തിരുവനന്തപുരം: 53 കൊല്ലം കർമ്മ മണ്ഡലമായിരുന്ന തിരുവനന്തപുരം. ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ നിന്നും നാഥൻ അവസാനമായി യാത്രയ്‌ക്കൊരുങ്ങി. ഇനി ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്ക് വരില്ല. സ്‌നേഹം കൊണ്ട് നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് തലസ്ഥാനം. ഇനി കർമ്മ മണ്ഡലത്തിൽ നിന്ന് ജന്മനാട്ടിലേക്ക്. ജനക്കൂട്ടത്തെ സ്‌നേഹിച്ച നായകൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര ജനസാഗരത്തിനിടയിൽ കൂടി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക്. ഇല്ലാ മരിക്കില്ല.... ജീവിക്കും ഞങ്ങളിലൂടെ ഈ മുദ്രാവാക്യം വിലാപ യാത്രയിൽ ഉടനീളം നിറഞ്ഞു.

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം തിരവുനന്തപുരത്ത് പൊതുദർശനത്തിന് വെച്ചിരുന്നു. നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള ആൾക്കൂട്ടമായിരുന്നു തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ വേണ്ടി ഒഴുകിയെത്തിയത്. രാവിലെ ഏഴ് മണി കഴിഞ്ഞപ്പോൾ ജഗതിയിലെ പുതുപ്പള്ളി എന്ന വീട്ടിൽ നിന്ന് ഉമ്മൻ ചാണ്ടി ഇറങ്ങി. ആദ്യവട്ടം മുഖ്യമന്ത്രിയായപ്പോൾ പോലും ഈ വീട്ടിൽ നിന്ന് മാറിയൊരു താമസം ഉണ്ടായില്ല. രണ്ടാം തവണ എത്തിയപ്പോൾ വീടിരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകൾ കാരണം ക്ലിഫ് ഹൗസിലേക്ക് മാറി. തന്നെ കാണാനെത്തുന്ന നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയായിരുന്നു അത്. അങ്ങനെ വികാരപരമായ അടുപ്പം ആ വീടിനോട് ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു.

പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർത്ഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. 'ഇല്ലാ ഇല്ലാ മരിക്കില്ലാ' എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. തിരുനക്കര മൈതാനത്ത് പൊതുദർശനം. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. പ്രമുഖ നേതാക്കളും കുടുംബാംഗങ്ങളും വിലാപയാത്ര ബസിൽ ഉമ്മൻ ചാണ്ടിയെ അനുഗമിക്കുന്നു.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി(79)യുടെ മരണം. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടിലേറെനീണ്ട രാഷ്ട്രീയജീവിതത്തിന് തിരശ്ശീല വീണത്. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസഞ്ചയമാണു തലസ്ഥാനത്തേക്ക് ഒഴുകിയത്. പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സെന്റ് ജോർജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ആൾക്കൂട്ടം ആർത്തലച്ചെത്തി. ജനത്തിരക്ക് ഇഷ്ടപ്പെട്ടയാൾക്ക് ജനസാഗരം സാക്ഷിയാക്കി യാത്രാമൊഴി.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്. ഏറെ നാളായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടു തവണയായി ആറേമുക്കാൽ വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹമെത്തിച്ചു.

ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദർശനം. ആൾക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവർ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി. ആലപ്പുഴ കരുവാറ്റ കുഴിത്താറ്റിൽ കുടുംബാംഗംവും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ. മറിയ (ഏൺസ്റ്റ് ആൻഡ് യങ്, ടെക്‌നോപാർക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോൺഗ്രസ് നാഷനൽ ഔട്ട്‌റീച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ എന്നിവർ മക്കൾ.

മരുമക്കൾ: പുലിക്കോട്ടിൽ കുടുംബാംഗം ഡോ. വർഗീസ് ജോർജ്, തിരുവല്ല പുല്ലാട് ഓവനാലിൽ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്). ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്നലെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ദുഃഖാചരണം ഇന്നും തുടരും.