കൊല്ലം: റിട്ട.സുബേദാർ മേജർ തൃക്കണ്ണമംഗൽ കൊന്നക്കോട്ട് ഹൗസിൽ കോശി ജോൺ (75) അന്തരിച്ചു. തീവ്രവാദി ആക്രമണത്തിൽ ശരീരത്തിൽ പാഞ്ഞുകയറിയ മൂന്നു വെടിയുണ്ടകളുമായി 34 വർഷം ജീവിച്ച ശേഷമാണ് മേജറുടെ വിടവാങ്ങൽ. ഹൃദയത്തിനും വൃക്കയ്ക്കു സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെയായിരുന്നു കോശി ജോണിന്റെ ജീവിതം. ശസ്ത്രക്രിയ വഴി ഇവ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജീവാപായ സാധ്യത കാരണം ഡോക്ടർമാർ തന്നെ ആ ശ്രമം ഉപേക്ഷിക്കുക ആയിരുന്നു.

ശരീരത്തിൽ തറച്ച വെടിയുണ്ടയിലെ ഈയത്തിന്റെയും മറ്റു ലോഹങ്ങളുടെയും സാന്നിധ്യം ശരീരത്തിനു ഹാനികരമാകുമെന്നും മരണകാരണമാകുമെന്നും ഡോക്ടർമാർ വിധിയെുതിയിരുന്നു. എന്നാൽ ശസ്ത്രക്രിയ വേണ്ടെന്ന നിലപാടിൽ ഉറച്ചു നിന്നു അദ്ദേഹം തന്റെ വാർദ്ധക്യകാലം വരെ ആരോഗ്യവാനായി ജീവിച്ചു. സൈനിക സേവനം കഴിഞ്ഞു നാട്ടിലെത്തിയ അദ്ദേഹം കൃഷിയിലും വ്യാപാര രംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ദേഹത്തു തറച്ച വെടിയുണ്ട നിമിത്തം അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

1990 ഒക്ടോബർ 16നാണ് ആ ദുരന്തം സംഭവിച്ചത്. പഞ്ചാബിൽ വച്ച് സൈനികർ സഞ്ചരിച്ച ട്രെയിനിനു നേരെ തീവ്രവാദികൾ വെടി ഉതിർക്കുകയായിരുന്നു. സുവർണ ക്ഷേത്രത്തിൽ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനു പ്രതികാരമായിരുന്നു ആക്രമണം. ഒട്ടേറെ സൈനികർ മരിച്ചു. കോശി ജോണിനും വെടിയേറ്റു. മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർമാർ വെടിയുണ്ടകൾ പുറത്തെടുക്കാൻ ശ്രമം തുടങ്ങി. എന്നാൽ നാട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം തീരുമാനം പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ശസ്ത്രക്രിയയിലും, ചില സങ്കീർണതകൾ ഡോക്ടർമാർ കണ്ടെത്തി. വെടിയുണ്ടയും ചീളുകളും നീക്കം ചെയ്യുമ്പോൾ വൃക്കയ്ക്കും ഹൃദയത്തിനും ക്ഷതം സംഭവിക്കാൻ ഇടയുണ്ടെന്നും ഹൃദയത്തിനു മുകളിൽ പതിച്ച വെടിയുണ്ടയ്ക്കു ചലന സ്വഭാവം ഉണ്ടെന്നും വിലയിരുത്തൽ ഉണ്ടായി. എന്നാൽ വെടിയുണ്ട പുറത്തെടുക്കേണ്ടെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു.

എറണാകുളത്തെ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ഭാര്യ: സൂസമ്മ ജോൺ. മക്കൾ: ജെസൻ സുനിൽ, ലിഡിയ ജോൺ, പരേതയായ ബ്ലസൻ ജോൺ. മരുമക്കൾ: സുനിൽ സൈമൺ, കെ.പ്രശോഭ്.