തിരുവനന്തപുരം: ഒടുവിൽ താൻ വളർത്തി വലുതാക്കിയ പാർട്ടിയുടെ പതാക നെഞ്ചിൽ പുതച്ച പ്രിയനേതാവ് ഉമ്മൻ ചാണ്ടി. തങ്ങളുടെ ഓമന നേതാവിന അന്തിമാഭിവാദ്യം അർപ്പിക്കാൻ തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ച് അണികൾ. കണ്ണീർ തുടച്ച് അന്തിമഭിവാദ്യം അർപ്പിച്ചു കോൺഗ്രസ് നേതാക്കളും. കെപിസിസി ഓഫീസിൽ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം അവസാനമായി എത്തിച്ചപ്പോൾ എങ്ങും വൈകാരികമായി കാഴ്‌ച്ചകൾ ആയിരുന്നു.

ഇന്ദിരാഭവനിലേക്ക് രാത്രി വൈകിയും അണമുറിയാതെ ജനപ്രവാഹമാണ്. എല്ലാവർക്കും അഭിവാദ്യം അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് കെപിസിസി അറിയിച്ചിച്ചുണ്ട്. എ കെ ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം കെപിസിസി ഓഫീസിൽ എത്തിയിരുന്നു. സേവാദൾ വോളണ്ടിയർമാരും പൊലീസും ആൾക്കൂട്ടം നിയന്ത്രിക്കാൻ വേണ്ടി നന്നേ പാടുപെടേണ്ട അവസ്ഥയിലാണ്. കെപിസിസി അധ്യക്ഷ്ൻ കെ സുധാകരനും മുൻ കെപിസിസി അധ്യക്ഷന്മാരും ചേർന്നാണ് ഉമ്മൻ ചാണ്ടിയെ പാർട്ടി പതാക പുതപ്പിച്ചത്. തുടർന്ന് നേതാക്കൾക്കും അണികൾക്കും കാണാനുള്ള അവസരം ഒരുക്കി. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ഇന്ദിരാഭവനിലും അദ്ദേഹത്തെ കാണാൻ എത്തിയത്.

നേരത്തെ ഉമ്മൻ ചാണ്ടിയുടെ അന്ത്യ ശുശ്രൂഷകൾ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് ആണ് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത്. പുതുപ്പള്ളി ഹൗസിലും സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലും പൊതു ദർശനത്തിന് വെച്ചതിന് ശേഷമാണ് പള്ളിയിൽ എത്തിച്ചത്. ഇവിടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രാർത്ഥനകൾ നടന്നു. നിരവധി പേർ ഇവിടെ അന്തിമോപചാരവും അർപ്പിച്ചു.

ദർബാർ ഹാളിലും പുതുപ്പള്ളി ഹൗസിലും വൻ ജനാവലിയാണ് പ്രിയങ്കരനായ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി തിങ്ങിനിറഞ്ഞത്. ദർബാർ ഹാളിൽ മൂന്നു വാതിലുകളിൽക്കൂടിയും ആളുകൾ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മൃതദേഹം എത്തിച്ച സമയത്ത് പൊലീസ് വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ എത്തി വാതിലുകൾ അടയ്ക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

പിന്നീട് ഒരു വാതിൽ മാത്രം തുറന്ന് ജനങ്ങളെ വരിയായി അകത്തു കയറ്റി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. ഇതിന് ശേഷമാണ്, അദ്ദേഹത്തിന്റെ മൃതദഹേത്തിനൊപ്പം ഉണ്ടായിരുന്ന കുടുംബാഗങ്ങൾക്ക് ഇരിക്കാൻ പോലും സാധിച്ചത്.സെക്രട്ടറിയേറ്റ് വളപ്പ് നിറഞ്ഞ് പുറത്തേക്കും ജനക്കൂട്ടം ഒഴുകി.പുതുപ്പള്ളി ഹൗസിൽ പൊതു ദർശനത്തിന് വെച്ചപ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടായിരുന്നത്.

സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിലും വലിയ ജനക്കൂട്ടമാണ് ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനായി എത്തിയത്. ഇവിടുത്തെ ശുശ്രൂഷകൾക്ക് ശേഷമാണ് മൃതദേഹം കെപിസിസി ഓഫീസിലേക്ക് എത്തിച്ചത്. ഇന്ദിരാഭവനിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 4 മണിയോടെ പുതുപ്പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കും. വിലാപയാത്ര കണക്കിലെടുത്ത് തിരുവനന്തപുരം മുതൽ കോട്ടയം വരെ എംസി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചതിന് ശേഷം വലിയ ജനസഞ്ചയം തന്നെ റോഡിന് ഇരുവശത്തുമായി ഉണ്ടായിരുന്നു. ജഗതിയിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം ദർബാർ ഹാളിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റു നേതാക്കളുമെല്ലാം ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ചു. 'ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിലൂടെ വലിയൊരു അധ്യായമാണ് നാം കടന്നുപോകുന്നത്. വിദ്യാർത്ഥി ജീവിത കാലത്ത് തന്നെ സംഘടനാപ്രവർത്തനത്തിൽ മുഴുകിയ ഉമ്മൻ ചാണ്ടി പിന്നീട് ഓരോഘട്ടത്തിലും വളരെ സജീവമായി രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു.

അന്നത്തെ വിദ്യാർത്ഥി-യുവജന പ്രവർത്തകൻ എന്ന നിലയ്ക്കുള്ള വീറും വാശിയും ജീവിതത്തിന്റെ അവസാന കാലം വരെ നിലനിർത്താനും അതിനനുസരിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ദീർഘകാലത്തെ നിയമസഭ പ്രവർത്തനത്തിന്റെ അനുഭവവും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്ന അനുഭവവും രണ്ടുതവണ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തെ സഹായിച്ചു.

എല്ലാ ഘട്ടത്തിലും മനുഷ്യസ്‌നേഹപരമായ നിലപാട് അദ്ദേഹം സ്വീകരിച്ചു പോന്നിരുന്നു. രാഷ്ട്രീയമായി ഞങ്ങൾ രണ്ടു ചേരിയിൽ ആയിരുന്നെങ്കിലും ആദ്യം മുതൽക്കുതന്നെ നല്ല സൗഹൃദം പുലർത്തിപ്പോരാൻ സാധിച്ചിരുന്നു. പൊതുവേ എല്ലാവരോടും നല്ല സൗഹൃദം പുലർത്തിയ സമീപനമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തും കോൺഗ്രസിന്റെ നട്ടെല്ലായി തന്നെ പ്രവർത്തിച്ചുവന്ന അദ്ദേഹം, ഒരു ഘട്ടത്തിൽ കോൺഗ്രസിന്റെ അനിഷേധ്യനായ നേതാവായി തന്നെ മാറുകയുണ്ടായി. കേരള പൊതുസമൂഹത്തിന് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ തീരാനഷ്ടമാണ് സംഭവിക്കുന്നത്. അതോടൊപ്പം കോൺഗ്രസ് പാർട്ടിക്കും ഇന്നത്തെ സാഹചര്യത്തിൽ നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖാർത്തരായ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.'- മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ അന്തിമോപചാരം അർപ്പിക്കാനായി ആയിരക്കണക്കിന് പേരാണ് പുതുപ്പള്ളി ഹൗസിലേക്ക് എത്തിയത്. മൃതദേഹം കാണാനെത്തിയ എ.കെ ആന്റണി വിതുമ്പിക്കരഞ്ഞു. ഭാര്യ എലിസബത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 2.20ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് പുതുപ്പള്ളി ഹൗസിൽ എത്തിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി വസതിയൽ എത്തിയത്.

പ്രവർത്തകരും നേതാക്കളും ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാനായി വിലാപയാത്ര കടന്നുപോകുന്ന വഴിയരികിൽ കാത്തുനിന്നത്. സിപിഎം നേതാവ് പിജയരാജൻ വിലാപയാത്രയ്ക്കിടെ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അദ്ദേഹത്തിന് പുഷ്പചക്രം സമർപ്പിക്കാനായി വാഹനവ്യൂഹം അൽപസമയം നിർത്തി.

കർണാടക മുന്മന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.