കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ആയിരിക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം അര
നൂറ്റാണ്ട് കാലം പുതുപ്പള്ളിക്കാരുടെ എംഎൽഎയായി കഴിഞ്ഞതും. കേരളത്തിൽ മറ്റൊരു നേതാവിനും അവകാശപ്പെടാനില്ലാത്ത റെക്കോർഡാണ് എംഎൽഎ എന്ന നിലയിൽ ഉമ്മൻ ചാണ്ടി സ്വന്തമാക്കിയത്.

കരിങ്ങോഴക്കൽ മാണി മാണി എന്ന പാലാക്കാരുടെ സ്വന്തം മാണി സാറിന്റെ രാഷ്ട്രീയ റെക്കോർഡായിരുന്നു ഉമ്മൻ ചാണ്ടി മറികടന്നത്. അതേസമയം മന്ത്രിമാരിൽ 10-ാം സ്ഥാനവും മുഖ്യമന്ത്രിമാരിൽ നാലാം സ്ഥാനത്തുമാണ് ഉമ്മൻ ചാണ്ടി. 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മുഖ്യമന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ഉമ്മൻ ചാണ്ടി ചുമതലയേറ്റു.

വിവിധ മന്ത്രിസഭകളിലായി തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977-1978) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (1981-1982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (1991-1994) പ്രവർത്തിച്ചു.

എല്ലാ ഞായറാഴ്‌ച്ചകളിലും പുതുപ്പള്ളിയിൽ എത്തുക എന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ശൈലി. അതിൽ മുടക്കം വരുത്താതിരിക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുമ്പോഴും പുതുപ്പള്ളിയിൽ അദ്ദേഹം എത്തിയിരുന്നു. ആൾക്കുട്ടമായിരുന്നു അദ്ദേഹത്തിന് ആവേശവും ആശ്വാസവും ആയിരുന്നത്. ബംഗളുരുവിൽ ചികിത്സയിൽ കഴിയുമ്പോഴും പുതുപ്പള്ളിക്കാർ എത്തിയാൽ സന്തോഷിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

പുതുപ്പള്ളിക്കാരെ കാണുമ്പോൾ സകല ക്ഷീണവും മറന്ന അദ്ദേഹത്തിനു പഴയ ഉമ്മൻ ചാണ്ടിയാകാൻ നിമിഷങ്ങൾ മതിയായിരുന്നു. പുതുപ്പള്േളിക്ക് വേണ്ടി വികസന കാര്യത്തിലും ഉമ്മൻ ചാണ്ടി ഏറെ ശ്രദ്ധിച്ചിരുന്നു. മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ ഈ മൂന്നു ലോകപ്രശസ്തരുടെ ഓർമയ്ക്കായി സ്ഥാപനങ്ങളുണ്ട് പുതുപ്പള്ളി മണ്ഡലത്തിൽ. കോവിഡ് കാലത്ത് ഏറ്റവും ഉപകരിക്കപ്പെട്ട ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്‌പെഷൽറ്റി ഹോസ്പിറ്റൽ വർഷങ്ങൾക്കു മുൻപേ ആരംഭിച്ചതും ദീർഘ വീക്ഷണത്തോടെ. ആയിരുന്നു.

1991ൽ രാജീവ് ഗാന്ധിയുടെ മരണ ശേഷം ഇന്ത്യയിൽ അദ്ദേഹത്തിന്റെ പേരിൽ പ്രഖ്യാപിച്ച ആദ്യ ഇൻസ്റ്റിറ്റ്യൂട്ടാണു പാമ്പാടി വെള്ളൂരിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗവ. എൻജിനീയറിങ് കോളജ്. ഈ കോളജിന്റെ ഉദ്ഘാടകയായി സോണിയ ഗാന്ധിയെയാണ് ഉമ്മൻ ചാണ്ടി മനസ്സിൽ കണ്ടത്. അതു സാധ്യമായില്ല. അതുകൊണ്ടു കോളജിൽ പല പരിപാടികൾക്കു ക്ഷണിച്ചെങ്കിലും ഉമ്മൻ ചാണ്ടി പോയതുമില്ല. ഒടുവിൽ കോളജിന്റെ ഉദ്ഘാടനവും രജതജൂബിലി ആഘോഷവും ഒരുമിച്ചു സോണിയ ഗാന്ധി നിർവഹിച്ചു 2015ൽ.

അകലക്കുന്നം പഞ്ചായത്തിലെ തെക്കുംതലയുടെ തലയെടുപ്പാണ് കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സ് എന്ന സ്ഥാപനം. ഉദ്ഘാടനം ചെയ്തത് മുൻഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി. കാടു പിടിച്ചു കിടന്ന പഴയ സർക്കാർ സ്‌കൂളും പുരയിടവും ഇന്നു ഫിലിം സിറ്റിയാണ്.

വിഖ്യാത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മവാർഷികത്തിൽ രാജ്യത്തിനുള്ള സമ്മാനമായിരുന്നു ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ്. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ മേൽനോട്ടത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് വെള്ളൂരിൽ വാടക കെട്ടിടത്തിലാണ്. ആർഐടി കോളജിനുസമീപം 10 ഏക്കർ എടുത്തിട്ടുണ്ട്.