അങ്കമാലി: കറുകുറ്റിയിൽ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന മൂന്നുനില കെട്ടിടത്തിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീയണച്ച ശേഷം രാത്രി പതിനൊന്നു മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കരയാംപറമ്പിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ബാബുവിന്റേതാണ് മൃതദേഹമെന്നാണ് സ്ഥാപനത്തിലെ ജീവനക്കാർ പറയുന്നത്. തീപ്പിടിത്തമുണ്ടായ സമയത്ത് ബാബു ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടിൽ ചെന്നിട്ടില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ബാബു ഓഫീസിൽ എത്തിയത്. ഇദ്ദേഹം കെട്ടിടത്തിൽ കുടുങ്ങിയിട്ടുള്ളതായി രക്ഷപ്പെട്ട ജീവനക്കാർ പറഞ്ഞിരുന്നു.

കെട്ടിടം ഏറെക്കുറെ പൂർണമായി കത്തിനശിച്ച അവസ്ഥയിലാണ്. അഡ്ലക്‌സ് കൺവെൻഷൻ സെന്ററിന്റെ എതിർവശത്തുള്ള ന്യൂ ഇയർ ഗ്രൂപ്പിന്റെ ഓഫീസ് കെട്ടിടത്തിലാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിൽ കോടികളുടെ നാശനഷ്ടമുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നിരിക്കുന്നത്. കെട്ടിടത്തിന്റെ മുൻഭാഗത്ത് പോർച്ചുണ്ട്. കയർ ഉപയോഗിച്ചാണ് പോർച്ചിന്റെ സീലിങ് നടത്തിയിരിക്കുന്നത്. ഈ ഭാഗത്തുനിന്നാണ് തീ പടർന്നിരിക്കുന്നത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കെട്ടിടത്തിന്റെ മുൻഭാഗത്ത് നക്ഷത്രങ്ങൾ തൂക്കിയിരുന്നു. ഇതിനായി ഉപയോഗിച്ചിരുന്ന വയർ കത്തിയതാണോ തീപ്പിടിത്തത്തിനു കാരണം എന്ന് അന്വേഷിക്കുന്നുണ്ട്. ഓഫീസ് കെട്ടിടത്തിലുണ്ടായിരുന്ന 24 ജീവനക്കാർ ഓടി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ അകം പൂർണമായും മരംകൊണ്ട് പാനൽ ചെയ്തിട്ടുണ്ട്. ഇതെല്ലാം തീ ആളിപ്പടരാൻ ഇടയാക്കി. തീയണയ്ക്കാൻ ഏറെ സമയം വേണ്ടിവന്നതും ഇതുകൊണ്ടാണ്.

എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ ഫയർസ്റ്റേഷനുകളിൽനിന്നായി പത്ത് ഫയർ എൻജിനുകൾ തീയണയ്ക്കാനെത്തി. ആംബുലൻസുകളും ഒരുക്കിനിർത്തി. സുരക്ഷാ പ്രവർത്തനങ്ങൾക്കായി 50 പൊലീസുകാരെയും വിന്യസിച്ചു. രാത്രി ഏറെ വൈകിയാണ് തീയണച്ചത്. സമീപത്തെ ഹോട്ടലിലേക്കും തീപടർന്നു. ഹോട്ടലിന്റെ ഒരു വശത്ത് നാശമുണ്ടായിട്ടുണ്ട്.മരിച്ചത് ആരാണെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പൊലീസ് പറഞ്ഞു.