തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ ബി ആർ പി ഭാസ്‌കർ അന്തരിച്ചു. തിരുവനന്തപുരത്താണ് മരണം. 93 വയസ്സായിരുന്നു. ചെന്നൈയിൽ നിന്ന് അടുത്ത കാലത്താണ് തിരുവനന്തപുരത്തേക്ക് ബി ആർ പി ഭാസ്‌കർ താമസം മാറ്റിയത്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ബി ആർ പി ഭാസ്‌കറിനുണ്ടായിരുന്നു. മുതിർന്ന ഒരു മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായിരുന്നു ബി.ആർ.പി. ഭാസ്‌കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കർ.

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്‌കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ ഡചക യിൽ പ്രവർത്തിച്ചു.1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആന്ധ്രാപദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും എന്നീ നിലകളിൽ പ്രവർത്തിച്ചു 1994 മുതൽ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം ) എന്ന പരിപാടിയിൽ സക്കറിയയുമായി സഹഅവതാരകനായും പ്രവർത്തിച്ചു.

1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. പിതാവ് ഏ.കെ ഭാസ്‌കർ ഈഴവ നേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഈ പഠന മികവുമായാണ് മാധ്യമ ലോകത്തെ ബിആർപി കീഴടക്കിയത്.