- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പാലിയത്ത് രവിയച്ചൻ അന്തരിച്ചു
തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാർട്ട്മെന്റിൽ പി. രവിയച്ചൻ (96) അന്തരിച്ചു. ആർഎസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഥകളി കേന്ദ്രം, പൂർണത്രയീശ സംഗീത സഭ, പൂർണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. കൊച്ചി ഇളയ തമ്പുരാൻ അനിയൻകുട്ടൻ തമ്പുരാന്റെയും പാലിയത്തുകൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928-ലാണ് ജനനം.
1952 മുതൽ 1970 വരെ കേരളത്തിനായി രഞ്ജി ക്രിക്കറ്റിൽ 55 മത്സരങ്ങളാണ് കളിച്ചത്. കേരളം ആദ്യമായി രഞ്ജി ട്രോഫി മത്സരം വിജയിച്ചപ്പോൾ ടീമംഗമായിരുന്നു. ഒന്നാം ക്ലാസ് ക്രിക്കറ്റിൽ ആയിരം റൺസും നൂറുവിക്കറ്റും നേടിയ ആദ്യ മലയാളിയാണ്. കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ മുഖ്യ പങ്കാളിയായ അദ്ദേഹം 1952 മുതൽ 17 വർഷം രഞ്ജി കളിച്ചു. ബാറ്റ്‌സ്മാനായും ബൗളറായും ഒരുപോലെ തിളങ്ങി. 55 ഒന്നാം ക്‌ളാസ് മത്സരങ്ങളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാർഥ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്‌ളബ് ആയിരുന്നു രവിയച്ചന്റെ തട്ടകം. രണ്ടുതവണ അദ്ദേഹം കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു.
തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ, ചേന്ദമംഗലം പാലിയം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ സെന്റ് തോമസ് കോളജിലെ ഇന്റർമീഡിയറ്റിനു ശേഷം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടി. ടെന്നീസ്, ഷട്ടിൽ, ടേബിൾ ടെന്നീസ്, ബോൾ ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളിലും നേട്ടം കൈവരിച്ചിട്ടുണ്ട്. മകൻ: രാംമോഹൻ.മരുമകൾ: ഷൈലജ.
'രാമൻ വലിയച്ചൻ
ചേന്ദമംഗലം പാലിയത്ത് രാമൻ കോമി എന്ന സ്ഥാനപേരുള്ള 'രാമൻ വലിയച്ചൻ' ആയി ചുമതല നിർവഹിച്ചിരുന്നു. 41 ക്ഷേത്രങ്ങളുള്ള പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റിന്റെയും കുടുംബകാര്യങ്ങൾക്കുള്ള പാലിയം ഈശ്വരസേവ ട്രസ്റ്റിന്റെയും ഭരണചുമതല ട്രസ്റ്റിയായ വലിയച്ചനായിരുന്നു.
തൃപ്പൂണിത്തുറയിരുന്നു വിദ്യാഭ്യാസം. ചേന്ദമംഗലത്ത് താമസം വിരളമാണെങ്കിലും പഴയകാലത്തെ പാലിയത്തിന്റെ എല്ലാ വിവരങ്ങളും ലളിതമായും സരസമായും രവിയച്ചൻ പറയും. സംസ്‌കൃതം, മലയാളം ഇംഗ്ലിഷ്, ചരിത്രം, സ്പോർട്സ്, കല എന്നിവയിൽ പാണ്ഡിത്യമുള്ള ഇദ്ദേഹം ശാസ്ത്രവിഷയങ്ങളിലും നിയമത്തിലും ബിരുദം നേടി. ഭാഷയും കലാശാസ്ത്രവും ചരിത്രവും താൽപര്യമുള്ള വിഷയങ്ങളാണ്. ഇംഗ്ലിഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചിരുന്നു. ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രബന്ധങ്ങൾ തയാറാക്കുന്നതിനും വിദേശ വിദ്യാർത്ഥികൾക്ക് ഭാരതീയ കലാപാരമ്പര്യത്തെക്കുറിച്ച് അറിവുകൾ പകരുന്നതിന് മാർഗനിർദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ കഥകളി കേന്ദ്രം. പൂർണ്ണത്രയീശ സംഗീതസഭ, പൂർണ്ണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചു. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സംഘ ചാലക്, കുരുക്ഷേത്ര പ്രകാശൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ദീർഘകാലം ആനന്ദ് പ്രസിന്റെ എഡിറ്റോറിയൽ വിഭാഗത്തിൽ ജോലി ചെയ്തു.
പാലിയം കുടുംബത്തിലെ മുതിർന്ന അംഗത്തിന്റെ സ്ഥാനപ്പേരാണ് 'വലിയച്ചൻ'. ഇതു രാമൻ, കൃഷ്ണൻ, ഗോവിന്ദൻ എന്നുകൂടി ചേർത്ത് മാറിമാറി വരും. 'രാമൻ വലിയച്ചൻ' എന്നാണ് രവിയച്ചൻ അറിയപ്പെടുക. 'പാലിയത്ത് വലിയമ്മ' എന്നാണ് തറവാട്ടിലെ മുതിർന്ന വനിതയുടെ സ്ഥാനപ്പേര്.
പഴയ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്നത് പാലിയത്തച്ചന്മാരാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഭാഗാധാരമാണ് പാലിയത്തേത്. 1956ലാണ് പാലിയം സ്വത്ത് ഭാഗം വച്ചത്. ആധാരത്തിന് 2436 പേജുകളുണ്ട്. അന്തരിച്ച എം. രാധാദേവി 2013 ലാണ് പാലിയം ചരിത്രം എഴുതിയത്.