തിരുവനന്തപുരം: പുതുവത്സരദിനത്തിൽ പൊലീസ് ഏറ്റവും ജാഗ്രത കാട്ടേണ്ടിയിരുന്നത് തിരുവനന്തപുരം തിരുവല്ലം ബൈപ്പാസിലാണ്. അതുണ്ടായില്ല. അങ്ങനെ അവിടെ മത്സരയോട്ടം നടന്നു. അതിവേഗതയിൽ ചീറിപായുന്നതിനിടെ റീലുകൾ വീഡിയോയിൽ പകർത്താനും ശ്രമിച്ചു. അങ്ങനെ തിരുവല്ലത്ത് നിന്നും മറ്റൊരു അപകടവാർത്തയും എത്തുകയാണ്.

തിരുവനന്തപുരം തിരുവല്ലത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കളാണ് മരിച്ചത്. പാച്ചല്ലൂർ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ആദ്യം പുറത്തു വന്ന റിപ്പോർട്ട്. എന്നാൽ മത്സര ഓട്ടവും ബൈക്കിലെ അഭ്യാസ പ്രകടനവുമാണ് സംഭവിച്ചത്. ഈ ദൃശ്യങ്ങൾ മറ്റൊരു ബൈക്കിൽ വന്നയാൾ മൊബൈലിലും ചിത്രീകരിച്ചു. ഈ ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ഇതോടെയാണ് അപകടത്തിലെ കാരണം വ്യക്തമായത്.

തിരുവനന്തപുരത്ത് അപകടകെണി ഏറെയുണ്ട് ഈഞ്ചയ്ക്കലിൽ നിന്നും കാരോട് വരെയുള്ള ദേശീയ പാതാ ബൈപ്പാസ്. പലപ്പോഴും കഴക്കൂട്ടത്ത് നിന്നും കാരോടുള്ള പാതയിൽ അപകടം പതിവാണ്. കല്ലുമൂട് പാലത്തിലായിരുന്നു പുതുവൽസര രാത്രിയിലെ അപകടം. ഈ ഭാഗത്തുള്ള മാളിൽ പുതുവൽസരം ആഘോഷിച്ച് അതിവേഗതയിൽ കോവളത്തേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

രണ്ട് ബൈക്കുകൾ തമ്മിൽ ഉരസി നിയന്ത്രണം വിട്ടാണ് അപകടം. മാളിലെ ഡിജെ പാർട്ടിയുടെ ആവേശത്തിലായിരുന്നു യാത്ര. ഇതൊന്നും നോക്കാനോ പരിശോധിക്കാനോ ആരും ആ പാതയിൽ പൊലീസുകാരായി ഉണ്ടായിരുന്നില്ലേ എന്നതാണ് ഉയരുന്ന ചോദ്യം. മുട്ടത്തറയ്ക്ക് അടുത്തുള്ള കല്ലുമൂട് പാലം അങ്ങനെ നവവൽസര രാത്രിയിൽ ചോരക്കളമായി.

അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് ബൈക്കിൽ പോയവരാണ് മരിച്ചത്. അപകടം മത്സരയോട്ടം കാരണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.