കോട്ടയം: എല്ലാ അർത്ഥത്തിലും അപൂർവ്വതകൾ നിറഞ്ഞതായിരുൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങൽ. മൂന്ന് ദിവസം നീണ്ടു നിന്ന വിലാപയാത്ര തന്നെയായിരുന്നു ഇതിൽ ഏറ്റവും വലിയ പ്രത്യേകത. എന്നും ജനക്കൂട്ടത്തിന്റെ നേതാവായിരുന്ന അദ്ദേഹത്തിന് അണമുറിയാത്ത ജനപ്രവാഹത്തോടെയാണ് മണ്ണിലേക്ക് മടക്കവും. ചൊവ്വാഴ്‌ച്ച രാവിലെ അന്തരിച്ച ഉമ്മൻ ചാണ്ടിയെ വ്യാഴ്‌ച്ച അർത്ഥരാത്രി 12 മണിയോടെയാണ് പുതുപ്പള്ളി പള്ളിയിൽ സംസ്‌ക്കരിച്ചത്.

ജനലക്ഷങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഇനി അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി ഈ ബഹുമതിയില്ലാതെ മണ്ണിലേക്ക് മടങ്ങുന്ന ആദ്യ മുഖ്യമന്ത്രിയുമായി.

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച സംസ്‌കാര ശുശ്രൂഷകൾ അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് പൂർത്തിയായത്. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ആലഞ്ചേരി അടക്കമുള്ള വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുത്തു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതന്മാരും അന്ത്യചടങ്ങിന്റെ ഭാഗമായി. പുതുപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിലെ പ്രത്യേക കല്ലറയിലായിരുന്നു ഉമ്മൻ ചാണ്ടിയും അന്ത്യവിശ്രമവും.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ജന്മനാട്ടിലേക്കെത്തിയപ്പോൾ അക്ഷരാർഥത്തിൽ പുതുപ്പള്ളി സങ്കടക്കടലായി. 35 മണിക്കൂറോളം നീണ്ട ആ വികാരഭരിതമായ യാത്ര ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ സ്നേഹത്തിന്റെ നേർസാക്ഷ്യമായി. കുഞ്ഞൂഞ്ഞ് ഇനി തങ്ങൾക്കൊപ്പമില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ പുതുപ്പള്ളിക്കാർ നിറകണ്ണുകളോടെ പ്രിയ നേതാവിന് വിടചൊല്ലി.

പ്രതീക്ഷയോടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയ പുതുപ്പള്ളിയിലെ ആ വീട്ടിലേക്ക് ഇന്ന് ദുഃഖം തിരയടിക്കുന്ന മനസ്സോടെയാണ് ജനസാഗരം ഒഴുകിയെത്തിയത്. ജനങ്ങളാൽ തിങ്ങിനിറഞ്ഞ വീഥിയിലൂടെ അവസാനമായി തറവാടായ കരോട്ട് വള്ളക്കാലിലേക്കെത്തിയ ഉമ്മൻ ചാണ്ടിയെ കുടുംബവും അണികളും നാട്ടുകാരും കണ്ണീരിലലിഞ്ഞ സ്നേഹാദരങ്ങളോടെ സ്വീകരിച്ചു. തറവാട്ടു വീട്ടിലെ പ്രാർത്ഥനകൾക്കുശേഷം വൈകീട്ട് ഏഴോടെ പുതുതായി പണിയുന്ന വീട്ടിൽ നടന്ന പൊതുദർശനത്തിനും നാനാഭാഗങ്ങളിൽനിന്നായി ആളുകൾ ഒഴുകിയെത്തി. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്കുകാണാനുള്ള അവസരം എല്ലാവർക്കും നൽകിയശേഷം രാത്രി എട്ടരയോടെയാണ് വിലാപയാത്ര പള്ളിയിലേക്ക് നീങ്ങിയത്.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഏഴരയോടെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുവരുന്നത് വരെ ഒരുമണിക്കൂറോളം കാത്തിരുന്ന് വിലാപയാത്രയ്‌ക്കൊപ്പമാണ് രാഹുൽ സംസ്‌കാര ചടങ്ങുകൾ നടക്കുന്നിടത്തേക്ക് എത്തിയത്. രാഹുലിനെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ തുടങ്ങിയവരുമടക്കം പ്രമുഖരുടെ നീണ്ടനിര അന്ത്യോപചാരം അർപ്പിക്കാൻ പള്ളിയിലെത്തി. കുടുംബം വേണ്ടെന്ന് അറിയിച്ചതിനാൽ ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടന്നതെങ്കിലും ജനലക്ഷങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി നൽകിയ അവിശ്വസനീയ യാത്രയയപ്പ് ബഹുമതികളേക്കാളെല്ലാം മുകളിലായി.

ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയിൽനിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുൻനിശ്ചയിച്ചതിൽനിന്ന് മണിക്കൂറുകളോളം വൈകിയായിരുന്നു അന്ത്യയാത്ര. അന്ത്യാഞ്ജലിയർപ്പിക്കാനുള്ള വലിയ ജനത്തിരക്ക് കണക്കിലെടുത്ത് സംസ്‌കാര ചടങ്ങ് രാത്രി ഏഴരയ്ക്ക് ശേഷം നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അനിയന്ത്രിതമായി ജനം ഒഴുകിയെത്തിയപ്പോൾ ഈ സമയക്രമം വീണ്ടുംതെറ്റി.

തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂർ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര 28 മണിക്കൂറോളം സമയമെടുത്ത് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തിരുനക്കരയിൽ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ സിനിമാ താരങ്ങളും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാൾ ഗവർണർ സിവി ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും തിരുനക്കരയിലെത്തി ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരമർപ്പിച്ചു.

വിലാപയാത്രയിലുടനീളം കൂടെയുണ്ടായിരുന്നു കുടുംബാംഗങ്ങളും സന്തതസഹചാരികളായ പാർട്ടി പ്രവർത്തകരും. വി.ഡി സതീശനും രമേശ് ചെന്നിത്തലയുമൊന്നും 'ചാണ്ടി സാറി'നടുത്ത് നിന്ന് മാറിയതേയില്ല. കരച്ചിലടക്കാൻ പാടു പെടുമ്പോഴും പ്രിയനേതാവിനെ കാണാനെത്തിയ ജനലക്ഷങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു അവർ. വഴിക്കിരുവശവും സ്നേഹാദരങ്ങളർപ്പിച്ച് നിന്ന ലക്ഷോപലക്ഷം ആളുകൾക്ക് മുന്നിൽ തൊഴുകൈകളോടെ നിന്നു മകൻ ചാണ്ടി ഉമ്മൻ.

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലുള്ളപ്പോൾ ആളുകളുടെ പരാതികൾ കേട്ടിരുന്നയിടമാണ് കരോട്ടുവള്ളിക്കാലിൽ വീട്. ആർത്തിരമ്പുന്ന ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു ഇന്നലെ തിരുവനന്തപുരം മുതൽ ഇന്ന് വൈകുന്നേരം പുതുപ്പള്ളി വരെ ഉമ്മൻ ചാണ്ടിയുടെ യാത്ര. നിശ്ചയിച്ചിരുന്ന സമയക്രമങ്ങളെല്ലാം ഇന്നലെ തന്നെ തെറ്റിയിരുന്നു.

തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ നാല് ജില്ലകൾ മാത്രമായിരുന്നു പിന്നിടാനുണ്ടായിരുന്നത്. എന്നാലിതിന് വേണ്ടി വന്നത് 35 മണിക്കൂർ. ഇന്നലെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞത് പോലെ, എത്ര നേതാക്കൾ നമ്മെ വിട്ടു പോയിട്ടുണ്ട്, പക്ഷേ ഇങ്ങനെയൊരു യാത്രയയപ്പ് ആർക്കൊക്കെ നൽകി? വെറുതേ ഒന്ന് കണ്ടു പോകാൻ വന്നവരായിരുന്നില്ല രാത്രി വൈകിയും വഴിയിൽ കാത്തു നിന്നവർ. അവർക്കൊക്കെയും എന്തെങ്കിലുമൊക്കെ പറയാനുണ്ടായിരുന്നു... ഉമ്മൻ ചാണ്ടി അവർക്ക് നൽകിയതിന്റെ, ഉമ്മൻ ചാണ്ടിക്കവർ നൽകിയതിന്റെ സ്നേഹത്തിന്റെയും പരിഗണനയുടെയും കഥകൾ. മൃതദേഹം വഹിക്കുന്ന വണ്ടിയിൽ പലരും കൈവെച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ചിലർ ക്ഷണനേരത്തിലൊന്ന് ചുംബിച്ചു. ആ വണ്ടിയിലുള്ളത് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി മാത്രമല്ലവർക്ക്, തങ്ങളുടെ കണ്ണീരു കണ്ട, മനസ്സറിഞ്ഞ പ്രിയനേതാവാണ്.

