- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയനേതാവിനെ ഒരുനോക്കു കാണാൻ കൊട്ടാരക്കരയിലും ഏനാത്തും അടൂരും വൻ ജനസഞ്ചയം; സ്ത്രീകൾ അടക്കമുള്ളവർ അന്ത്യാജ്ഞലി അർപ്പിക്കാൻ മണിക്കൂറുകൾ കാത്തു നിന്നു; ആൾക്കൂട്ടത്തിന്റെ നേതാവിന്റെ അന്ത്യയാത്രയും സമാനതകൾ ഇല്ലാത്തത്; കോട്ടയം തിരുനക്കര മൈതാനിയിൽ മൃതദേഹം എത്തുന്നത് പുലർച്ചയാകും; ഹൃദയത്തേരിൽ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര
പത്തനംതിട്ട: ജനഹൃദയങ്ങളിലേറെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര. തലസ്ഥാനത്തോട് വിട പറഞ്ഞുകൊണ്ടുള്ള യാത്ര കോട്ടയം തിരുനക്കര എത്താൻ ഇനിയും ഏറെ സമയമെടുക്കും. ഇപ്പോഴത്തെ നിലയിൽ പുലർച്ചയോടെ മാത്രമേ ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം തിരുനക്കര മൈതാനിയിൽ എത്തുകളയുള്ളൂ. തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങിയപ്പോൾ മുതൽ തന്നെ വൻ ജനസഞ്ചയം വഴിയോരങ്ങളിൽ കാത്തു നിന്നിരുന്നു.
തിരുവനന്തപുരത്തുനിന്ന് കോട്ടയം പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര നേരത്തെ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ചാണ് കടന്നുപോകുന്നത്. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തെരുവോരങ്ങളിലെല്ലാം ജനം തടിച്ചുകൂടിയതോടെ പതുക്കെയാണ് വിലാപയാത്ര നീങ്ങുന്നത്. മഴ അവഗണിച്ചും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാൻ റോഡിനിരുവശവും കാത്തുനിന്നു. എട്ടു മണിക്കൂറിലധികം എടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്.
വാളകം വൈകുന്നേരം ആറരയോടെ പിന്നിട്ടു. കൊട്ടാരക്കരയിൽ അടക്കം വൻ ജനസഞ്ചയം തന്നെ കാത്തു നിന്നിരുന്നു. കൊട്ടാരക്കര നഗരം വിലാപയാത്ര പിന്നിടാൻ രണ്ട് മണിക്കൂറോളം സമയമാണ് എടുത്തത്. എല്ലാ അർത്ഥത്തിലും ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനസാഗരത്തിൽ അലിഞ്ഞുതന്നെയാണ് മുന്നോട്ടു പോകുന്നത്. വിലാപയാത്ര പിന്നിടുന്ന വഴികളിലെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങളാണ്.
രാത്രി വൈകിയും പത്തനംതിട്ട ജില്ലയിൽ തന്നെ വിലാപയാത്ര തുടരുകയാണ്. 15 മണിക്കൂർ പിന്നിട്ട യാത്ര ജനങ്ങളുടെ സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങി തിരുനക്കര ലക്ഷ്യമാക്കി തുടരുകയാണ്. രാത്രി ഒമ്പതോടെ വിലാപയാത്ര പത്തനംതിട്ട ഏനാത്ത് പിന്നിട്ടു. അടൂരിലേക്കാണ് ഇപ്പോൾ വിലാപയാത്ര എത്തുന്നത്. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മകൻ ചാണ്ടി ഉമ്മനടക്കം മക്കളും പ്രമുഖ കോൺഗ്രസ് നേതാക്കളുമുണ്ട്. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് തയ്യാറെടുപ്പുകൾ പൂർത്തിയായി കാത്തിരിക്കയാണ്.
ജില്ലയിൽ അടൂർ, പന്തളം എന്നിവിടങ്ങളിൽ ആളുകൾക്ക് ആദരമർപ്പിക്കാനായി അവസരം ഒരുക്കി. തുടർന്ന് ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് കോട്ടയത്ത് എത്തുക. തിരുവനന്തപുരം ജില്ലയിൽ 41 കിലോമീറ്റർ പിന്നിടാൻ എട്ടുമണിക്കൂറാണ് സമയമെടുത്തത്. വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ ആ പദ്ധതികളെല്ലാം പാളി. തിരുനക്കര മൈതാനിയിൽ പുലർച്ചയോടെ മാത്രമേ വിലാപ യാത്ര എത്തുകയുള്ളൂ.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ വ്യാഴാഴ്ച 3.30-ന് ആണ് സംസ്‌കാരം. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെത്തുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
കോട്ടയം ജില്ലയിൽ വ്യാഴാഴ്ച സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങൾ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മൻ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടു തവണയായി ആറേമുക്കാൽ വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹമെത്തിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദർശനം.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ആൾക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവർ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി. 1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് കൂടുതൽ കാലം നിയമസഭാ സാമാജികനെന്ന റെക്കോർഡ്.
1943 ഒക്ടോബർ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മൻ ചാണ്ടി, ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണു രാഷ്ട്രീയത്തിലെത്തിയത്. ആലപ്പുഴ കരുവാറ്റ കുഴിത്താറ്റിൽ കുടുംബാംഗംവും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ. മറിയ (ഏൺസ്റ്റ് ആൻഡ് യങ്, ടെക്‌നോപാർക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോൺഗ്രസ് നാഷനൽ ഔട്ട്‌റീച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ എന്നിവർ മക്കൾ. മരുമക്കൾ: പുലിക്കോട്ടിൽ കുടുംബാംഗം ഡോ. വർഗീസ് ജോർജ്, തിരുവല്ല പുല്ലാട് ഓവനാലിൽ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്).