ചെന്നൈ: നടൻ ഡാനിയൽ ബാലാജിയുടെ അപ്രതീക്ഷിത വിയോഗ വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 48കാരനായ ഡാനിയൽ ബാലാജിയുടെ അന്ത്യം. രണ്ടു പേരുടെ ജീവിതത്തിൽ വെളിച്ചം പകർന്നുകൊണ്ടാണ് ബാലാജി വിടപറഞ്ഞത്. നെഞ്ചുവേദനയെ തുുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.

താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകൾക്ക് ജീവൻപകരാൻ ബന്ധുക്കൾ തീരുമാനിച്ചത്.

ഇന്നലെ രാത്രിയോടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണമായത്. ചെന്നൈ പുരസൈവക്കത്തെ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

തമിഴ് സിനിമാമേഖലയിലെ പ്രമുഖർ അടക്കം നിരവധി പേരാണ് ഡാനിയൽ ബാലാജിക്ക് അനുശോചനം അറിയിച്ചത്. സംവിധായകരായ ഗൗതം മേനോൻ, അമീർ, വെട്രി മാരൻ എന്നിവർ നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു.

1975ലാണ് ഡാനിയൽ ബാലാജിയുടെ ജനനം. കമൽ ഹാസന്റെ 'മരുതനായക'ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭൈരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി.

ചിത്തി എന്ന രാധിക ശരത്കുമാർ പ്രധാന വേഷത്തിൽ എത്തിയ സീരിയലിലെ റോളിലൂടെയാണ് ഡാനിയൽ ബാലാജി എന്റർടെയ്‌മെന്റ് ലോകത്തേക്ക് കടന്നത്. 2003 ഏപ്രിൽ മാസത്തിലാണ് ഇദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ബാലാജി എന്ന ഇദ്ദേഹത്തിന്റെ പേരിനൊപ്പം ചിത്തി സീരിയലിലെ അദ്ദേഹത്തിന്റെ ക്യാരക്ടറിന്റെ പേര് നൽകിയത് സംവിധായകൻ സുന്ദർ സി ആയിരുന്നു. അലൈകൾ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ റോളും അക്കാലത്ത് ഏറെ ശ്രദ്ധേയമായി. ശരിക്കും നടനായി ആയിരുന്നില്ല ഡാനിയൽ ബാലാജി സിനിമ രംഗത്തേക്ക് എത്തിയത്. കമൽഹാസന്റെ നടക്കാതെപോയ ഡ്രീം പ്രൊജക്ട് മരുതനായകം സിനിമയുടെ മനേജറായാണ് സിനിമ രംഗത്തേക്ക് അദ്ദേഹം എത്തിയത്.

കാതൽ കൊണ്ടെൻ എന്ന ധനുഷ് നായകനായ ചിത്രത്തിലെ ചെറുവേഷത്തിലൂടെയാണ് ഡാനിയൽ ബാലാജി സിനിമ രംഗത്തേക്ക് എത്തിയത്. പിന്നാലെ ഗൗതം മേനോന്റെ കാക്ക കാക്കയിൽ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫീസറുടെ വേഷം ഏറെ ശ്രദ്ധേയമായി. വില്ലൻ വേഷങ്ങളിലൂടെയാണ് ഡാനിയൽ ബാലാജി തമിഴ് സിനിമയിൽ തന്റെ സാന്നിധ്യമായത്. വേട്ടയാട് വിളയാട്, പൊല്ലതവൻ, പയ്യ, വട ചെന്നൈ, ബിഗിൽ എന്നീ ചിത്രങ്ങളിലെ ഇദ്ദേഹം ചെയ്ത വേഷങ്ങൾ ശ്രദ്ധേയമാണ്. മലയാളത്തിൽ ബ്ലാക്ക് എന്ന ചിത്രത്തിലാണ് ഡാനിയൽ ബാലാജി ആദ്യം അഭിനയിച്ചത്. ഡാഡി കൂൾ എന്ന ചിത്രത്തിൽ വില്ലനായും അഭിനയിച്ചു.

വില്ലൻ റോളുകൾ അടക്കം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും കൂടി 40 ഓളം ചിത്രങ്ങൾ ഡാനിയൽ ബാലാജി ചെയ്തിട്ടുണ്ട്. തമിഴിലെ മുൻ കാല ഹീറോ മുരളി ഡാനിയൽ ബാലാജിയുടെ ബന്ധുവാണ്. മുരളിയുടെ അമ്മാവന്റെ മകനാണ് ഡാനിയൽ ബാലാജി.

അതേ സമയം 48 വയസായിട്ടും ഇതുവരെ വിവാഹം കഴിച്ചിരുന്നില്ല ഡാനിയൽ ബാലാജി. ഒരു അഭിമുഖത്തിൽ ഡാനിയൽ ബാലാജി ഇതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് 25 മത്തെ വയസിൽ ഞാൻ മനസിലാക്കി എനിക്ക് വിവാഹം ശരിയാകില്ലെന്ന്. വിവാഹം വേണ്ടെന്ന് ഞാൻ തീരുമാനിച്ചതല്ല. പക്ഷെ ഒരു 25 വയസ്സൊക്കെ ആയപ്പോഴേ എന്റെ ജീവിതത്തിൽ അങ്ങനെ ഒന്ന് സംഭവിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. വിവാഹത്തെ കുറിച്ച് അമ്മ ചോദിക്കുമ്പോൾ നോക്കിക്കോളൂ, പക്ഷേ നടക്കില്ലെന്നാണ് പറഞ്ഞു.

അമ്മ പല പെൺകുട്ടികളെയും കണ്ടു. പക്ഷെ ജാതകം ഒത്തില്ല. പിന്നീട് അന്വേഷിച്ചപ്പോൾ, എന്റെത് ബ്രഹ്‌മചാരി ജാതകമാണ് എന്ന് കണ്ടു. വിവാഹം കഴിക്കാത്തത് വലിയൊരു വിഷയമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഈ ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്. എനിക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഡാനിയൽ ബാലാജി അഭിമുഖത്തിൽ പറഞ്ഞു.