ആർത്തിരമ്പുന്ന ജനസാഗരം പുതിയ കാഴ്ചയായിരുന്നില്ല ഉമ്മൻ ചാണ്ടിക്ക്. തന്റെ രാഷ്ട്രീയജീവിതത്തിലുടനീളം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതും അത്തരം കാഴ്ചകളായിരുന്നു. ചുവപ്പു നാടയിൽ കുരുങ്ങിയ എത്രയെത്ര ജീവിതങ്ങളാണ് അദ്ദേഹം ഒരൊറ്റ ഒപ്പിൽ വേർപെടുത്തി എടുത്തത്. ഇന്നും ഉമ്മൻ ചാണ്ടിയെന്നാൽ ജനസമ്പർക്കം പരിപാടിയും ജനങ്ങൾക്ക് നടുവിലുള്ള അദ്ദേഹത്തിന്റെ ആ ഇരിപ്പുമാണ് മലയാളികൾക്ക്. അതുകൊണ്ടാണല്ലോ ഇത്തരത്തിലൊരു യാത്രാമൊഴി അദ്ദേഹത്തിന് മാത്രം ലഭിച്ചതും...

വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിന്നത് പതിനായിരങ്ങളാണ്. മണിക്കൂറുകൾ പിന്നിട്ടിട്ടും കാത്ത് നിന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നില്ല. പിന്നിട്ട വഴികളിലെല്ലാം സ്ത്രീകളും കുട്ടികളും ഉൾപ്പടെ പതിനായിരങ്ങൾ പ്രിയ കുഞ്ഞൂഞ്ഞിനെ കാണാൻ എത്തി. തിരുവനന്തപുരത്ത് നിന്നും കോട്ടയം തിരുനക്കര മൈതാനിയിലേക്കുള്ള ദൂരം 150 കിലോമീറ്ററാണ്. 20 മണിക്കൂറുകൾ പിന്നിട്ടപ്പോഴും താണ്ടാനായത് പകുതിയിലേറെ ദൂരം മാത്രമായിരുന്നു.

തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച രാവിലെ ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. കോട്ടയത്തെത്തുന്നത് വ്യാഴാഴ്ച രാവിലെ ആറുമണിക്ക് ശേഷവും... മണിക്കൂറുകൾ പിന്നിടുമ്പോഴും വൻജനാവലിയാണ് പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ തടിച്ച് കൂടിയത്. കേരളത്തിന്റെ തെരുവുകൾ കണ്ണീർ കടലായി മാറി. വികാര നിർഭരമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചായിരുന്നു ഓരോ സ്ഥലത്തും വിലാപയാത്ര കടന്നു പോയത്.. സൗമ്യമായ പുഞ്ചിരി തൂകിയ മുഖം ഇനിയില്ല എന്ന തിരിച്ചറിവിൽ കേരള ജനത റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വിങ്ങിപ്പൊട്ടി.

ഒടുവിൽ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുമ്പോൾ മുഴങ്ങിയത് കണ്ണേ കരളേ മുദ്രാവാക്യങ്ങളായും.. എന്നും ആൾക്കൂട്ടത്തിൽ ജീവിച്ച നേതാവിന്റെ മടക്കവും ആർത്തിരമ്പിയ മുദ്രാവാക്യം വിളികളോടെയായിരുന്നു...