മഴനിയമത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഫ്രാങ്ക് ഡക്ക്വർത്ത് അന്തരിച്ചു
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂയോർക്ക്: പ്രശസ്ത സ്റ്റാറ്റിസ്റ്റിഷ്യനും ക്രിക്കറ്റിലെ മഴ നിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളുമായ ഫ്രാങ്ക് ഡക്ക്വർത്ത് (84) അന്തരിച്ചു. മഴമൂലം തടസപ്പെടുന്ന കളികളിൽ വിജയികളെ കണ്ടെത്താനാണ് സുഹൃത്തായ ടോണി ലൂയിസുമായി ചേർന്ന് 'ഡക്വർത്ത്ലൂയിസ്' എന്ന മഴ നിയമം ആവിഷ്ക്കരിച്ചത്. 1997ലാണ് ഈ നിയമം ആദ്യമായി നടപ്പിലാക്കിയത്. 1999ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഔദ്യോഗികമായി അംഗീകരിച്ചു.
2014ൽ ഇവരുടെ മഴനിയമത്തിൽ ഓസ്ട്രേലിയൻ പ്രഫസറായ സ്റ്റീവൻ സ്റ്റേൺ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി. ആധുനിക സ്കോറിങ് രീതികളുമായി കൂടുതൽ ചേർന്നുപോകുന്ന മാറ്റങ്ങളാണ് സ്റ്റീവൻ സ്റ്റേൺ വരുത്തിയത്. തുടർന്ന്, ഡക്വർത്ത് ലൂയിസ് എന്ന പേരിനൊപ്പം സ്റ്റീവൻ സ്റ്റേണിന്റെ പേരുകൂടി ചേർക്കപ്പെട്ടു. അങ്ങനെയാണ് ഇപ്പോഴത്തെ മഴനിയമം 'ഡിഎൽഎസ്' എന്ന് അറിയിപ്പെടുന്നത്. ലൂയിസ് 2020ൽ തന്റെ 78-ാം വയസ്സിലാണ് അന്തരിച്ചത്.
1997ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡിഎൽഎസ് നിയമം ആദ്യമായി ഉപയോഗിക്കുന്നത്. 2001ൽ മഴമൂലം ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരുന്ന മത്സരങ്ങളിൽ പുതിയ വിജയലക്ഷ്യം തീരുമാനിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് രീതിയായി ഐസിസി ഔദ്യോഗികമായി അംഗീകരിച്ചു. ഹരാരെയിൽ സിംബാബ്വെ-ഇംഗ്ലണ്ട് ഏകദിന മത്സരത്തിലാണ് ഡിഎൽഎസ് നിയമം ആദ്യമായി ഉപയോഗിച്ചത്.
ഈ നിയമത്തിനെതിരെ ഏറെ വിമർശനങ്ങളുണ്ടെങ്കിലും ഇതിനേക്കാൾ മികച്ച മറ്റൊരു ഉപാധിയില്ലാത്തതിനാൽ തന്നെ മറിച്ചൊരു ചിന്തക്ക് ഐ.സി.സി ഇനിയും ഇടം നൽകിയിട്ടില്ല. ഇന്ന് അഫ്ഗാനും ബംഗ്ലാദേശും ട്വന്റി 20 ലോകകപ്പിൽ നടന്ന നിർണായക മത്സരത്തിലും വിജയിയെ തീരുമാനിച്ചതിൽ ഈ നിയമത്തിന് വലിയ റോളുണ്ടായിരുന്നു. നിയമപ്രകാരമുള്ള തോൽവി ഒഴിവാക്കാനായി സമയം വൈകിപ്പിക്കുന്ന അഫ്ഗാൻ താരങ്ങളെയും മൈതാനത്ത് കണ്ടു.
ക്രിക്കറ്റ് മത്സരങ്ങളിൽ മഴ വില്ലനായി വരുന്ന സാഹചര്യത്തിലാണ് വിജയികളെ കണ്ടെത്താൻ പ്രത്യേക നിയമം പ്രയോഗിച്ചു തുടങ്ങിയത്. 1992 ലോകകപ്പിലെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക സെമി മത്സരമാണ് മഴ വില്ലനായ ഏറ്റവും നാടകീയ മത്സരം. 4 വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 13 പന്തിൽ 22 റൺസ് വേണമെന്നിരിക്കെ മഴയെത്തി.
ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം പിന്നീട് 7 പന്തിൽ 22 റൺസായി പുനർനിശ്ചയിച്ചു. ഒടുവിൽ ഒരു പന്തിൽ 22 റൺസായി ഇതു മാറി. ദക്ഷിണാഫ്രിക്ക 20 റൺസിനു തോറ്റു. ഇതിലെ അപാകത വ്യക്തമായതോടെയാണ് ഫ്രാങ്ക് ഡക്വർത്ത്, ടോണി ലൂയിസ് എന്നിവർ ചേർന്ന് ഡക്വർത്ത് ലൂയിസ് നിയമം രൂപകൽപന ചെയ്തത്.