കൊച്ചി: ഡാളസിൽ വാഹനാപകടത്തിൽ കാലം ചെയ്ത ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും പ്രഥമ മെത്രാപ്പൊലീത്തയുമായ മോർ അത്തനേഷ്യസ് യോഹാന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ മൂന്നിനുള്ള വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിയത്. ഇവിടെ നിന്ന് മെത്രാന്മാരും വൈദികരും വിശ്വാസികളും ബന്ധുക്കളും ചേർന്ന് ഏറ്റു വാങ്ങി അടുത്തു തന്നെ ക്രമീകരിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റി. ഇവിടെ പ്രാർത്ഥനകളും ശുശ്രൂഷകളും നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ വിലാപയാത്ര ജന്മനാടായ നിരണത്തേക്ക് പുറപ്പെട്ടു.

വൈകിട്ട് നാലിന് മെത്രാപ്പൊലീത്തയുടെ ജന്മദേശമായ നിരണത്തെ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ രണ്ടാം ഘട്ട ശുശ്രൂഷകൾ നടക്കും. 5.45 ന് തിരുവല്ലയിൽ പൗരാവലിയുടെ അനുശോചനം അർപ്പിക്കും. രാത്രി ഏഴരയ്ക്ക് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിൽ എത്തിച്ച് വിവിധ ഘട്ടങ്ങളിലായുള്ള ശുശ്രൂഷകൾ നടക്കും. ഇവിടെ വിശ്വാസികൾക്കും നാട്ടുകാർക്കും പൊതുദർശനം ഉണ്ടാകില്ല.

ഈ സമയം രണ്ടായിരത്തോളം വൈദികർ പ്രാർത്ഥനയും ശുശ്രൂഷകളും നടത്തും. നാളെ രാവിലെ ഒമ്പതു മുതൽ 21 ന് രാവിലെ ഒമ്പതു വരെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. 21 ന് രാവിലെ ഒമ്പതിന് ഏഴാം ശുശ്രൂഷ. 10 ന് പള്ളിയിലേക്കുള്ള വിലാപയാത്ര. 11 ന് കബറടക്ക ശുശ്രൂഷ.

കുറ്റപ്പുഴ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പ്രത്യേകം തയാറാക്കിയ കല്ലറയിലായിരിക്കും ഭൗതിക ശരീരം സംസ്‌കരിക്കുകയെന്ന് പി.ആർ.ഓ ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.