- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറിയ വേഷങ്ങൾക്ക് വേണ്ടിയുള്ള അലച്ചിൽ; സിനിമ സെറ്റിലെ ഭക്ഷണത്തിന് മുന്നിൽ പോലും അപമാനിതനായി; സൂപ്പർ താരമായപ്പോൾ സിനിമ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം; ആയിരങ്ങൾക്ക് 'ചോറുപോട്ട കടവുൾ' ആയ വിജയകാന്ത്
ചെന്നൈ: രജനീകാന്ത് തമിഴ് സിനിമയിൽ എല്ലാമെല്ലാമായിരുന്ന കാലത്ത് അന്നത്തെ മദ്രാസിന് കിലോമീറ്ററുകൾക്കപ്പുറം മധുരയിൽ കുടുംബ വകയായ അരിമിൽ നോക്കി നടത്തിയിരുന്ന യുവാവാണ് പിന്നീട് താരസിംഹാസനത്തിൽ രജനിക്ക് ഒപ്പമിരുന്ന അഴകർസ്വാമി വിജയരാജ് എന്ന വിജയകാന്ത്. മധുരയിൽ കുടുംബസ്വത്തായ അരിമില്ല് നോക്കിനടത്തുകയായിരുന്ന അഴകർസ്വാമി വിജയരാജിൽ സിനിമാ മോഹം കുത്തിവച്ചത് സുഹൃത്തുക്കളായിരുന്നു. അതുവരെ അകലെനിന്നു കണ്ട സിനിമയിൽ നായകനാകണമെന്ന് അതോടെ അവന് തോന്നി. അങ്ങനെ അവൻ മധുരയിൽ നിന്ന്, സിനിമ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന മദ്രാസ്പ്പട്ടണത്തിലേക്ക് ട്രെയിൻ കയറി.
അവസരങ്ങൾ ചോദിച്ച് സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് പൊരിവെയിലത്ത് അലഞ്ഞ അവനാരു കഥാപാത്രം നൽകിയില്ല. തമിഴ് ഉച്ചാരണത്തിലെ പോരായ്മയാണ് വിലങ്ങുതടിയായത്. അപ്പോഴും പ്രതീക്ഷ കൈവിട്ടില്ല, കാരണം അവന്റെ തീരുമാനം അത്രമേൽ ഉറപ്പുള്ളതായിരുന്നു. ചെറിയ വേഷങ്ങൾക്ക് വേണ്ടിയുള്ള ശ്രമത്തിൽ സെറ്റിലെ ഭക്ഷണത്തിന് മുന്നിൽ നിന്ന് പോലും അപമാനിതനായി ഇറക്കിവിടപ്പെട്ടിട്ടുണ്ട്. പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട്. വലിയ കുടുംബത്തിൽ നിന്നും വന്നിട്ടും ചെന്നൈയിൽ സിനിമ മോഹവുമായി എത്തിയ 70കളിൽ വിജയകാന്തിന് കഷ്ടപ്പാടുകൾ ഏറെയുണ്ടായിരുന്നു.
1979-ൽ ഇനിക്കും ഇളൈമി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള ആദ്യ കാൽവയ്പ്പ് നടത്തി. അരങ്ങേറ്റ ചിത്രം എന്നതിനപ്പുറത്തേക്ക് ജനശ്രദ്ധ ആകർഷിക്കാൻ സിനിമയ്ക്കായില്ല. എന്നാൽ ആരും തിരിച്ചറിഞ്ഞിരുന്നില്ല വരാൻ പോകുന്ന ഉദയം ആ യുവാവിന്റേതാണെന്ന്.
തമിഴ് സംവിധായകൻ കാജയാണ് വിജയ് രാജ് എന്ന പേര് മാറ്റാൻ ആദ്യം നിർദ്ദേശിക്കുന്നത്. അദ്ദേഹത്തോട് തന്നെ ഒരുപേര് നിർദ്ദേശിക്കാൻ പുതുമുഖനായകൻ നിർദ്ദേശിച്ചു. അമൃത് രാജ് എന്നായിരുന്നു കാജ നിർദ്ദേശിച്ച പേര്. എന്നാൽ ആ പേരും ഭാഗ്യം കൊണ്ടുവന്നില്ല. ആദ്യ ചിത്രങ്ങളെല്ലാം തുടർച്ചയായ പരാജയങ്ങൾ, അയാൾ തുടക്കത്തിലെ വീണുപോകുമെന്ന് സിനിമാനിരൂപകർ വിധിയെഴുതി. കോളിവുഡിൽ രജനീ കാന്ത് കത്തിനിൽക്കുന്ന കാലമായിരുന്നു അത്. അതിനാൽ രജനീകാന്ത് എന്ന പേരിലെ കാന്ത് പുതുമുഖ നായകൻ തന്റെ പേരിനൊപ്പം ചേർത്തു, അങ്ങനെ അയാൾ 'വിജയ് കാന്ത്' ആയി മാറി.
