തിരുവനന്തപുരം: അന്തരിച്ച വഞ്ചിയൂർ കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകയും ദീർഘകാലം പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന വള്ളക്കടവ് ചെറിയതുറ സെൽവിൽ ഹൗസിൽ സെലിൻ വിൽഫ്രെഡിന് (88) കേരളത്തിന്റെ അന്ത്യാഞ്ജലി. അഭിഭാഷകവൃത്തിയിൽ 59 വർഷം പൂർത്തിയാക്കിയ വാക് ചാതുരിയാണ് ഇന്നലെ മൺമറഞ്ഞത്.നാവ് പിഴയ്ക്കാത്തിടത്തോളം കാലം ജോലി തുടരുമെന്ന് പ്രഖ്യാപിച്ചിരുന്ന അവർ അവസാനകാലം വരെയും ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തിരുന്നു. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രഗത്ഭായിരുന്നു ഈ പെൺ സിഹം.

1959-ൽ പയ്യന്നൂർ മുൻസിഫ് കോടതിയിൽ ക്ലാർക്കായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പ്രായമായ അമ്മയെ നോക്കാൻ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടെങ്കിലും ഒരു ജില്ലയിൽ മൂന്നുവർഷം ജോലി ചെയ്യണമെന്ന വ്യവസ്ഥ തടസ്സമായി. പരിഹാരത്തിനായി ഭർത്താവും വലിയതുറ ഹൈസ്‌കൂളിലെ അദ്ധ്യാപകനുമായിരുന്ന വിൽഫ്രെഡ് സെബാസ്റ്റ്യനൊപ്പം ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയായ അന്നാ ചാണ്ടിയെ കണ്ടു പ്രശ്‌നം അവതരിപ്പിച്ചു. എന്നാൽ അഭിഭാഷകയാകാനായിരുന്നു അന്നാചാണ്ടി നിർദേശിച്ചത്.

അന്നാചാണ്ടിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സെലിൻ ജോലിയിൽ നിന്ന് അവധിയെടുത്ത് ഭർത്താവിനൊപ്പം നിയമ വിദ്യാർത്ഥിയായി. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയശേഷം 1965-ൽ ഇരുവരും ഒന്നിച്ചാണ് എന്റോൾ ചെയ്തത്. വഞ്ചിയൂർ കോടതിയിൽ മുതിർന്ന അഭിഭാഷകൻ കെ.വേലപ്പൻ നായർക്ക് കീഴിൽ സെലിൻ പ്രാക്ടീസ് തുടങ്ങി ജോലിയിൽ പ്രാഗത്ഭ്യം തെളിയിച്ചു. ക്രിമിനൽ കേസുകളിലായിരുന്നു സെലിന് താൽപര്യം. ഏഴുവർഷത്തിന് ശേഷം ഇരുവരെയും പബ്‌ളിക് പ്രോസിക്യൂട്ടർമാരുടെ പാനലിലുൾപ്പെടുത്തി. 1972 മുതൽ 1987 വരെ രണ്ടു സർക്കാരുകൾക്കു കീഴിൽ അഞ്ചുതവണ അവർ പബ്‌ളിക് പ്രോസിക്യൂട്ടറായി. രണ്ടുതവണ ഹൈക്കോടതിയിലും ഹാജരായി.

1987മുതലാണ് ഡിഫൻസ് വക്കീലായി ക്രിമിനൽ കേസുകളിൽ സെലിൻ പ്രാക്ടീസ് തുടങ്ങിയത്. വർക്കലയിലെ കുഴൽപ്പണം, തങ്കമ്മ കേസ്, നിധി കിട്ടുമെന്ന് കരുതി ആൺകുഞ്ഞിനെ കൊന്ന് ലേഹ്യമുണ്ടാക്കി കുഴിച്ചിട്ട പിള്ളതൈലം കേസ് എന്നിവ സെലിൻ വിൽഫ്രെഡിന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രധാന കേസുകളാണ്. സെലിന് കീഴിൽ പ്രാക്ടീസ് ചെയ്തവരിൽ മുൻ മന്ത്രി ആന്റണി രാജു അടക്കം ഇരുന്നൂറോളം പേരുണ്ട്.

ഭർത്താവ് വിൽഫ്രെഡ് 26 വർഷം മുമ്പ് മരിച്ചു. പരേതനായ സുനിൽ വിൽഫ്രെഡ്, അഡ്വ.സുരേഷ് വിൽഫ്രെഡ് (വഞ്ചിയൂർ കോടതി), ഡോ. സുനിത (ഓസ്ട്രേലിയ) എന്നിവരാണ് മക്കൾ. മരുമകൾ: അഡ്വ. സീനാ സുരേഷ്. ചെറിയതുറ അസംപ്ഷൻ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 11-ന് അസംപ്ഷൻ പള്ളിയിൽ.