വള്ളിക്കുന്ന്: യുക്തിവാദി പ്രസ്ഥാനത്തിന്റെ നേതാവ് യു. കലാനാഥൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യും.

1940ൽ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജിലാണ് ജനനം. ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു. കോച്ചിഅമ്മയുടെയും മകനാണ്. വള്ളിക്കുന്ന് നേറ്റീവ് എ.യു.പി. സ്‌കൂൾ, ഫറോക്ക് ഗവ. ഗണപത് ഹൈസ്‌കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠനം. കേരള സ്റ്റുഡന്റ്‌സ് പ്രവർത്തകനായിരുന്നു. 1960 മുതൽ സിപിഐ., സിപിഎം. പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പാർട്ടി ക്ലാസ്സുകൾ നയിച്ചു. 1965 ൽ മുതൽ ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകനായി

1970 മുതൽ 1984 വരെ സിപിഎം. വള്ളിക്കുന്ന് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു.

ഗുരുവായൂരിൽ കൊടിമരം സ്വർണം പൂശുന്നതിനെതിരെ 1977 ൽ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നൽകി. സമരം കയ്യേറിയ ആർ.എസ്.എസുകാരുടെ മർദ്ദനം ഏറ്റു. 1981ൽ ശബരിമലയിൽ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നിയമനടപടികൾ സ്വീകരിച്ചു, വിജയം കൈവരിച്ചു. 1979 മുതൽ 1984 വരെയും 1995 മുതൽ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതൽ 2005 വരെ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചു.

ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാർഡ്, ഏറ്റവും നല്ല ഊർജ്ജ സംരക്ഷണ പൊജക്ടിനുള്ള അവാർഡ്, ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എൻ.സി.മമ്മുട്ടി മാസ്റ്റർ അവാർഡ്, യുക്തിവിചാരം അവാർഡ്, വി.ടി. മെമോറിയൽ അവാർഡ്, ഡോ.രാഹുലൻ മെമോറിയൽ അവാർഡ്, മുത്തഖി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

ആത്മാവ് സങ്കൽപ്പമോ യാഥാർഥ്യമോ, ജോത്സ്യം ശാസ്ത്രമോ ശാസ്ത്ര ആഭാസമോ, മതം സാമൂഹിക പുരോഗതിയുടെ ശത്രു, ഇസ്ലാമതവും യുക്തിവാദവും, ജീവപരിണാമം, മതനിരപേക്ഷതയും ഏകസിവിൽകോഡും എന്നിവ പ്രധാനകൃതികൾ. 1995ൽ അദ്ധ്യാപക ജോലിയിൽനിന്ന് വൊളണ്ടറി റിട്ടയർമെന്റ് എടുത്തു. 1984ൽ സിപിഎം. അംഗത്വം ഉപേക്ഷിച്ചു. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കണ്ണൂർ പെരളശ്ശേരി സ്വദേശിയായ എം.കെ. ശോഭനയെ ജീവിതപങ്കാളിയാക്കി. ഷെമീറാണ് ഏകമകൻ. മരണാനന്തരം ശരീരവും കണ്ണും ദാനം കോഴിക്കോട് മെഡിക്കൽ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസന സമിതി വൈസ് ചെയർമാൻ, പരപ്പനങ്ങാടി എ.കെ.ജി. ഹോസ്പിറ്റൽ ഡയറക്ടർ, കടലുണ്ടി - വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ദേശാഭിമാനി സ്റ്റഡി സർക്കിൾ, ശാസ്ത്രസാഹിത്യ പരിഷത്ത്, പ്രോഗ്രസീവ് ഫോറം തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ചു.