കോട്ടയം: ഉമ്മൻ ചാണ്ടിക്ക് വികാർനിർഭരമായ യാത്രമൊഴിക്കൊരു പുതുപ്പള്ളി. മുൻ മുഖ്യമന്ത്രി മൃതദേഹം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ പണിപുരോഗമിക്കുന്ന വീട്ടിൽ എത്തിച്ചു. തറവാട് വീട്ടിലെ പൊതു ദർശനത്തിന് ശേഷമാണ് ഇവിടേക്ക് എത്തിച്ചത്. ഇവിടെയും നൂറു കണക്കിന് ളുകൾ അന്ത്യാജ്ഞലി അർപ്പിച്ചു. ആൾക്കൂട്ടത്തിന്റെ നേതാവായ ഉമ്മൻ ചാണ്ടിയെ കാണാൻ എല്ലാവരെയും അനുവദിച്ച ശേഷമാണ് ഇവിടെ നിന്നും ഭൗതികദേഹം കൊണ്ടുപോയത്. രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കാൻ പുതുപ്പള്ളി പള്ളിയിൽ എത്തിയിട്ടുണ്ട്.

ഇവിടെനിന്നും വിലാപയാത്രിയായി സംസ്‌കാര ചടങ്ങുകൾക്കായി സെന്റ് ജോർജ് പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകുകയാമ് ഇപ്പോൾ. പ്രിയനേതാവിനെ അവസാനമായി ഒന്നുകാണാനായി പുതുപ്പള്ളി ഒന്നാകെ ഒഴുകിയെത്തി. രാത്രി വൈകിയാലും ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം ഇന്നുതന്നെ നടത്തുന്നതിന് ജില്ല കലക്ടർ അനുമതി നൽകിയിട്ടുണ്ട്. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അധികൃതരും അറിയിച്ചു. വലിയ ജനസഞ്ചയം തന്നെയാണ് പള്ളിയിലും അദ്ദേഹത്തെ കാത്തിരിക്കുന്നത്.

തിരുനക്കരയിൽ നിന്നും പുതുപ്പള്ലിയിലേക്കുള്ള യാത്രയും വികാരനിർഭരമായിരുന്നു. അണമുറിയാത്ത ജനപ്രവാഹം ആൾക്കടലായി മാറിയ വഴികളിലൂടെ നാടിന്റെ സ്നേഹവായ്പുകൾക്ക് നടുവിലൂടെയാണ് മുൻ മുഖ്യമന്ത്രിയുടെ അന്ത്യയാത്ര പുതുപ്പള്ളിയിൽ എത്തിയത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച്, 28 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബംഗാൾ ഗവർണർ സിവി ആനന്ദബോസ്, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങൾ ഉൾപ്പടെ ലക്ഷക്കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിച്ചു.

കോട്ടയം ഡിസിസി ഓഫിസിൽ വിലാപയാത്ര എത്തിയപ്പോൾ ഉമ്മൻ ചാണ്ടിക്ക് അശ്രുപൂജ അർപ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറിക്കഴിഞ്ഞിരുന്നു. ഇന്നലെ രാവിലെ രാവിലെ 7.15 നായിരുന്നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നുള്ള വിലാപയാത്ര ആരംഭിച്ചത്.ജന സമ്പർക്കത്തിൽ ജീവിച്ച ഉമ്മൻ ചാണ്ടിയുടെ അന്ത്യ യാത്രയും ജന സാഗരത്തിൽ അലിഞ്ഞു തന്നെയായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര പുലർച്ചെ 5.30നാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.

നിശ്ചയിച്ച സംസ്‌കാര ചടങ്ങുകൾക്ക് കേവലം മൂന്ന് മണിക്കൂർ ബാക്കിയിരിക്കേയും നാടിന്റെ നായകനായ കുഞ്ഞൂഞ്ഞിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. മലങ്കര ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയോസ് കോറസ് ആണ് പ്രാർത്ഥനക്ക് നേതൃത്വം നൽകുന്നത്. തറവാട്ട് വീട്ടിൽ പ്രാർത്ഥനകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അൽപ്പ സമയത്തിന് ശേഷം പുതിയ വീട്ടിലും പ്രാർത്ഥനകൽ ഉണടാകും. ഇവിടെ നിന്നാകും പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര. 7.30ക്കാണ് പള്ളിയിൽ സംസ്‌കാരപ്രാർത്ഥനകൾ നിശ്ചയിച്ചിരിക്കുന്നത്. ഈ സമയം വൈകാനാണ് സാധ്യത.