പുതുപ്പള്ളി: ജനസേവകനായി ജനലക്ഷങ്ങൾക്ക് കാരുണ്യം അരുളിയ ഉമ്മൻ ചാണ്ടിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി. നിറകണ്ണുകളോടെ ഉമ്മൻ ചാണ്ടിക്ക് നാട് യാത്രമൊഴി ചൊല്ലകയാണ്. പൊതുദർശനം പൂർത്തിയാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശവസംസ്‌കാര ശുശ്രൂഷകളുടെ അവസാന ഭാഗം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പുരോഗമിക്കുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കുന്നു. കർദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.

എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെ ആംബുലൻസിനൊപ്പം നടന്നെത്തി. അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയും വിലാപയാത്രയുടെ ഭാഗമായി. ജനനേതാവിന് ആദരാജ്ഞലി അർപ്പിച്ചു രാഹുൽ ഗാന്ധി മടങ്ങി. ഇതിനു ശേഷമായിരുന്നു അന്തിമ ശുശ്രൂഷാ ചടങ്ങുകൾ നടന്നത്.

ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർത്ഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ ഉള്ളവർ വിലാപ യാത്രയിൽ പങ്കെടുത്തു. അക്ഷര നഗരിയിൽ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് ഉമ്മൻ ചാണ്ടി തന്റെ സ്വന്തം പുതുപ്പള്ളിയിലെത്തിയത്.

പ്രിയപ്പെട്ട തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളി ജംങ്ഷനിലെത്തിയത്. തിരുനക്കരയിൽ നിന്നും പുതുപ്പള്‌ലിയിലേക്കുള്ള യാത്രയും വികാരനിർഭരമായിരുന്നു. അണമുറിയാത്ത ജനപ്രവാഹം ആൾക്കടലായി മാറിയ വഴികളിലൂടെ നാടിന്റെ സ്‌നേഹവായ്പുകൾക്ക് നടുവിലൂടെയാണ് മുൻ മുഖ്യമന്ത്രിയുടെ അന്ത്യയാത്ര പുതുപ്പള്ളിയിൽ എത്തിയത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബംഗാൾ ഗവർണർ സിവി ആനന്ദബോസ്, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങൾ ഉൾപ്പടെ ലക്ഷക്കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു.

കോട്ടയം ഡിസിസി ഓഫിസിൽ വിലാപയാത്ര എത്തിയപ്പോൾ ഉമ്മൻ ചാണ്ടിക്ക് അശ്രുപൂജ അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു. ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.ജന സമ്പർക്കത്തിൽ ജീവിച്ച ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തിൽ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലർച്ചെ 5.30നാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.