പത്തനംതിട്ട: വെള്ളിയാഴ്ച വരെ കാത്തുനിൽക്കാതെ നിസാം റാവുത്തർ വിടവാങ്ങി. ' ഒരു സർക്കാർ ഉത്പന്നം' സിനിമ മറ്റന്നാൾ റിലീസ് ചെയ്യാനിരിക്കെയാണ് തിരക്കഥാകൃത്തായ നിസാം റാവുത്തറുടെ (49) അന്ത്യം. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയിൽ വച്ച് ഹൃദയാഘാതം നിമിത്തമാണ് മരണം. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു.

പുതിയ ചിത്രത്തിന്റെ പ്രമോ വീഡിയോ ഉൾപ്പെടെ പങ്കുവച്ച് ഇന്നലെ രാത്രി വൈകിയും സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു. ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു.

'ഒരു ഭാരത സർക്കാർ ഉൽപന്നം' എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രത്തിൽനിന്ന് 'ഭാരതം' എന്നതു നീക്കണമെന്ന സെൻസർ ബോർഡ് നിർദ്ദേശം വിവാദമായിരുന്നു. അതിനിടെയാണ് നിസാമിന്റെ അപ്രതീക്ഷിത വേർപാട്. ഔദ്യോഗിക ജീവിതത്തിൽ കൂടുതലും കാസർകോട് കേന്ദ്രീകരിച്ചായിരുന്നു നിസാമിന്റെ പ്രവർത്തനം. എൻഡോസൾഫാൻ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. അനീഷ് അൻവർ സംവിധാനം ചെയ്ത 'സക്കറിയയുടെ ഗർഭിണികൾ' എന്ന ചിത്രത്തിൽ നിസാം റാവുത്തറും തിരക്കഥാ പങ്കാളിയായിരുന്നു. 'ബോംബെ മിഠായി', റേഡിയോ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ.