- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ചവർക്ക് കണ്ണീരോടെ വിടചൊല്ലി ജന്മനാട്
തിരുവനന്തപുരം: കുവൈത്തിലെ മാൻഗഫ് തീപിടുത്ത ദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവർക്ക് കണ്ണീരോടെ വിടനൽകി ജന്മനാട്. തൃശ്ശൂർ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശി സുമേഷ്, തിരൂർ സ്വദേശി നൂഹ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ, കൊല്ലം സ്വദേശി ഷമീർ, മലപ്പുറം പുലാമന്തോൾ സ്വദേശി എംപി. ബാഹുലേയൻ, ചാവക്കാട് സ്വദേശി ബിനോയ് തോമസ് എന്നിവരുടെ സംസ്കാരം പൂർത്തിയായി. അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിച്ചേർന്നത്.
നെടുമങ്ങാട് സ്വദേശി അരുൺ ബാബുവിന്റെ സംസ്കാരം അദ്ദേഹം പുതുതായി പണികഴിപ്പിച്ചുകൊണ്ടിരുന്ന വീട്ടുവളപ്പിലാണ് നടന്നത്. മൃതദേഹം ആദ്യം പൂവത്തൂരിലെ ഭാര്യവീട്ടിൽ എത്തിച്ച ശേഷം ഉഴമലയ്ക്കലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു അരുൺ ബാബു. ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അന്ത്യാഭിവാദ്യം അർപ്പിച്ചു.
ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം കുന്നംകുളത്തെ സെമിത്തേരിയിൽ സംസ്കരിച്ചു. ഒരു വീടെന്ന സ്വപ്നം ബാക്കിവെച്ച് പോയ ബിനോയിക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ഒരാഴ്ച മുൻപാണ് ബിനോയ് തോമസ് ജോലി തേടി കുവൈത്തിലേക്ക് പോയത്. ബിനോയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറ് കണക്കിനാളുകളാണ് ഇവിടേക്കെത്തിയത്.
മരണം എത്തുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ബിനോയ് തോമസും ഭാര്യ ജനിതയും വാട്സാപ്പിൽ സംസാരിച്ചിരുന്നു. ബിനോയ് ഉറങ്ങിപ്പോയതാണെന്ന് കരുതി ഭാര്യ കിടന്നുറങ്ങി. അപകട വിവരമറിഞ്ഞ് ജനിത ബിനോയിയെ ഫോണിലേക്ക് നിരന്തരം വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. അപ്പോഴേക്കും കുവൈത്ത് ദുരന്തത്തിന്റെ കൂടുതൽ വിവരങ്ങൾ അറിഞ്ഞു തുടങ്ങിയിരുന്നു.
ആശങ്കയോടെ നാട്ടിലെ പൊതുപ്രവർത്തകരെ ജനിത വിവരമറിയിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ പട്ടികയിൽ ബിനോയ് ഇല്ലെന്ന് അറിഞ്ഞതോടെ എവിടെയെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടാകും എന്ന് ആശ്വസിച്ചു. എന്നാൽ ബിനോയുടെ മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്ന് സുഹൃത്തിന്റെ ഫോൺ സന്ദേശം എത്തിയതോടെ ജനിതയെയും മക്കളായ ആദിയെയും ഇയാനെയും ആശ്വസിപ്പിക്കാനാവാതെ വാക്കുകൾ തോറ്റുപിന്മാറി.
കഴിഞ്ഞ ബുധനാഴ്ചയാണ് ബിനോയി നല്ലൊരു ജീവിതം സ്വപ്നം കണ്ട് കുവൈത്തിലേക്ക് വിമാനം കയറിയത്. ചേതനയറ്റ ശരീരമായാണ് ബിനോയ് തിരിച്ചുവന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗുരുവായൂർ എംഎൽഎ എൻകെ അക്ബർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക മത നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ തെക്കൻ പാലയൂരിലെ വീട്ടിൽ എത്തി.
വീട്ടിലെ ശുശ്രൂഷ ചടങ്ങുകൾ പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ ബിനോയ് തോമസിന്റെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കുന്നംകുളം വി നാഗൽ ഗാർഡൻ ബറിയൽ ഗ്രൗണ്ട് സെമിത്തേരിയിൽ എത്തിച്ചു. തിരുവല്ലയിൽ നിന്ന് ബിനോയ് തോമസിന്റെ കുടുംബാംഗങ്ങളും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
24 മലയാളികൾ അടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി കുവൈത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം രാവിലെ 10. 28 നാണ് നെടുമ്പാശേരിയിൽ ഇറങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 11.45 ന് മൃതദേഹം ഒന്നിച്ച് പുറത്തെത്തിച്ചപ്പോൾ അത്രനേരം അടക്കിപ്പിടിച്ച ഉറ്റവരുടെ സങ്കടം അണപൊട്ടി. തമിഴ്നാട്ടുകാരായ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും മൃതദേഹവും കൊച്ചിയിൽ ഇറക്കി അതാത് സംസ്ഥാനങ്ങൾക്ക് കൈമാറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് കുവൈത്തിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭംഗങ്ങൾ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ മൃതദേഹത്തിൽ ആദരമർപ്പിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യസമില്ലാതെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാന്ത്വനവുമായി ഒഴുകിയെത്തി. ഓരോ മൃതദേഹവും പ്രത്യേകം ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ വീടുകളിലേക്ക് കൊണ്ടുപോയി. രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഉറ്റവരുടെ കണ്ണീരും വിലാപങ്ങളും ആരുടേയും ഹൃദയം തകർക്കുന്നതായിരുന്നു.
രാവിലെ 8.30 ന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും 10.25 നാണ് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ സി 130ജെ ട്രാൻസ്പോർട് വിമാനം നെടുമ്പാശേരിയിൽ എത്തുന്നത്. അപ്പോഴേക്കും കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം വിമാനത്താവളത്തിലെത്തിയിരുന്നു.
10.40 ന് മുഖ്യമന്ത്രി എത്തി. അതിനു മുൻപേ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പി.രാജീവ്, കെ.രാജൻ, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, തമിഴ്നാട് ന്യൂനപക്ഷക്ഷേമ മന്ത്രി കെ.എസ്.മസ്താൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ ആന്റോ ആന്റണി, കെ.രാധാകൃഷ്ണൻ, ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ ടി.െജ.വിനോദ്, അൻവർ സാദത്ത്, മാണി സി.കാപ്പൻ, മോൻസ് ജോർജ്, റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുൻ കേന്ദ്രമന്ത്രിമാരായ പി.സി.തോമസ്, വി.മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ബന്ധുക്കളെ ആശ്വസിപ്പിച്ച് സ്ഥലത്തുണ്ടായിരുന്നു.
ഇതിനിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ തുടങ്ങിയവരും എത്തിച്ചേർന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 31 മൃതദേഹങ്ങൾ കാർഗോ വിഭാഗത്തിലെ ഹാളിലെത്തിച്ചു. അവിടെനിന്ന് 11.40ഓടെ തിരുവനന്തപുരം സ്വദേശി അരുൺ ബാബുവിന്റെ ചേതനയറ്റ ശരീരം ആദ്യം പൊതുദർശന വേദിയിലേക്ക്. മുഖ്യമന്ത്രി, തമിഴ്നാട് മന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ വെളുത്ത പൂക്കൾ തുന്നിയ റീത്തുകൾ സമർപ്പിച്ച് ആദരാഞ്ജലിയർപ്പിച്ചു. മരിച്ച 23 മലയാളികളുടേയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹത്തിൽ മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ച ശേഷം പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ.
12.30 ഓടെ മൃതദേഹങ്ങൾ വഹിച്ചുള്ള ആംബുലൻസുകളും അകടമ്പടിയായുള്ള പൊലീസ് വാഹനങ്ങളും വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക്. തമിഴ്നാട്ടിൽ നിന്നെത്തിയ ആംബുലൻസുകൾക്ക് കേരള അതിർത്തി വരെ പൊലീസിന്റെ അകമ്പടി. ഒരു മണിയോടെ മുഴുവൻ ആംബുലൻസുകളും മരിച്ചവരുടെ ജന്മനാടുകളിലേക്കു യാത്രയായി.