ചെന്നൈ: കോളിവുഡിൽ രജനീകാന്തും കമൽഹാസനും അനിഷേധ്യ സാന്നിധ്യമായി നിലകൊള്ളുമ്പോഴാണ് വിജയരാജ് അളഗർ സ്വാമിയെന്ന വിജയകാന്ത് തന്റെ ചുവടുറപ്പിക്കുന്നത്. വിജയകാന്തിനെ കുറിച്ച് പറയുമ്പോൾ ഏറ്റവും ശ്രദ്ധേയം അദ്ദേഹത്തിന്റെ കണ്ണുകളെയാണ്. ആരെയും ആകർഷിക്കുന്ന കണ്ണുകളും നോട്ടവും വിജയകാന്തിനുണ്ടായിരുന്നു. ആ കണ്ണുകളുടേയും നോട്ടത്തിന്റേയും ശക്തിയിൽ തന്നെയാവും വിജയകാന്ത് തമിഴ് പ്രേക്ഷകരുടെ മനസിലേക്ക് കുടിയേറിയത്.

1979ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. എന്നാൽ, ഇനിക്കും ഇളമൈയും പിന്നീടെത്തിയ വിജയകാന്ത് സിനിമകളും ബോക്‌സ് ഓഫീസിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേ അതുകൊണ്ടൊന്നും തളരാൻ വിജയകാന്ത് തയാറായിരുന്നില്ല. വ്യത്യസ്തമായ വേഷങ്ങളിലുടെ വിജയകാന്ത് തമിഴ് സിനിമയിൽ പതിയെ സാന്നിധ്യമുറപ്പിക്കുകയായിരുന്നു.

1980ൽ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയിൽ ബ്രേക്ക് നൽകിയത്. ചിത്രം ഐ.എഫ്.എഫ്.ഐയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ൽ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ആ വർഷം തമിഴിൽ ഏറ്റവും കൂടുതൽ റിലീസ് ചെയ്തത് വിജയകാന്ത് ചിത്രങ്ങളായിരുന്നു.

അഴിമതിക്കെതിരെ, സത്യത്തിന് വേണ്ടി നിലകൊള്ളുന്ന, ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായിരുന്നു ഒരുകാലത്ത് തമിഴ് സിനിമയിൽ വിജയകാന്തെങ്കിൽ നിർമ്മാതാക്കളെ സംബന്ധിച്ച് മറ്റ് താരങ്ങളിൽ നിന്ന് അദ്ദേഹത്തെ വേർതിരിച്ച് നിർത്തുന്ന ഘടകങ്ങൾ ഉണ്ടായിരുന്നു. വിജയത്തിന്റെ നിറുകയിൽ നിൽക്കുമ്പോഴും ഒരു സിനിമയുടെ വിജയത്തിനുവേണ്ടി എത്ര അധ്വാനിക്കാനുമുള്ള സന്നദ്ധതയായിരുന്നു അതിൽ പ്രധാനം. തിരക്കുള്ള കാലത്ത് ഒരേ ദിവസം തുടർച്ചയായി പല ഷിഫ്റ്റുകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

പല തമിഴ് സൂപ്പർതാരങ്ങളുടേതുംപോലെ സോഷ്യൽ ഡ്രാമകളായിരുന്നു വിജയകാന്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും. ഗ്രാമീണ പശ്ചാത്തലത്തിൽ നാടിന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന വിജയകാന്തിന്റെ നായകനെ തമിഴകം വേഗത്തിൽ ഏറ്റെടുത്തു. പൊലീസ് ഓഫീസറായി 20 ചിത്രങ്ങൾക്കുമേൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്നതിന് പുറമെ പുരട്ചി കലൈഞ്ജർ (വിപ്ലവകാരിയായ കലാകാരൻ) എന്നും അവർ അദ്ദേഹത്തെ വിളിച്ചു. വലിയ പ്രശസ്തിയിൽ നിന്നിട്ടും മറ്റു ഭാഷകളിൽ അഭിനയിച്ചിട്ടില്ലാത്ത അപൂർവ്വം തമിഴ് താരങ്ങളിൽ ഒരാളുമാണ് വിജയകാന്ത്.

നിർമ്മാതാക്കളെ സംബന്ധിച്ച് കീശ ചോരാതെ ലാഭം തേടാനുള്ള സാധ്യതയായിരുന്നു വിജയകാന്ത്. ലോ ബജറ്റിലാണ് അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ പലതും ഒരുങ്ങിയത്. എൺപതുകളുടെ തുടക്കത്തിലാണ് കരിയറിൽ ഏറ്റവും തിരക്കുള്ള അവസ്ഥയിലേക്ക് അദ്ദേഹം എത്തിയത്. 1984 ൽ മാത്രം 18 സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തെത്തിയത്. ഡേറ്റ് കൃത്യമായി പാലിക്കാൻ അക്കാലത്ത് ദിവസം മൂന്ന് ഷിഫ്റ്റിൽ വരെ തുടർച്ചയായി അദ്ദേഹം അഭിനയിച്ചു. നിർമ്മാതാക്കളോട് എപ്പോഴും അനുഭാവപൂർണ്ണമായ സമീപനം പുലർത്തിയ വിജയകാന്ത് പലപ്പോഴും പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു.

നാട്ടുകാർക്കുവേണ്ടി നിലകൊള്ളുന്ന, പഞ്ച് ഡയലോഗുകൾ പറയുന്ന, വില്ലന്മാരെ ഒറ്റയ്ക്ക് ഇടിച്ചിടുന്ന നായകന്മാരെയാണ് വിജയകാന്ത് തുടക്കത്തിൽ അവതരിപ്പിച്ചതെങ്കിലും കരിയർ മുന്നോട്ട് നീങ്ങവെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലും മാറ്റങ്ങൾ ഉണ്ടായി. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു 1988 ൽ പുറത്തിറങ്ങിയ സെന്തൂര പൂവേ എന്ന ചിത്രം. പി ആർ ദേവരാജിന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ക്യാപ്റ്റൻ സൗന്ദരപാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.


വിജയകാന്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമാണ് ഈ ചിത്രത്തിലെ അഭിനയം സമ്മാനിച്ചത്. കരിയറിലെ 100-ാം ചിത്രം വൻ വിജയമാവുന്നത് കാണാൻ ഭാഗ്യം ലഭിച്ച താരം കൂടിയാണ് അദ്ദേഹം. ക്യാപ്റ്റൻ പ്രഭാകരൻ എന്ന ആ ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 150 ൽ ഏറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് വിജയകാന്ത്. കമൽഹാസനും രജനീകാന്തും ഒരുകാലത്ത് അടക്കിവാണിരുന്ന തമിഴ്‌സിനിമയിലേക്ക് എത്തി തന്റേതായ ഇടം ഉറപ്പിക്കാൻ വിജയകാന്തിന് സാധിച്ചിരുന്നു.

അണ്ണൈ ഭൂമി 3ഡി എന്ന ചിത്രത്തിൽ അഭിനയിക്കുക വഴി തമിഴിലെ ആദ്യ ത്രീഡി സിനിമയുടെ ഭാഗമായും വിജയകാന്ത് മാറി. 90കളിൽ തന്റെ സിനിമകളിൽ രാജ്യസ്‌നേഹം ആവോളം ചേർക്കാൻ വിജയകാന്ത് തീരുമാനിച്ചു. രാഷ്ട്രീയത്തിലിറങ്ങാൻ പദ്ധതിയുണ്ടായിരുന്ന വിജയകാന്ത് തന്റെ ആശയങ്ങളെ പ്രകടിപ്പിക്കുന്നതിനുള്ള മാർഗമായി സിനിമയെ മാറ്റി. എന്നാൽ, 2000ത്തോടെ റിയലിസത്തിന്റെ അംശം ഒട്ടുമില്ലാത്ത സിനിമകളിലാണ് വിജയകാന്ത് അഭിനയിച്ചത്. ഇത് പലപ്പോഴും വലിയ വിമർശനങ്ങൾക്കും കാരണമായി.

2005ൽ ദേശീയ മുർപോക് ദ്രാവിഡ കഴകം(ഡി.എം.ഡി.കെ) എന്ന പാർട്ടി രുപീകരിച്ചായിരുന്നു വിജയകാന്തിന്റെ തമിഴ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. എ.ഐ.എ.ഡി.എം.കെയുടെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്‌ത്തിയ വിജയകാന്തിന് തമിഴ് രാഷ്ട്രീയത്തിൽ വലിയ ഭാവിയുണ്ടെന്ന് എല്ലാവരും പ്രവചിച്ചു. 2001 മുതൽ 2006 വരെയുള്ള കാലയളവിൽ ജയലളിതക്ക് സംഭവിച്ച വലതുപക്ഷ വ്യതിയാനത്തെ മുതലാക്കിയാണ് വിജയകാന്തിന്റെ ഡി.എം.ഡി.കെ തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.

2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ മാത്രമാണ് വിജയിക്കാനായത്. എങ്കിലും 8.38 ശതമാനം വോട്ടുകൾ നേടാനായത് വിജയകാന്തിനെ സംബന്ധിച്ചിടത്തോളം നേട്ടമായി. 2009 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മുഴുവൻ സീറ്റിലും മത്സരിച്ചുവെങ്കിലും ഒന്നിൽ പോലും ജയിക്കാനായില്ല. തുടർന്ന് 2011ലെ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് എതിരായ ജനവികാരം മുതലക്കാൻ എ.ഐ.ഡി.എം.കെ, ഇടതുപാർട്ടികൾ എന്നിവക്കൊപ്പം ചേർന്നായിരുന്നു വിജയകാന്ത് മത്സരിച്ചത്. 40 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞത് വിജയകാന്തിന് നേട്ടമായി. ഇതിനിടെ എംഎ‍ൽഎമാർ മറുകണ്ടം ചാടിയത് വിജയകാന്തിന് തിരിച്ചടിയായി. പിന്നീട് തമിഴ് രാഷ്ട്രീയത്തിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ വിജയകാന്തിന് സാധിച്ചില്ല.

കോളിവുഡിലും തമിഴ് രാഷ്ട്രീയത്തിലും ഒരുപോലെ പയറ്റിതെളിഞ്ഞ ആളായിരുന്നു വിജയകാന്ത്. പക്ഷേ രാഷ്ട്രീയത്തിന്റെ തന്ത്രങ്ങൾ വിജയകാന്തിന് നന്നായി വഴങ്ങുന്നതായിരുന്നില്ല. ഒരുകാലത്ത് തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി ഉയർന്നു വരാൻ വിജയകാന്തിന് സാധിച്ചുവെങ്കിലും സിനിമയിൽ നിന്നെത്തി മുഖ്യമന്ത്രിയായി തമിഴകം ഭരിച്ച മുൻഗാമികളുടെ ചരിത്രം ആവർത്തിക്കാൻ അദ്ദേഹത്തിനായില്ല. ഒരു കൊള്ളിയാനെ പോലെ അതിവേഗത്തിൽ എരിഞ്ഞടങ്ങുകയായിരുന്നു വിജയകാന്തും അദ്ദേഹത്തിന്റെ പാർട്ടിയായി ഡി.എം.ഡി.കെയും.