കോഴിക്കോട്: മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ (91) അന്തരിച്ചു. കോഴിക്കോട്ടായിരുന്നു അന്ത്യം. കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്നു. മൂന്ന് വർഷത്തോളം എൻ.സി.പി. സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. കൽപറ്റയിൽ കെ.കെ. അബുവിനെ തോൽപിച്ചായിരുന്നു തുടക്കം. തുടർന്ന് തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. ഒരിടവേളക്കുശേഷം 1991ൽ തിരുവമ്പാടിയിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. എന്നാൽ തോൽവിയായിരുന്നു ഫലം. 1996ലും 2001ലും തോറ്റതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി.

കോൺഗ്രസിൽ നിന്ന് തെറ്റി എൻസിപിയിലേക്ക് പോയ സിറിയക്‌ജോൺ മൂന്ന് വർഷം സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തി. എന്നാൽ, 2007ൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താമരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെപിസിസി., കെപിസിസി. എക്‌സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.

പാലാ മരങ്ങാട്ടുപള്ളിക്കടുത്ത് കടപ്ലാമറ്റം ജോണിന്റെയും മറിയമ്മയുടെയും മകനായി 1933 ജൂൺ 11-ന് ജനിച്ചു. എസ്.എസ്.എൽ.സി. വരെയുള്ള പഠനത്തിനുശേഷം കുടുംബം കട്ടിപ്പാറയിലേക്ക് കുടിയേറിയപ്പോൾ അച്ഛനോടൊപ്പം കാർഷികവൃത്തിയിൽ ഏർപ്പെട്ടു. പ്രദേശത്തെ പിന്നാക്കാവസ്ഥ ഉയർത്തിക്കാട്ടി പൊതുകാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചതിനു പിന്നാലെ കോൺഗ്രസിന്റെ താമരശ്ശേരി മണ്ഡലം പ്രസിഡന്റായി.

പിന്നീട് കെപിസിസി.അംഗം, കെപിസിസി. നിർവാഹകസമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. എൻ.പി. അബു സാഹിബ് സ്മാരക പുരസ്‌കാരം, മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക പുരസ്‌കാരം തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: കണ്ണോത്ത് വരിക്കമാക്കൽ അന്നക്കുട്ടി. മക്കൾ: പി.സി. ബാബു (ബിസിനസ്, മംഗളൂരു), പി.സി. ബീന, പി.സി. മിനി, മനോജ് സിറിയക് (കട്ടിപ്പാറ), വിനോദ് സിറിയക് (ആർക്കിടെക്റ്റ്, കോഴിക്കോട്). മരുമക്കൾ: സിൻസി ബാബു, ജോയി തോമസ് (റിട്ട. പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ്
എൻജിനീയർ), ജോസ് മേൽവട്ടം (പ്ലാന്റർ, പുതുപ്പാടി), അനിത (ആർക്കിടെക്റ്റ്). സഹോദരങ്ങൾ: പി.ജെ. മാത്യു, ഏലിക്കുട്ടി മാത്യു, മേരി.