- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ മനുഷ്യൻ ജീവനോടെ തിരിച്ചു വരണമെന്ന പ്രാർത്ഥന വെറുതെയായി; മറുനാടന്റെ 'യുദ്ധവും' ഫലം കണ്ടില്ല; കേരളത്തെ കണ്ണീരിലാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മടക്കം; വിടവാങ്ങുന്നത് ജനങ്ങൾക്കൊപ്പം ജീവിക്കാൻ മാത്രം കൊതിച്ച ജന നേതാവ്; രണ്ടു തവണ മുഖ്യമന്ത്രി; അപ്രതീക്ഷിത വാർത്ത കേട്ട് മലയാളി ഞെട്ടിയുണരുമ്പോൾ
ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(80) അന്തരിക്കുമ്പോൾ മലയാളിക്ക് നഷ്ടമാകുന്നത് ജനങ്ങൾക്കൊപ്പം നിൽക്കാൻ മാത്രം ആഗ്രഹിച്ച നേതാവിനെ. ആരോഗ്യത്തോടെ തിരിച്ച വരണമേ എന്ന പ്രാർത്ഥനയോടെയാണ് ഉമ്മൻ ചാണ്ടിയെ ചികിൽസയ്ക്ക് മലയാളി ബാംഗ്ലൂരുവിലേക്ക് അയച്ചത്. അതിന് വേണ്ടി മറുനാടൻ മലയാളി നടത്തിയ പോരാട്ടം വലിയ ചർച്ചയായി. എങ്ങനേയും ഉമ്മൻ ചാണ്ടിക്ക് വിദഗ്ധ ചികിൽസ ഉറപ്പിക്കുക എന്നതു മാത്രമായിരുന്നു ആ സമയത്ത് മറുനാടൻ മലയാളി ലക്ഷ്യമിട്ടത്. ഇത് പലവിധ ചർച്ചയായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ ഇടപെട്ടു. അങ്ങനെ ഉമ്മൻ ചാണ്ടി ബംഗളൂരുവിലെത്തി. പക്ഷേ അതിനും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ ജീവൻ നീട്ടിയെടുക്കാനായില്ല. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഉമ്മൻ ചാണ്ടിക്ക് തുടർച്ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹോദരനുൾപ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ അടുത്ത ബന്ധുക്കൾ പോലും ആശങ്കയിലാണെന്ന് വ്യക്തമായി. മറുനാടൻ പുറത്തു വിട്ട വാർത്തയ്ക്ക് പിന്നാലെ കോളിളക്കങ്ങളുണ്ടായി. എങ്ങനേയും ഉമ്മൻ ചാണ്ടിയുടെ മടങ്ങി വരവായിരുന്നു ആ വാർത്തകളുടെ ലക്ഷ്യം. ജൂലൈ 18 ചൈവ്വ രാവിലെ മലയാളി ഞെട്ടിയുണർന്നത് ഉമ്മൻ ചാണ്ടിയുടെ വിയോഗ വാർത്ത കേട്ടാണ്. കേരളം ഏറെ ആഗ്രഹിച്ച നേതാവ് ഇനിയില്ല.
ജർമനിയിലെ ചികിത്സയ്ക്കുശേഷം ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലാണ് തുടർച്ചികിത്സ നൽകിയത്. ഇവിടേക്ക് ഉമ്മൻ ചാണ്ടിയെ കൊണ്ടു പോയി. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അമേരിക്കയിലും ദുബായിലും സിഎംസി വെല്ലൂരിലും ജർമ്മനിയിലും ചികിൽസ തേടിയെങ്കിലും രോഗ നിർണ്ണയം നടന്നതല്ലാതെ രോഗത്തിനുള്ള ചികിൽസ ഉമ്മൻ ചാണ്ടിക്ക് കിട്ടിയിട്ടില്ലെന്നാണ് സഹോദരൻ അടക്കമുള്ളവർ പറഞ്ഞിരുന്നത്്. ജർമനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം ബംഗ്ലൂരിലെ തുടർ ചികിൽസയ്ക്ക് വിധേയനായി ജനുവരിയിൽ തിരുവനന്തപുരത്ത് എത്തി. വീണ്ടും തുടർ ചികിൽസയ്ക്ക് പോകണമായിരുന്നു. മറുനാടന്റെ പോരാട്ടം അത് സാധ്യമാക്കി. പക്ഷേ ആരോഗ്യത്തിലേക്ക് മടങ്ങി വരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല.
2015 ൽ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ
2015 മുതലാണ് ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയത്. തിരക്കുപിടിച്ച നേതാവായതിനാൽ അദ്ദേഹം സ്വന്തം കാര്യത്തിൽ കാര്യമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അന്ന് തൊണ്ടയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടായതോടെ തിരുവനന്തപുരത്ത് ഇഎൻടി ഡോക്ടറെ കണ്ട് ചികിത്സ തേടി. ആറ് മാസത്തോളം അന്ന് ചികിത്സ തേടുകയുണ്ടായി. തുടർന്ന് അങ്കമാലിയിലെ സിദ്ധ, നാച്ചുറോപ്പതി ചികിത്സ തേടുകയാണ് ഉണ്ടായത്. ഇതിന് ശേഷം 2019 ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. തൊണ്ടയിൽ ചെറിയ വളർച്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അമേരിക്കയിൽ ചികിത്സ നടത്തിയത്. അന്ന് പെറ്റ് സ്‌കാൻ അടക്കം നടത്തി രോഗനിർണയം നടത്തുകയുണ്ടായി.
വെല്ലൂരിലെ ചികിത്സയിൽ തൊണ്ടയിലെ പ്രശ്‌നങ്ങൾ കൂടുതൽ വ്യക്തമായി. പിന്നീട് തിരുവനന്തപുരത്തെ ആർസിസിയിൽ ചികിത്സ തേടി. ഇതിനിടെ ഡെങ്കിപ്പനി പിടികൂടിയതു കൊണ്ട് ആയുർവേദ ചികിത്സയാണ് തുടർന്ന് നടത്തിയത്. ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് വിഷയം പൊതുജന മധ്യത്തിലേക്ക് വന്നത്. നേരത്തെ ബെർലിനിൽ ഉമ്മൻ ചാണ്ടിയെ ചികിത്സക്ക് കൊണ്ടുപോയത്് ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി എന്നിവർ ചേർന്നായിരുന്നു. മറ്റൊരു മകൾ അച്ചു ഉമ്മനും ചികിത്സ വേളയിൽ ബെർലിനിൽ എത്തിയിരുന്നു.
ജർമനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുണ്ട്. 3,011 കിടക്കകളുള്ള ക്ലിനിക്കിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ആശുപത്രയിൽ നിന്നും ലേസർ ചികിത്സ നൽകിയതിന് ശേഷമാണ് ഉമ്മൻ ചാണ്ടിക്ക് ബംഗളുരുവിൽ തുടർചികിത്സ നിർദ്ദേശിച്ചത്.