തിരുവനന്തപുരം: ആരായിരുന്നു ഉമ്മൻ ചാണ്ടി ഇതിന് തെളിവാണ് ഈ വിലാപ യാത്ര. കേഡർ പ്രസ്ഥാനമല്ല കോൺഗ്രസ്. അണികളെ അഹ്വാനം ചെയ്ത് അണിനിരത്തുന്ന പാർട്ടിയുമല്ല. എന്നിട്ടും ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ എംസി റോഡിന്റെ ഇരുവശത്തും ആളുകൾ തടച്ചു കൂടി. പ്രായം മറന്ന് മഴ വകവയ്ക്കാതെ അവരെത്തി. ഏഴു മാസം പ്രായമുള്ള കുട്ടിയേയും മാറോട് ചേർത്ത് ഉമ്മൻ ചാണ്ടിയെ കാത്ത് നിന്ന അമ്മ; നേതാവിന്റെ അവസാന ജനസമ്പർക്കാണ് ഇത്. കൈയുർത്തി കാണിക്കുന്ന നേതാവല്ല ബസിലുള്ളത്. നിത്യതയുടെ ശാന്തയിലാണ് ഉമ്മൻ ചാണ്ടി. എംസി റോഡിന് ഇരുവശവും മനുഷ്യ മതിലാണ് ജനങ്ങൾ ജനനായകന് വേണ്ടി തീർക്കുന്നത്. സാധാരണ നടപ്പ് വേഗം പോലുമില്ലാതെ ആ ബസ് നീങ്ങുകയാണ്. എപ്പോൾ ഈ യാത്ര തിരുന്നക്കരയിൽ എത്തുമെന്ന് ആർക്കും അറിയില്ല. കോട്ടയത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ സമാനതകളില്ലാത്ത ജനക്കൂട്ടം റോഡിന് ഇരുവശവും എത്തുമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരത്ത് പുതുപ്പള്ളി വീട്ടിൽ നിന്നാണ് വിലാപ യാത്ര തുടങ്ങിയത്. കോട്ടയത്തെ പുതുപ്പള്ളിയാണ് ലക്ഷ്യം. അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യം മലയാളിക്ക് നൽകിയ നേതാവാണ് ഉമ്മൻ ചാണ്ടി. വേഗത ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ അന്ത്യയാത്രയിൽ അത്രവേഗം കടന്നു പോകാൻ പ്രിയ നേതാവിനെ സാധാരണക്കാർ അനുവദിക്കുന്നില്ല. അവർ കണ്ണുകൾ തുടച്ച് ആ നേതാവിന് അവസാന യാത്ര നൽകുന്നു. വാഹനം നിർത്തുന്നില്ല. എന്നാൽ ചില്ലിട്ട ബസിലുടെ ഉമ്മൻ ചാണ്ടിയെ ഏവരേയും കാണാം. കണ്ണീരുമായി ഇരിക്കുന്ന കുടുംബത്തേയും കോൺഗ്രസ് നേതാക്കളേയും കാണാം. ചിലയിടത്ത് വാഹനം നിർത്തും. അവിടെ മണിക്കൂറുകൾ എടുക്കും ബസിന് പിന്നീട് മുമ്പോട്ട് പോകാനെന്നതാണ് അവസ്ഥ.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 7.20ന് തലസ്ഥാനത്തു നിന്നും ആരംഭിച്ചെങ്കിലും രണ്ടു മണിക്കൂറിനിപ്പുറവും കേശവദാസപുരം കടന്നിട്ടില്ല. വഴിനീളേ ആയിരക്കണക്കിനാളുകൾ പൂക്കളും കണ്ണീരുമായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ കാത്തുനിൽക്കുന്നതിനാലാണത്. അവരുടെ സ്നേഹം മറികടന്ന് 'അതിവേഗം ബഹുദൂരം' സഞ്ചരിക്കാൻ ബസിന് കഴിയുന്നില്ല. അന്ത്യജ്ഞലി അർപ്പിക്കാൻ എത്തിയവരിൽ വിദ്യാർത്ഥികളും ശാരീരിക ക്ഷമതയില്ലാത്തവരും നിരാലംബരുമൊക്കെയുണ്ട്. വഴിയിൽ കാത്തുനിൽക്കുന്ന മിക്കവർക്കും പലതും പറയാനുണ്ട്. വിലാപ യാത്ര എപ്പോൾ കോട്ടയം തിരുനക്കരയിൽ എത്തുമെന്ന് ആർക്കും പിടിത്തമില്ല.

തിരുവനന്തപുരത്തിനൊ കോട്ടയത്തിനൊ മാത്രം പ്രിയപ്പെട്ടവനല്ല ഉമ്മൻ ചാണ്ടി എന്ന നേതാവ്. പുതുപ്പള്ളിക്കാർ തങ്ങളുടെ കുഞ്ഞൂഞ്ഞ് എന്ന് പറയുമ്പോഴും അദ്ദേഹം കേരളത്തിന്റെ ആകെ സ്വന്തം ജനനായകനായിരുന്നു. അത് വിലാപയാത്രയിലും ദൃശ്യമാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എല്ലായിടങ്ങളിലും ആയിരമായിരം ആളുകൾ ഇപ്പോഴേ കാത്തു നിൽക്കുന്നുണ്ട്. വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമ്പോൾ സമയക്രമത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ മാറും.

നിയമസഭാ സമാജികനായും, മന്ത്രിയായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അഞ്ച് പതിറ്റാണ്ട് കേരളക്കരയിലുണ്ടായിരുന്ന ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച പുലർച്ചെ 4.25നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. തുടർന്ന് ബംഗളുരുവിൽ നിന്നും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വിലാപയാത്രയായി ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ചിരുന്നു.

എ.കെ. ആൻണി, വി എം. സുധീരൻ അടക്കമുള്ള നിരവധി സഹപ്രവർത്തകരും സാധാണക്കാരും ഏറെ വൈകാരികമായാണ് അവിടെ കാണപ്പെട്ടത്. ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ആർ ബിന്ദു, റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവർ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു.