ചെന്നൈ: തമിഴകത്തിന്റെ ക്യാപ്റ്റന് വികാരനിർഭരമായ യാത്രമൊഴിയേകി ആയിരങ്ങൾ. പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനും തമിഴ്‌നാട് മുൻ പ്രതിപക്ഷ നേതാവുമായ വിജയകാന്തിന്റെ സംസ്‌കാരം ചെന്നൈയിൽ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്പേട്ടിലെ പാർട്ടി ആസ്ഥാനത്ത് പൂർണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ തുടങ്ങിയ പ്രമുഖർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ബീച്ചിലെ അയലൻഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്പെട്ടിൽ എത്തിച്ചത്.

ചെന്നൈ നഗരത്തിലൂടെയുള്ള വിലാപയാത്രയിൽ, അന്ത്യഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ആണ് റോഡിന്റെ ഇരുവശത്തും കാത്തുനിന്നത്. കേന്ദ്ര സർക്കാരിനെ പ്രതിനീധികാരിച്ച് ധനമന്ത്രി നിർമല സീതാരാമനും, രജനികാന്ത്, കമൽഹാസൻ തുടങ്ങിയ സൂപ്പർ താരങ്ങളും അയലൻഡ് മൈതാനത്ത് എത്തി പുഷ്പചക്രം സമർപ്പിച്ചു. അടുത്ത ബന്ധുക്കൾക്കും പാർട്ടി നേതാക്കൾക്കും സിനിമാ -രാഷ്ട്രീയ മേഖലയിലെ പ്രമുഖർക്കും മാത്രമാണ് സംസ്‌കാര ചടങ്ങിൽ പ്രവേശനം അനുവദിച്ചത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെയായിരുന്നു വിജയകാന്ത് ലോകത്തോട് വിടപറഞ്ഞത്. നടനും രാഷ്ട്രീയക്കാരനും എന്നതിലുപരി പരോപകാരിയായ മനുഷ്യസ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. ഒരു കാലത്ത് തമിഴകത്തെ ആവേശം കൊള്ളിച്ച താരമാണ് വിജയകാന്ത്. 1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് കടന്നുവന്നത്. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്.

വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറുണ്ടായത് വിവാദത്തിന് ഇടയാക്കിയിരുന്നു. വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്ക്ക് നേരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയ്യുടെ തലയുടെ പുറകിൽ കൂടി ചെരുപ്പ് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

വിജയ്യുടെ സിനിമാ കരിയറിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്ത സിനിമകളിലധികവും. 1992-ൽ നായകനായി വിജയ് അരങ്ങേറ്റം കുറിച്ച 'നാളെയെ തീർപ്പ്' എന്ന ചിത്രം പരാജയമാതിനെ തുടർന്ന് വിജയകാന്ത് ആണ് പിന്നീട് വിജയ്യെ സിനിമ മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തിയത്.

ആദ്യചിത്രം പരാജയപ്പെട്ടതോടെ വിജയകാന്തിനൊപ്പം ചിത്രം ചെയ്യുന്നത് വിജയ് യുടെ കരിയറിന് ഊർജമാകുമെന്ന് താൻ കരുതിയെന്നും പിന്നീട് വിജയ്യുടെ അച്ഛനായ ചന്ദ്രശേഖർ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ പ്രതിഫലം പോലും വാങ്ങാതെയാണ് അന്ന് വിജയകാന്ത് അഭിനിയിച്ചത്.