കൊല്ലം: ഏഴ് മാസം ഗർഭിണിയായ ഭാര്യയേയും അഞ്ചുവയസുള്ള മകളെയും തനിച്ചാക്കിയാണ് നിബിൻ യാത്രയായത്. ഇസ്രയേലിൽ നടന്ന ഷെല്ലാക്രമണത്തിലാണ് കൊല്ലം സ്വദേശിയായ നിബിൻ മാക്‌സ് വെൽ(31) കൊല്ലപ്പെട്ടത്. കാർഷിക മേഖലയിലായിരുന്നു ജോലി. കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകനാണ്. രണ്ടു മാസം മുൻപാണ് നിബിൻ ഇസ്രയേലിലേക്ക് പോയത്. നിബിന്റെ സഹോദരൻ നിവിനും ഇസ്രയേലിലാണ്.

നിബിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളികൾ അടക്കം ഏഴു പേർക്ക് പരിക്കേറ്റയായും റിപ്പോർട്ടുണ്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരിക്കേറ്റ മലയാളികൾ. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവർ ചികിത്സയിലാണ്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. മർഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെൽ പതിച്ചത്. മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

നല്ല ശമ്പളം, മെച്ചപ്പെട്ട ജീവിതസാഹചര്യവും പ്രതീക്ഷിച്ചാണ് നിബിൻ മാക്സ്വെൽ ജോസഫിനും പോൾ മെൽവിനും ഒപ്പം ഇസ്രയേലിലേക്ക് പറന്നത്. എന്നാൽ, ഇന്നലെ വൈകുന്നേരം എത്തിയ ഫോൺ കോൾ ആ പ്രതീക്ഷകളെ തകിടം മറിച്ചു. 'മൂത്തമോനാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അപകടം പറ്റിയെന്നാണ് പറഞ്ഞത്. പിന്നെ ഞാനറിയുന്നത് മകന്റെ മരണവാർത്തയാണ്. രാത്രി പന്ത്രണ്ടര, പന്ത്രണ്ടേമുക്കാലോടെയാണ് മരണവാർത്ത അറിഞ്ഞത്', നിബിന്റെ പിതാവ് പത്രോസ് പറഞ്ഞു.

വൈകീട്ട് നാലരയോടെയാണ് നിബിന് പരിക്കേറ്റ വിവരം വീട്ടിലറിയുന്നത്. അപകടത്തിൽ പരിക്കേറ്റുവെന്നാണ് ഇസ്രയേലിൽതന്നെ ജോലിചെയ്യുന്ന സഹോദരൻ നിവിൻ ആദ്യം പറഞ്ഞത്. നിബിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാലുദിവസത്തിനകം ഇന്ത്യയിലെത്തിക്കും. ഇതിനായി ഇസ്രയേലിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുവെന്നും നിവിൻ പറഞ്ഞു. ആക്രമണത്തിന് തൊട്ടുമുമ്പ് നിബിൻ പിതാവുമായി ഫോണിൽ സംസാരിച്ചിരുന്നു. വടക്കൻ ഇസ്രയേലിലെ സ്ഥിതിഗതികളെ കുറിച്ചുള്ള ആശങ്ക മകനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. കൂടുതൽ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് നിബിൻ മറുപടി പറഞ്ഞത്.

മുഖത്തും ശരീരത്തിലും പരിക്കേറ്റ ജോസഫ് ജോർജ് ബെയ്‌ലിൻസൺ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിച്ചുവരുന്നുവെന്നാണ് വിവരം. ഇദ്ദേഹം നാട്ടിൽ കുടുംബത്തോട് സംസാരിച്ചു. പോൾ മെൽവിൻ സീവ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. അക്രമണത്തിന് പിന്നിൽ ഷിയ ഹിസ്ബുള്ള വിഭാഗമാണെന്നാണ് വിവരം.