മണിമല: ബെംഗളൂരുവിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നാലു വയസ്സുകാരിക്ക് ജന്മനാട് യാത്രാ മൊഴി നൽകി. ഉറ്റവരുടെ ഏങ്ങിക്കരച്ചിലുകൾക്കിടയിൽ പെറ്റമ്മയുടെ താരാട്ടു പാട്ടും ഉയർന്നപ്പോൾ കരയാതെ പിടിച്ചു നിന്നവരെല്ലാം കരഞ്ഞു പോയി. എന്നും അമ്മയുടെ താരാട്ടുപാട്ടു കേട്ടാണ് ആ കുഞ്ഞ് ഉറങ്ങിയിരുന്നത്. ഇന്നലെ കരിമ്പനക്കുളം തിരുഹൃദയ പള്ളിയിൽ അന്നു മോളുടെ സംസ്‌കാരച്ചടങ്ങ് നടന്നപ്പോഴും ആ അമ്മ മകൾക്കായി താരാട്ടു പാടി. എന്നാൽ എന്നും സന്തോഷത്തോടെ പാടിയിരുന്ന ആ പാട്ട് ഇന്നലെ പൊട്ടിക്കരച്ചിലിനും ഏങ്ങലടികൾക്കും ഇടയിൽ കുരുങ്ങി പോയി.

ഇത് കണ്ടു നിന്നവരിലെല്ലാം കൂട്ടക്കരച്ചിലായി മാറി. "അമ്മയുടെ പൊന്നുമോൾ ഉറങ്ങൂ, കുഞ്ഞേ ഉറങ്ങുറങ്ങൂ..." എന്ന് ബിനിറ്റ പാടുമ്പോൾ ജിയന്ന എന്ന അന്നുമോൾ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിൽ നിത്യശാന്തിയിലായി. അമ്മയുടെ താരാട്ടുപാട്ട് സംസ്‌കാരച്ചടങ്ങിനെത്തിയ എല്ലാവരുടെയും നെഞ്ചകം പൊള്ളിച്ചു. കരയാതെ പിടിച്ചുനിന്നവരും മെല്ലെ വിതുമ്പിപ്പോയി.

മണിമല പൊന്തൻപുഴ കുറുപ്പൻപറമ്പിൽ ജിറ്റോ ടോമി ജോസഫ് - ബിനിറ്റ തോമസ് ദമ്പതികളുടെ മകൾ ജിയന്ന ആൻ ജിറ്റോ ബെംഗളൂരു ഹെന്നൂർ ചലിക്കരെ ഡൽഹി പ്രീസ്‌കൂൾ കെട്ടിടത്തിനു മുകളിൽ നിന്നുള്ള വീഴ്ചയിലാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. വീഴ്ചയിൽ അതിഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലേസ്‌കൂളിൽ പഠിക്കുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് വ്യാഴാഴ്ച അർധരാത്രി ബിനിറ്റയുടെ കണമല കൊല്ലശ്ശേരിയിലെ വീട്ടിലേക്കാണ് മൃതദേഹം ആദ്യം എത്തിച്ചത്. ഇന്നലെ പുലർച്ചെ 5.30ന് പൊന്തൻപുഴയിലെ ജിറ്റോയുടെ വീട്ടിലെത്തിച്ചു. ജിയന്നയ്ക്ക് രണ്ടു വയസ്സുള്ള അനുജത്തിയുണ്ട്; ജനീലിയ മരിയ.

പ്ലേസ്‌കൂളിൽ പഠിക്കുന്ന കുട്ടി സ്‌കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്നു വീണു മരിച്ചതിൽ ദുരൂഹതയുണ്ടെന്നു ജിറ്റോയുടെ പിതാവ് ടോമി ജോസഫ് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ടോമി പറഞ്ഞു. സ്‌കൂളിന്റെ പ്രിൻസിപ്പൽ ചങ്ങനാശേരി സ്വദേശി തോമസ് ചെറിയാൻ ഒളിവിലാണ്. സ്‌കൂളിലെ ആയയെയും സംശയമുണ്ടെന്ന് പിതാവ് ജിറ്റോ ടോമി പറഞ്ഞു.