വിജയകാന്ത് എന്ന പേര് തമിഴ് സിനിമ ലോകവും പ്രേക്ഷകരും നെഞ്ചോടു ചേർക്കുകയായിരുന്നു. അദ്ദേഹം ചെയ്ത സിനിമകൾക്കുപരി വിജയകാന്ത് എന്ന മനുഷ്യൻ കൂടി കാരണമാണ്. വിജയകാന്ത് വിടവാങ്ങുമ്പോൾ ആയിരങ്ങൾക്ക് തമിഴിൽ പറഞ്ഞാൽ 'ചോറുപോട്ട കടവുൾ' കൂടിയാണ് വിട പറയുന്നത്. തമിഴ് സിനിമ ലോകത്ത് പുരൈച്ചി കലൈഞ്ജർ എന്ന് അറിയപ്പെടുന്നതിനൊപ്പം അങ്ങനെയൊരു പേരും വിജയകാന്തിനുണ്ട്.
തമിഴ് സിനിമ ലോകത്ത് ഒരു ഷൂട്ടിങ് സെറ്റിനകത്ത് ഭക്ഷണത്തിന് ഒരു വ്യവസ്ഥയുണ്ടാക്കിയ കലാകാരനാണ് വിജയകാന്ത് എന്ന് പറയാം. തമിഴ് സിനിമയിൽ നായകനായി തന്റെ പേരും പെരുമയും വന്ന കാലത്ത് വിജയകാന്ത് തമിഴ് സിനിമ ലോകത്ത് ആദ്യം വരുത്തിയ മാറ്റം ഭക്ഷണത്തിലാണ്. തന്റെ സെറ്റിൽ പലതരത്തിലുള്ള ഭക്ഷണം വേണ്ട. എല്ലാവർക്കും ഒരേ ഭക്ഷണം അത് ചോദിക്കുന്ന അത്രയും നൽകണം.
മുൻപ് താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും മറ്റും പലതരത്തിൽ ഭക്ഷണം ആയിരുന്നെങ്കിൽ അതിൽ വലിയ മാറ്റം വരുത്തി വിജയകാന്ത്. അടുത്തിടെ ഒരു പ്രമുഖ തമിഴ് ചാനൽ വിജയകാന്തിന്റെ ഫാൻ മീറ്റ് ചെന്നൈയിൽ വച്ചിരുന്നു. അതിൽ പ്രസംഗിച്ച പല പ്രമുഖരും ഒരോരുത്തരുടെയും വയർ നിറച്ച അന്നദാതാവായ വിജയകാന്തിനെയാണ് ഓർമ്മിച്ചത്.
ആ ചടങ്ങിൽ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞ ഒരു കഥയിതാണ്, മുൻപ് നടികർ സംഘം നേതാവായിരുന്ന സമയത്ത് വിജയകാന്ത് വലിയൊരു സംഘം നടന്മാരെയും സാങ്കേതിക പ്രവർത്തകരെയും ചേർത്ത് മധുരയിൽ ഒരു സ്റ്റേജ് ഷോ നടത്തി. രാത്രി വൈകിയാണ് ഷോ കഴിഞ്ഞത്. അത് കഴിഞ്ഞ് അരമണിക്കൂറിനുള്ളിലായിരുന്നു ചെന്നൈയിലേക്ക് മടങ്ങേണ്ട ട്രെയിൻ അതിനാൽ തന്നെ താരങ്ങളും മറ്റുള്ളവരും ഭക്ഷണം പോലും കഴിക്കാതെ ട്രെയിനിലിൽ കയറി.
