- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമിനി ശങ്കരൻ ഇനി ഇന്ത്യൻ സർക്കസിലെ ഒളിമങ്ങാത്ത ചരിത്രം; തമ്പിലെ കുലപതിയെ പയ്യാമ്പലം തീരത്തെ അഗ്നിജ്വാലകൾ ഏറ്റുവാങ്ങി
കണ്ണൂർ: തലശേരിയുടെ മണ്ണിൽ നിന്നും ഉദിച്ചുയർന്ന് ഇന്ത്യൻ സർക്കസ് കുലപതിയായ ജമിനി ശങ്കരൻ(99) ഒടുവിൽ മരണത്തിലൂടെ മായാത്ത ചരിത്രമായി മാറി. നിരവധി മഹാരഥന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തിലെ കടൽത്തീരത്താണ് ഈ പ്രതിഭ ഓർമ്മയായി മാറിയത്. ഒരുകാലഘട്ടത്തിൽ ഇന്ത്യൻതമ്പുകളെ ത്രസിപ്പിച്ച കണ്ണൂരിന്റെ സർക്കസ് ഖ്യാതി വിദേശരാജ്യങ്ങളിൽവരെ എത്തിച്ച ജമിനി ശങ്കരന്റെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്നതിന് സാക്ഷികളായി സമൂഹത്തിന്റെ വിവിധതുറകളിലുള്ള നൂറുകണക്കിനാളുകൾ എത്തിയിരുന്നു.
ധീരദേശാഭിമാനികളും സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്ത്യനിദ്രനടത്തുന്ന പയ്യാമ്പലം തീരത്ത് തന്നെയാണ് ജമിനി ശങ്കരനും ചിതയൊരുക്കിയത്. മക്കളായ അജയ് ശങ്കർ, അശോക് ശങ്കർ എന്നിവരാണ് ചിതയ്ക്കു തീകൊളുത്തിയത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം നടന്നത്. സി. പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനും ഗോകുലം ഗോപാലനുമാണ് ശവമഞ്ചവുമായി പയ്യാമ്പലത്ത് എത്തിയത്.
സാമൂഹ്യസാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ വലിയ നിര ജെമിനി ശങ്കരന് അന്ത്യയാത്രയേകാനെത്തിയിരുന്നു ചൊവ്വാഴ്‌ച്ച രാവിലെ പതിനൊന്നുമണിയോടെ വീട്ടിൽ നിന്നെടുത്ത മൃതദേഹം 11.40-നാണ് പയ്യാമ്പലത്ത് എത്തിച്ചത്. സർക്കസ് കുലപതിയോടുള്ള നാടിന്റെ ആദരവ് വിളംബരം ചെയ്തുകൊണ്ടു പൊലിസ് ബ്യൂഗിൾ മുഴക്കി ആകാശത്തേക്ക ്വെടിയുതിർത്തു.
സംസ്ഥാന സർക്കാരിന്റെ മരണാനന്തരബഹുമതി ചടങ്ങുകൾക്കു ശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മൂത്തമകൻ അജയ്ശങ്കർ,അശോക് ശങ്കർ, കൊച്ചു മക്കളായ ഡോ. അർജ്ജുൻ അജയ് ശങ്കർ, ഇഷാൻ സുജിത്ത് എന്നിവർ ചേർന്ന് ചിതയ്ക്ക് കൊളുത്തി. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ, എൽ.ഡി. എഫ് കൺവീനർ ഇ.പി. ജയരാജൻ, ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, എ. ദാമോദരൻ, യു.ടി. ജയന്തൻ, അരുൺ കൈതപ്രം, ഗോകുലം ഗോപാലൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ദേവസ്യ മേച്ചേരി തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
തുടർന്ന് പയ്യാമ്പലത്ത് ചേർന്ന അനുശോചന യോഗത്തിൽ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, വി ശിവദാസൻ എംപി, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭൻ, മാർട്ടിൻ ജോർജ്ജ്, സി.എൻ. ചന്ദ്രൻ, ഗോകുലം ഗോപാലൻ, ജോയി കൊന്നക്കൽ, എംപി. മുരളി, പി.പി. ദിവാകരൻ, ജോസ് ചെമ്പേരി, ടി.കെ. രാജേന്ദ്രൻ, ടി.കെ. രമേശ്, പി.കെ. ഗോപാലകൃഷ്ണൻ, രവി പനക്കാട് എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു. കെ.വി. സുമേഷ് എംഎൽഎ സ്വാഗതം പറഞ്ഞു.