കോട്ടയം: കാനം രാജേന്ദ്രന് അതിവൈകാരികമായ യാത്രയയപ്പ് നൽകി സിപിഐ. നേതാക്കളും അണികളും. ''പോരാട്ടത്തിൻ നാളുകളിൽ ഞങ്ങളെയാകെ നയിച്ചവനെ... വീര സഖാവേ ധീര സഖാവേ.. ലാൽ സലാം''... സംസ്‌കാര ചടങ്ങിനിടെ മന്ത്രി പി. പ്രസാദ് പ്രിയപ്പെട്ട നേതാവിന് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം മുഴക്കിയപ്പോൾ സംസ്ഥാനത്തിന്റെ നാനാതുറകളിൽ നിന്ന് ഒഴുകിയെത്തിയ അണികൾ അത് ഏറ്റുവിളിച്ചു.

മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ, അരനൂറ്റാണ്ടിലേറെക്കാലം കൈകളിലേറ്റിയ ചെങ്കൊടി പുതച്ച് കാനം മടങ്ങി. പൂർണ സംസ്ഥാന ബഹുമതികളോടെ കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടിൽ കാനം രാജേന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. പി. പ്രസാദും കെ. രാജനും കണ്ണീരോടെയാണ് കാനത്തിന് വിട നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കാനത്തെ അന്ത്യയാത്രയാക്കാനായി എത്തിയിരുന്നു.

കാനത്തിന്റെ മകൻ സന്ദീപാണ് ചിതകൊളുത്തിയത്. അപ്പോഴും പ്രവർത്തകർ നിർത്താതെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. സംസ്‌കാര ചടങ്ങിനു ശേഷം മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ അനുശോചന യോഗം ചേർന്നു. വളരെ വേഗം ആരോഗ്യം പഴയപടി ആകുമെന്ന് കാനം പറഞ്ഞ് ദിവസങ്ങൾക്കുള്ളിലായിരുന്നു കാനത്തിന്റെ അപ്രതീക്ഷിത വിയോഗമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കേരളത്തിന്റെ ഇടതുപക്ഷപ്രസ്ഥാനത്തിന് തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ടോടെയാണു തീരുവനന്തപുരത്തുനിന്നുള്ള വിലാപ യാത്ര കാനത്തെ വസതിയിൽ എത്തിയത്. പ്രിയ നേതാവിനു വിടനൽകാൻ അപ്പോൾ മുതൽ നാടൊന്നിച്ച് എത്തിക്കൊണ്ടിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നവരുടെ ക്യൂ വീട്ടുവളപ്പിൽനിന്നു പുറത്തേക്കു നീണ്ടു. രാവിലെ പത്തോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. മന്ത്രിമാർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ വസതിയിലെത്തി. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലാണു സംസ്‌കാരം.

തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലെ പൊതുദർശനത്തിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ വിലാപയാത്രയിൽ ആദ്യ പൊതുദർശനം മണ്ണന്തലയിലായിരുന്നു. വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിൽ നൂറുകണക്കിനു പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. എംസി റോഡിലൂടെ കോട്ടയത്തേക്കുള്ള വഴിയിൽ തടിച്ചുകൂടിയവരെല്ലാം പ്രിയനേതാവിനു വിട ചൊല്ലി.

കൊല്ലം ജില്ലയിൽ നിലമേൽ, ചടയമംഗലം, ആയൂർ, പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, അടൂർ, തിരുവല്ല, കോട്ടയം ജില്ലയിൽ ചങ്ങനാശേരി തുടങ്ങിയ കേന്ദ്രങ്ങളിലും പൊതുദർശനമുണ്ടായി. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ പൊതുദർശനത്തിനു ബസ് നിർത്തിയ കേന്ദ്രങ്ങളിലെല്ലാം പുറത്തിറങ്ങി ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.

കാനം ജനിച്ചത് കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയായ കുട്ടിക്കലിൽ ആയിരുന്നെങ്കിലും, രാഷ്ട്രീയ കേരളം അറിയുന്ന നിലയിലേക്ക് രാജേന്ദ്രനെ വളർത്തിയത് കാനം എന്ന കൊച്ചു ഗ്രാമമായിരുന്നു. നാടിനോടും നാട്ടുകാരോടുമുള്ള സ്‌നേഹത്തിന്റെ അടയാളമായി കൂടിയാണ് സഖാവ് രാജേന്ദ്രൻ പേരിനൊപ്പം നാടിനെ കൂടി ചേർത്തത്. സിപിഐ സംസ്ഥാന സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോഴും നാട്ടിലെ കാനത്തെ വീടിന്റെ ഗേറ്റ് പൂട്ടാറില്ലായിരുന്നു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തേക്ക് തീരെ ചെറുപ്രായത്തിൽ തന്നെയെത്തിയ വ്യക്തിയായിരുന്നു കാനം. സിപിഐയുടെ യുവജന പ്രസ്ഥാനമായിരുന്ന എഐവൈഎഫിലൂടെയായിരുന്നു കാനം രാജേന്ദ്രൻ രാഷ്ട്രീയത്തിലിറങ്ങിയത്. സിപിഐയുടെ കേരളത്തിലെ പ്രമുഖ നേതാക്കളുടെ ഒപ്പം 21ാം വയസിൽ സംസ്ഥാന കൗൺസിലിലേക്ക് എത്തി. വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 28ാം വയസിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. യുവജന സംഘടനാ രംഗത്ത് എബി ബർദനൊപ്പം ദേശീയ തലത്തിലും കാനം രാജേന്ദ്രൻ പ്രവർത്തിച്ചിരുന്നു.

എഐടിയുസിയുടെ നേതാവായി നിൽക്കെയാണ് സികെ ചന്ദ്രപ്പന് ശേഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ എത്തിയത്. 2015 ലായിരുന്നു പാർട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവെന്ന പദവി അദ്ദേഹത്തെ തേടിയെത്തിയത്. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2022 ഒക്ടോബറിൽ മൂന്നാം വട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹം മൂലമുള്ള വൃക്കരോഗവും അലട്ടിയ അദ്ദേഹത്തിന്റെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു.