തിരുവല്ല: അന്തരിച്ച കഥകളി ചെണ്ട ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർക്ക് (93) കലാലോകത്തിന്റെ വിട. തിരുവല്ല മതിൽഭാഗത്തെ മുറിയായിക്കൽ വീട്ടിൽ ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. എട്ടുപതിറ്റാണ്ടായി കഥകളി ചെണ്ട വാദനത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഈ രംഗത്തെ അതികായനായാണ് അറിയപ്പെടുന്നത്. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ നടക്കും.

എട്ടു പതിറ്റാണ്ടോളം മഹാരഥന്മാർക്കൊപ്പം തിളങ്ങിയ വാദ്യകുലപതിയാണ് ആയാംകുടി കുട്ടപ്പമാരാർ. വാദ്യകലയെ ജനകീയമാക്കിയവരിൽ പ്രമുഖനാണ് ഇദ്ദേഹം.
ഒരുകാലത്ത് കൃഷ്ണൻകുട്ടി പൊതുവാൾ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, ചന്ദ്രമന്നാഡിയാർ എന്നിവർക്കൊപ്പം വേദികളിൽ നിറഞ്ഞ കുട്ടപ്പമാരാർ ആസ്വാദക മനസ്സുകളിൽ മായാത്ത മുദ്രയായിരുന്നു. തകഴി കുട്ടൻപിള്ള, ചേർത്തല കുട്ടപ്പക്കുറുപ്പ്, പള്ളം മാധവൻ, മാവേലിക്കര ഉണ്ണിത്താൻ സഹോദരന്മാർ തുടങ്ങിയവരുടെ പദാവിഷ്‌കരണത്തിന് കുട്ടപ്പമാരാരുടെ ചെണ്ട മന്ത്രധ്വനിയായിരുന്നു.

ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. മധ്യകേരളത്തിലെ ഉത്സവങ്ങളിൽ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹം. 1950-കളിൽ തുടങ്ങിയ ചെണ്ട വായന മൂല്യശോഭയോടെ ഏതാണ്ട് പത്തുവർഷം മുൻപുവരെ നിലനിർത്താൻ കുട്ടപ്പമാരാർക്ക് കഴിഞ്ഞു. ശിഷ്യസമ്പത്തും വലുതായിരുന്നു. അവസാനകാലത്ത് ഇടയ്ക്ക വാദനവും നടത്തി.

പരേതരായ കുഞ്ഞൻ മാരാർ -നാരായണി ദമ്പതിമാരുടെ മകനാണ്. ഭാര്യ: പരേതയായ സുമതികുട്ടിയമ്മ. മക്കൾ: സുജാത, കലാഭാരതി ഉണ്ണികൃഷ്ണൻ, ഗിരിജ, ജയകുമാർ. മരുമക്കൾ: പ്രസന്നകുമാർ (പുണെ), ശ്രീകല കൊങ്ങരേട്ട്, സുരേന്ദ്രൻ ഇരമല്ലിക്കര, അർച്ചന.

വാരണാസി വിഷ്ണുനമ്പൂതിരി, കുറൂർ വാസുദേവൻ നമ്പൂതിരി, തിരുവല്ല രാധാകൃഷ്ണൻ, മുതുപിലക്കാട് സുകുമാരൻ വേണുഗോപാൽ, മനോജ് കുറൂർ, കലാഭാരതി ഉണ്ണികൃഷ്ണൻ, തിരുവല്ല ഹരികുമാർ, കലാഭാരതി പീതാംബരൻ, തിരുവല്ല രാജീവ് കൃഷ്ണൻ, വിനു കണ്ണഞ്ചിറ തുടങ്ങിയവർ ശിഷ്യരാണ്.