലെ വസതിയിലെത്തി. പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര രാത്രി വൈകിയാണ് കോട്ടയത്തെത്തിയത്. ജില്ല അതിർത്തിയായ ചങ്ങനാശ്ശേരിയിൽ സിപിഐ ജില്ല സെക്രട്ടറി വി.ബി. ബിനുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി. വൻ ജനാവലിയാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ ചങ്ങനാശ്ശേരിയിലെത്തിയത്. ജില്ലയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും വിലാപയാത്രയെ അനുഗമിച്ചു. തുടർന്ന് കുറിച്ചി, ചിങ്ങവനം, നാട്ടകം, തിരുനക്കര എന്നിവിടങ്ങളിലും നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലർച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷമാണ് ഭൗതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരുമെത്തി.
കോട്ടയം ചൊല്ലിയൊഴുക്കം റോഡിലുള്ള സിപിഐ ജില്ല കമ്മിറ്റി ഓഫിസ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോഴും നേതാക്കളുടെയും പ്രവർത്തകരുടെയും നീണ്ട നിരയാണ് പ്രിയനേതാവിനെ അവസാനമായി കാണാനുണ്ടായത്. രണ്ടു തവണ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ച 'പി.പി. ജോർജ് സ്മാരക'ത്തിൽ നിന്ന് പിന്നീട് കാനത്തെ വീട്ടിലേക്ക്. നൂറുകണക്കിന് പ്രവർത്തകരാണ് ഇവിടെയും മുദ്രാവാക്യങ്ങളുമായി കാത്തുനിന്നത്.
അന്ത്യാഞ്ജലിയേകി കാനം ഗ്രാമം
കാനം ജനിച്ചത് കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയായ കുട്ടിക്കലിൽ ആയിരുന്നെങ്കിലും, രാഷ്ട്രീയ കേരളം അറിയുന്ന നിലയിലേക്ക് രാജേന്ദ്രനെ വളർത്തിയത് കാനം എന്ന കൊച്ചു ഗ്രാമമായിരുന്നു. നാടിനോടും നാട്ടുകാരോടുമുള്ള സ്‌നേഹത്തിന്റെ അടയാളമായി കൂടിയാണ് സഖാവ് രാജേന്ദ്രൻ പേരിനൊപ്പം നാടിനെ കൂടി ചേർത്തത്. സിപിഐ സംസ്ഥാന സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോഴും നാട്ടിലെ കാനത്തെ വീടിന്റെ ഗേറ്റ് പൂട്ടാറില്ലായിരുന്നു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തേക്ക് തീരെ ചെറുപ്രായത്തിൽ തന്നെയെത്തിയ വ്യക്തിയായിരുന്നു കാനം. സിപിഐയുടെ യുവജന പ്രസ്ഥാനമായിരുന്ന എഐവൈഎഫിലൂടെയായിരുന്നു കാനം രാജേന്ദ്രൻ രാഷ്ട്രീയത്തിലിറങ്ങിയത്. സിപിഐയുടെ കേരളത്തിലെ പ്രമുഖ നേതാക്കളുടെ ഒപ്പം 21ാം വയസിൽ സംസ്ഥാന കൗൺസിലിലേക്ക് എത്തി. വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 28ാം വയസിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. യുവജന സംഘടനാ രംഗത്ത് എബി ബർദനൊപ്പം ദേശീയ തലത്തിലും കാനം രാജേന്ദ്രൻ പ്രവർത്തിച്ചിരുന്നു.
എഐടിയുസിയുടെ നേതാവായി നിൽക്കെയാണ് സികെ ചന്ദ്രപ്പന് ശേഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ എത്തിയത്. 2015 ലായിരുന്നു പാർട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവെന്ന പദവി അദ്ദേഹത്തെ തേടിയെത്തിയത്. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2022 ഒക്ടോബറിൽ മൂന്നാം വട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹം മൂലമുള്ള വൃക്കരോഗവും അലട്ടിയ അദ്ദേഹത്തിന്റെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു.
അനുശോചനയോഗം നാളെ
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ തിങ്കളാഴ്ച കോട്ടയത്ത് അനുശോചന യോഗം നടക്കും. രാവിലെ 11ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന അനുശോചന യോഗത്തിൽ സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ ഉൾപ്പെടെ നേതാക്കൾ, മന്ത്രിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് കോട്ടയം ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹത്തെ തുടർന്നുള്ള വൃക്കരോഗവും മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ വലത് പാദം അടുത്തിടെ മുറിച്ചുമാറ്റി. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന കാനം രാജേന്ദ്രൻ, 53 വർഷമായി പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.