ട്രെയിൻ പുറപ്പെട്ട ശേഷമാണ് ക്യാപ്റ്റൻ ആരും ഭക്ഷണം കഴിച്ചില്ലെന്ന കാര്യം മനസിലാക്കിയത്. ഒരു മണിക്കൂറിന് ശേഷം ഒരു സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷൻ പ്ലാറ്റ്ഫോം മൊത്തം ബുഫേ പോലെ വിവിധ ഭക്ഷണങ്ങൾ നിരത്തിയിരിക്കുന്നു. എല്ലാവരെയും ഇറക്കി ഭക്ഷണം ഓടി നടന്ന് നൽകി ക്യാപ്റ്റൻ. അതിനിടയിൽ തന്നെ തന്റെ സഹപ്രവർത്തകരുടെ വിശപ്പ് മനസിലാക്കി അതിന് സംവിധാനമുണ്ടാക്കി അദ്ദേഹം മാത്രമല്ല സംഘത്തിലെ അവസാനത്തെയാൾ കഴിക്കും വരെ ട്രെയിനും വിട്ടില്ല. അതിനുള്ള സംവിധാനവും ചെയ്തു - ഇത്തരം അതിശയോക്തി എന്ന് തോന്നാവുന്ന കഥകൾ ഭക്ഷണവും വിജയകാന്തും ഉൾപ്പെടുന്നത് ഏറെയുണ്ട് തമിഴകത്ത്.
ഒരിക്കൽ വിജയകാന്തിന്റെ ചിത്രത്തിന്റെ നിർമ്മാതാവ് എപ്പോഴും വിളമ്പുന്ന ഭക്ഷണത്തിൽ നിന്നും ചില ഐറ്റംസ് കുറച്ചു. ചോദിച്ചപ്പോൾ ഇതിന് മാത്രം ബജറ്റ് 2-3 ലക്ഷം ദിവസം ആകുന്നുവെന്ന് നിർമ്മാതാവ് പറഞ്ഞു. ഇത് അറിഞ്ഞ വിജയകാന്ത് ഇടപെട്ടു. ആ 2-3 ലക്ഷം എന്റെ ശമ്പളത്തിൽ നിന്ന് കുറച്ചോളൂ എന്നായി ക്യാപ്റ്റൻ.
അത് പോലെ തന്നെ എംഡിഎംകെ നേതാവ് ആയിരുന്ന കാലത്തും എന്നും വിജയകാന്തിന്റെ വീട്ടിൽ ആയിരമോ, രണ്ടായിരമോ പേർക്കാണ് സൗജന്യ ഭക്ഷണം നൽകിയിരുന്നത്. വിശപ്പ് എന്നത് താൻ അനുഭവിച്ചതാണ് അത് മറ്റാരും അനുഭവിക്കരുത് എന്ന് പല രാഷ്ട്രീയ വേദികളിലും വിജയകാന്ത് പറയുമായിരുന്നു.
ദളപതി വിജയ്യുടെ പിതാവായ എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രം വിജയ് കാന്തിന് കാത്തിരുന്ന ബ്രേക്ക് സമ്മാനിച്ചു. പിന്നീട് തുടർച്ചയായ ഹിറ്റുകൾ. സാഹസികതയും അമാനുഷികയും നിറഞ്ഞ സംഘട്ടനരംഗങ്ങൾ ചെയ്യാൻ അസാമാന്യ പാടവമായിരുന്നു വിജയ് കാന്തിന്. സിനിമയ്ക്കായി എന്തു ത്യാഗവും ചെയ്യുന്ന വിജയ് കാന്തിന് സ്ക്രീനിൽ ഒന്നും അസാധ്യമല്ലെന്ന് പ്രേക്ഷകർ വിധിയെഴുതി. അയാൾ ഏത് അമാനുഷിക രംഗങ്ങൾ ചെയ്താലും ജനം അതുകണ്ട് കൈയടിച്ചു.
രജനീ കാന്ത്, കമൽ ഹാസൻ തുടങ്ങി അന്നത്തെ സൂപ്പർതാരങ്ങളോളം താരമൂല്യം വിജയ് കാന്ത് സ്വന്തമാക്കി. വിശ്രമില്ലാതെ സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് ജീവിതത്തെ മാറ്റിയ വിജയ് കാന്ത് ഒരുദശാബ്ദം കൊണ്ട് നൂറാം സിനിമയിലെത്തി. വിജയ് കാന്തിന്റെ നൂറാം ചിത്രം എന്ന ലേബലിൽ പ്രദർശനത്തിനെത്തിയ ക്യാപ്റ്റർ പ്രഭാകർ തമിഴ്നാട് കണ്ട ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളിലൊന്നായി. ആ ചിത്രത്തിന്റെ വിജയത്തോടെ ' ക്യാപ്റ്റൻ' എന്ന വിശേഷണം വിജയ് കാന്തിന് ജനം ചാർത്തി നൽകി. അതോടെ തമിഴ്നാടിന്റെ ഒരേയൊരു ക്യാപ്റ്റനായി വിജയ് കാന്ത് വളർന്നു.
മറുനാടന് മലയാളി ബ്യൂറോ