തിരുവനന്തപുരം: ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി.

ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം ബെംഗളൂരുവിൽ നിന്നും ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. ഹെലികോപ്ടർ മാർഗ്ഗമാകും മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരിക. തിരുവനന്തപുരത്ത് പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ഇവിടെ നിന്നും പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് കെപിസിസി ഓഫീസിലും ദർബാർ ഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

അന്ത്യവിശ്രമം അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിൽ തന്നെയാകും. വ്യാഴാഴ്‌ച്ച പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലാകും അന്ത്യവിശ്രമം. ബെന്നി ബെഹനാൻ അടക്കമുള്ള നേതാക്കൾ ബംഗളുരുവിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അവിടെ നിന്നും അദ്ദേഹം കാര്യങ്ങൾ ഏകോപിപ്പിക്കും.

ബംഗളുരുവിലെ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉള്ളതു കൊണ്ട് തന്നെ അവിടെയും നേതാക്കൾ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയേക്കും. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ളവർ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തും. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത പുറത്തുവിട്ടത്.

കോട്ടയം ജില്ലയിലെ കുമരകത്ത് കാരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി 1943 ഒക്ടോബർ 31നാണ് ജനനം. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയ ജീവിതം തുടങ്ങിയ ഉമ്മൻ ചാണ്ടി കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു. യുവജന നേതാവ് എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന ഉമ്മൻ ചാണ്ടി 1970കളുടെ തുടക്കത്തിൽ കോൺഗ്രസിന്റെ മുൻനിര നേതാവായി മാറി. പിന്നീടുള്ള അര നൂറ്റാണ്ട് കാലം കോൺഗ്രസിന്റെ ഏറ്റവും ജനകീയതയുള്ള നേതാക്കളിലൊരാളായി ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു.

പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇരുപത്തിയേഴാമത്തെ വയസ്സിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി തുടർച്ചയായി 12 തവണ പുതുപ്പള്ളിയിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 2020ലാണ് പുതുപ്പള്ളിയിൽ നിന്നുള്ള നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷം ഉമ്മൻ ചാണ്ടി പൂർത്തീകരിച്ചത്. 1977ൽ കെ കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പ്രായം 34 വയസ് മാത്രമായിരുന്നു.

1978ൽ എകെ ആന്റണി മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കെ കരുണാകരന്റെ മന്ത്രിസഭകളിൽ ആഭ്യന്തരമന്ത്രിയായും ധനകാര്യമന്ത്രിയായും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചു. രണ്ട് തവണയായി ഏഴു വർഷം കേരള മുഖ്യമന്ത്രിയായും ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം, പ്രതിപക്ഷ നേതാവ്, ഐക്യജനാധിപത്യ മുന്നണി കൺവീനർ എന്നീ ചുമതല ഉമ്മൻ ചാണ്ടി വഹിച്ചു.