- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരോട്ട് വള്ളക്കാലിൽ വീട്ടിൽ ആളുകളെ കണ്ട നേതാവ് രാത്രിയിൽ ഉറങ്ങിയത് ഗസ്റ്റ് ഹൗസിൽ; സ്വന്തം നാട്ടിൽ സ്വന്തം മണ്ണിൽ വീടെന്ന സ്വപ്നത്തിന് കല്ലിട്ടെങ്കിലും പണി എങ്ങുമെത്തിയില്ല; ആ ഒരേക്കറിലേക്കും ഉമ്മൻ ചാണ്ടി ഇന്ന് രാത്രി അവസാനമായി എത്തും; പുതുപ്പള്ളിയിലെ ആ വീട് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹം മാത്രമായി; കോൺക്രീറ്റ് തൂണുകൾ കഥ പറയുമ്പോൾ
കോട്ടയം: പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി. പണി തീരാത്ത ആ വീട്ടിലേക്ക് ഉമ്മൻ ചാണ്ടി വീണ്ടും എത്തും. പുതുപ്പള്ളിയിലെ ആ ഒരേക്കറിലും ഉമ്മൻ ചാണ്ടിയുടെ മൃതദേഹം അവസാനമായി എത്തും. അവിടേയും പ്രിയപ്പെട്ടവർക്ക് നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാം.
പുതുപ്പള്ളിയിൽ അദ്ദേഹം നിർമ്മിക്കുന്ന വീടിന് ഒരു വർഷം മുമ്പാണ് തറക്കല്ലിട്ടത്. രോഗവും ചികിത്സയുമൊക്കെയായി ബംഗലുരുവിൽ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് സമയക്കുറവ് മൂലം പണി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. വീടിന്റെ പണി മന്ദഗതിയിലാണ്. ഉമ്മൻ ചാണ്ടിയുടെ നടക്കാതെ പോയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു അത്. നാട്ടകം ഗസ്റ്റ് ഹൗസിലെ ഉറക്കം സ്വന്തം മണ്ണിൽ സ്വന്തം വീട്ടിലാക്കുകയെന്ന സ്വപ്‌നം നടന്നില്ല. ആ മണ്ണിലേക്കാണ് അവസാനമായി ഇന്ന് രാത്രി ഉമ്മൻ ചാണ്ടി എത്തുക. വികാര നിർഭര രംഗങ്ങളാകും ഈ അവസാന വരവ് ഒരുക്കുക.
പുതുപ്പള്ളി സ്വന്തമാണെങ്കിലും സ്വന്തം പേരിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കു വീടില്ലായിരുന്നു. പുതുപ്പള്ളിയിലെ കുടുംബവിഹിതമായ ഒരേക്കർ സ്ഥലത്തു വീടു നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ആദ്യഘട്ട തൂണുകൾ മാത്രമാണു പൂർത്തിയായത്. പുതുപ്പള്ളിയുടെ സ്വന്തം ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിർമ്മിക്കുന്ന വീട്ടിൽ എത്തിക്കണമെന്ന ആഗ്രഹം കുടുംബമാണു പങ്കുവച്ചത്. ഇതോടെ പുതുപ്പള്ളി പഞ്ചായത്തിന്റെ പുതിയ കമ്യൂണിറ്റി ഹാളിനു സമീപത്തെ നിർമ്മാണം നടക്കുന്ന വീട്ടിൽ മൃതദേഹം എത്തിക്കാനുള്ള നടപടികൾ തുടങ്ങി. തറവാട്ടുവീടായ കരോട്ടുവള്ളക്കാലിൽ വീട്ടിൽ പൊതുദർശനത്തിനു ശേഷമാണു പുതിയ വീടുനിർമ്മാണം നടക്കുന്ന സ്ഥലത്തു മൃതദേഹം എത്തിക്കുകയെന്നു മുൻ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു.
കോട്ടയത്തേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര കെഎസ് ആർ ടി സി ബസിലാണ്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും. കോട്ടയം തിരുനക്കര മൈതാനത്ത് വൈകുന്നേരം പൊതുദർശനമുണ്ടാകും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ ഭൗതികശരീരം എത്തിക്കും. അതിന് ശേഷം പണിതീരാത്ത വീട്ടിലേക്കും കൊണ്ടു വരും. വീണ്ടും കുടുംബ വീട്ടിലേക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നു ഭവനത്തിൽ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. ഭവനത്തിലെയും പള്ളിയിലെയും സംസ്‌കാര ശുശ്രൂഷക്കു മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ മുഖ്യകാർമികത്വം വഹിക്കും.
ഉച്ചയ്ക്ക് ഒന്നിന് പള്ളിയിലേക്ക് വിലാപയാത്ര, പുതുപ്പള്ളി കവല വഴി. 3.30 വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനം, തുടർന്ന് സമാപന ശുശ്രൂഷ, അഞ്ചിന് അനുശോചന സമ്മേളനം എന്നിവ നടക്കും. പള്ളിയുടെ കിഴക്കുവടക്കായി വൈദികരുടെ കബറിടത്തിനു സമീപം പുതിയ കല്ലറയിലായിരിക്കും ഉമ്മൻ ചാണ്ടിയെന്ന അതികായന്റെ അന്ത്യനിദ്ര. ഈ യാത്രയിൽ പങ്കുചേരാനുള്ള മാനസിക തയ്യാറെടുപ്പിലാണ് പുതുപ്പള്ളി. അവർക്ക് നഷ്ടമായിരിക്കുന്നത് സ്വന്തം കൂഞ്ഞൂഞ്ഞിനെയാണ്.
തുടർച്ചയായി ഒരു മണ്ഡലത്തിൽ നിന്ന് 12 തവണ തെരഞ്ഞെടുക്കപ്പെടുക. നിയമസഭാ സാമാജികനായി ഒരേയിടത്ത് നിന്നും അരനൂറ്റാണ്ട് പിന്നിടുക. 1943 ഒക്ടോബർ 31 ന് പുതുപ്പള്ളിയിൽ ജനിച്ച അദ്ദേഹം 1970 ലാണ് യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷനായി കോൺഗ്രസിൽ നിർണ്ണായക സ്ഥാനത്തേക്ക് എത്തുന്നത്. യൂത്ത്‌കോൺഗ്രസ് തലവനായി ആദ്യമായി പുതുപ്പള്ളിയിൽ മത്സരിച്ചു ഉമ്മൻ ചാണ്ടി. ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യമായിരുന്നു പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടി. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച കാരോട്ട് വള്ളക്കാലിലെ വീട്ടിലും അദ്ദേഹത്തെ കാത്ത് നൂറുകണക്കിന് ആൾക്കാരുണ്ടാകും. പുതുപ്പള്ളിയിൽ നടക്കുന്ന ഞായറാഴ്ച ദർബാറിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രശ്‌നം അദ്ദേഹം കേട്ടിരുന്നു.
രാഷ്ട്രീയമായി വേട്ടയാടപ്പെട്ടപ്പോഴെല്ലാം പുതുപ്പള്ളിക്കാരും പുതുപ്പള്ളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1970 ൽ തനിക്ക് ആദ്യമായി വോട്ടു ചെയ്തവരും പിന്നാലെ വന്നവരും ഒരിക്കൽ പോലും തോൽപ്പിക്കാതെ നായകനാക്കി നിർത്തിയതിന് ഹൃദയബന്ധത്തിൽ ഊന്നിയ മറുപടികളാണ് ഉമ്മൻ ചാണ്ടി നൽകിയത്. പുതുപ്പള്ളിയിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ പോലും വീട്ടുകാർ പ്ലാൻ ചെയ്തിരുന്നത് ഉമ്മൻ ചാണ്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു. പുതുപ്പള്ളി പോലെ തന്നെ പ്രിയങ്കരമായിരുന്നു അദ്ദേഹത്തിന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസും. എംഎൽഎയായിരിക്കുമ്പോൾ തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലാണ് അദ്ദേഹം ഭൂരിഭാഗ സമയവും ചെലവിട്ടുകൊണ്ടിരിക്കുന്നത്.
പുതുപ്പള്ളിയിൽ എത്തുന്ന എല്ലാ ഞായറാഴ്ചയും കരോട്ട് വള്ളക്കാലിൽ തറവാട് വീട് കേന്ദ്രീകരിച്ചായിരുന്നു സന്ദർശകരെ കണ്ടിരുന്നത്. ഏറെ കാലത്തിന് ശേഷമാണ് സ്വന്തം നാട്ടിൽ വീടുവെക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കർ സ്ഥലത്താണ് പുതിയ വീട് പണിയാൻ ഒരുങ്ങിയത്. പുതുപ്പള്ളി ജംഗ്ഷനിൽ കറുകച്ചാൽ റോഡിന് ചേർന്നു തന്നെയുള്ള പുരയിടത്തിലാണ് വീട് പണി പദ്ധതിയിട്ടത്.
വീടുപണി യെക്കുറിച്ച് ഉമ്മൻ ചാണ്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇപ്പോൾ നടത്തുന്നത്. പക്ഷെ നിങ്ങൾ കരുതുന്ന പോലെ ഒരു വീട് അല്ല. പുതിപ്പള്ളിയിൽ വരുമ്പോൾ കിടക്കാൻ ഒരു വീട് എന്നത് മാത്രം ആണ് ഉദ്ദേശിക്കുന്നത്. ഉടൻ തന്നെ വീട് പണി തുടങ്ങും' എന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതുപ്പള്ളിയിൽ സ്ഥിര താമസം ആക്കുന്നതിന് ഉള്ള നീക്കത്തിന്റെ ഭാഗം ആണോ എന്ന ചോദ്യത്തിന് സ്ഥിരമായി ഇവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.
കരോട്ട് വള്ളക്കാലിൽ വീട്
നേരത്തെ മുതൽ എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന കേന്ദ്രം. എന്നാൽ ഈ വീട്ടിൽ അദ്ദേഹം രാത്രി കഴിഞ്ഞിരുന്നില്ല. പകരം നാട്ടകം സർക്കാർ ഗസ്റ്റ് ഹൗസിൽ ആയിരുന്നു താമസം. കരോട്ട് വള്ളക്കാലിൽ വീട്ടിൽ അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് ചാണ്ടി ആണ് താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്ത് തന്നെ ഉണ്ട്. ഇത് വരെ തറവാട് വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാൽ ഉമ്മൻ ചാണ്ടിക്ക് മണ്ഡലത്തിൽ ഓഫീസും ഉണ്ടായിരുന്നില്ല. പുതിയ വീടിനോട് ചേർന്ന് ഓഫീസും നിർമ്മിക്കാനായിരുന്നു ആലോചന.
അതായത് പുതിയ വീട് വരുന്നതോടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെ ജനക്കൂട്ടത്തിന്റെ കാഴ്ച പുതിയ വീട്ടിലേക്ക് മാറുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. പുതിയ വീടു യാഥാർത്ഥ്യമാകും മുമ്പേ ഉമ്മൻ ചാണ്ടി മടങ്ങി.
വീടിന്റെ മുകളിൽ കയറിയ ജസ്റ്റിൻ ജോൺ കരോട്ടു വള്ളക്കാലിൽ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ പുതുപ്പള്ളിക്കാരുടെ ഇഷ്ടം മാത്രമാണ് ഉമ്മൻ ചാണ്ടി കണ്ടിട്ടുള്ളത്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ദേഷ്യവും നിരാശയും കണ്ടു. ഇതുവരെ ഉമ്മൻ ചാണ്ടി പറഞ്ഞത് പുതുപ്പള്ളിക്കാർ കേട്ടു. ഇന്നലെ പുതുപ്പള്ളിക്കൂട്ടം പറഞ്ഞത് ഉമ്മൻ ചാണ്ടി അനുസരിച്ചു.'കണ്ണേ കരളേ ഉമ്മൻ ചാണ്ടീ, പൊന്നേ പൂവേ ഉമ്മൻ ചാണ്ടീ, വള്ളക്കാലിൽ കുഞ്ഞൂഞ്ഞേ അങ്ങനെ ഉയർന്നു മുദ്രാവാക്യങ്ങൾ. ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിൽ ജയിക്കുമ്പോൾ വിളിക്കുന്നതാണിതൊക്കെ. അണികൾക്കു വിളിച്ചു പരിചയവുമുണ്ട്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിന് മുൻപ് വിളിക്കേണ്ടി വന്നു.
കട്ടൗട്ടുകളുമായാണ് ചിലർ വന്നത്. എല്ലാം പ്രചാരണത്തിന് വേണ്ടി തയാറാക്കിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇതു വള്ളക്കാലിൽ വീടിന്റെ ഗേറ്റിനു സമീപം സ്ഥാപിച്ചു.'ഇതു പുതുപ്പള്ളിയാ, പുതുപ്പള്ളിയുടെ വികാരം ഇങ്ങനെയാ,' കാറിലിരുന്ന ഉമ്മൻ ചാണ്ടിയോട് ആൾക്കൂട്ടത്തിൽ ഒരാൾ വിളിച്ചു പറഞ്ഞു. അരമണിക്കൂർ പ്രയത്നിച്ച് വീട്ടിൽ കയറിയ ഉടനെ ഉമ്മൻ ചാണ്ടി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചു. പുറത്തുനിന്ന് ഒരു പ്രവർത്തകൻ വിളിച്ചു പറഞ്ഞു, 'വെള്ളം കുടിച്ചാൽ അങ്ങയുടെ ദാഹം മാറും. ഞങ്ങളുടെ ദാഹം മാറണമെങ്കിൽ അങ്ങ് പുതുപ്പള്ളിയിൽ മത്സരിക്കുമെന്നു പറയണം.'
ആ സമയമൊക്കെ യൂത്ത് കോൺഗ്രസ് നേതാവ് ജസ്റ്റിൻ ജോൺ കരോട്ടു വള്ളക്കാലിൽ വീടിന്റെ മുകളിൽ കയറി ഇരിപ്പായിരുന്നു. പുതുപ്പള്ളിയിൽ മത്സരിക്കാതെ താഴെയിറങ്ങില്ലെന്നായിരുന്നു ജസ്റ്റിന്റെ നിലപാട്. മറ്റൊരു പ്രവർത്തകന്റെ ഫോണിൽനിന്ന് ഉമ്മൻ ചാണ്ടി ജസ്റ്റിനെ വിളിച്ചു. പുതുപ്പള്ളിയിൽ മത്സരിക്കാമെന്ന് ഉറപ്പു പറയാതെ ഇറങ്ങില്ലെന്ന് ജസ്റ്റിന്റെ മറുപടി. ഉറപ്പു കിട്ടിയതോടെ താഴെയിറങ്ങി. നേമത്ത് ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള നീക്കമായിരുന്നു ഈ പ്രതിഷേധത്തിന് കാരണം. ഈ മനസ്സ് അറിഞ്ഞ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ വീണ്ടും മത്സരിച്ചു. ജയിക്കുകയും ചെയ്തു.