തിരുവനന്തപുരം: ആദ്യ മൂന്ന് മണിക്കൂറിൽ വിലാപയാത്ര സഞ്ചരിച്ചത് വെറും 10 കിലോ മീറ്റർ. അതിവേഗം ബഹുദൂരം സഞ്ചരിച്ച ജനനായകന്റെ അന്ത്യയാത്ര ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. എപ്പോൾ ഈ വാഹനം കോട്ടയത്ത് എത്തുമെന്ന് ആർക്കും ഉറപ്പില്ല. എല്ലാ ജംഗ്ഷനിലും ജനങ്ങൾ ഉമ്മൻ ചാണ്ടിയെ കാണാൻ കാത്ത് നിൽക്കുകായണ്. നിശ്ചയിച്ച സമയക്രമം അനുസരിച്ച് ഒൻപതരയ്ക്ക് നിലമേൽ എത്തേണ്ടതായിരുന്നു. എന്നാൽ പത്തു മണിയായപ്പോൾ വാഹനം തിരുവനന്തപുരം കോർപ്പറേഷൻ പരിധി പോലും പിന്നിട്ടില്ല. യാത്ര നടക്കുന്ന വഴിയരുകിലെ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്ന് പോലും കുട്ടികളും അദ്ധ്യാപകരും ഉമ്മൻ ചാണ്ടിയെ കാത്ത് നിന്നു.

പുതുപ്പള്ളിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ മണ്ഡലം. മണ്ഡലത്തിലേക്ക് മാത്രം വികസനം കൊണ്ടു പോയ നേതാവായിരുന്നില്ല ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്തിന്റെ സ്വന്തം നേതാവായിരുന്നു. തലസ്ഥാനത്ത് വികസനമെത്തിച്ചു. വിഴിഞ്ഞത്തിന് വേണ്ടി അദാനിയെ പോയി കണ്ട് ക്ഷണിച്ചു. പുതുപ്പള്ളിക്ക് അപ്പുറത്തേക്ക് വികസനം എത്തിച്ച നേതാവ്. മാളയിൽ കരുണാകരനും പാലയിൽ കെ എം മാണിയും കാണിച്ച സവിശേഷ വികസന സാഹചര്യം കേരളത്തിലുടനീളം അവതരിപ്പിച്ച ജനനേതാവായിരുന്നു ഉമ്മൻ ചാണ്ടി. അതിന്റെ തെളിവാണ് തിരുവനന്തപുരത്ത് കിട്ടുന്ന യാത്രാ മൊഴി. തിരുവനന്തപുരത്തിന്റെ ഗതാഗത കുരക്കഴിക്കാൻ മുന്നിൽ നിന്ന നേതാവ്. പക്ഷേ അവസാന ജനസമ്പർക്കവുമായി നേതാവ് കെ എസ് ആർ ടി സി ബസിൽ പോകുമ്പോൾ അതിന് വേഗത തീരെ കുറവ്. സാധാരണക്കാരുടെ കാത്തു നിൽപ്പാണ് ഇതിന് കാരണം.

തിരുവനന്തപുരത്ത് നിന്ന് ഉമ്മൻ ചാണ്ടി മടങ്ങുമ്പോൾ പ്രകൃതിയും കണ്ണീർ പൊഴിച്ചു. ഇടയ്ക്കിടെ നേതാവിന് അന്തിമോപചാരം അർപ്പിക്കും പോലെ മഴ എത്തി. അതും കാത്തു നിന്നവർക്ക് പ്രശ്‌നമായില്ല. മഴ പോലും വകയ്ക്കാതെ ജനങ്ങൾ ഇരുവശത്തും തടിച്ചു കൂടി. എംസി റോഡിലൂടെ ഗതാഗതം പോലും അസാധ്യമാക്കുന്ന തരത്തിലാണ് യാത്ര. പാതയോരത്തെ ജനസാന്നിധ്യം എല്ലാ വിലാപയാത്രയേയും മറികടക്കുന്ന ജനവികാരത്തിന് തെളിവായി. കേരളം ഇതുവരെ കാണാത്ത യാത്രാമൊഴി. ഇങ്ങനെ പോയാൽ കോട്ടയത്ത് എത്താൻ അർദ്ധരാത്രി കഴിയും. കോട്ടയത്ത് വലിയ ജനക്കൂട്ടമാണ് നേതാവിനെ കാത്തു നിൽക്കുന്നത്. പുതുപ്പള്ളിയാകെ കരയുകയാണ്.

ജനക്കൂട്ടത്തെ സ്‌നേഹിച്ച നായകൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര ജനസാഗരത്തിനിടയിൽ കൂടി തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക് യാത്ര തുടങ്ങിയത് രാവിലെ എട്ട് മണിക്കാണ്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം തിരവുനന്തപുരത്ത് പൊതുദർശനത്തിന് വെച്ചിരുന്നു. നിയന്ത്രിക്കാനാകാത്ത വിധത്തിലുള്ള ആൾക്കൂട്ടമായിരുന്നു തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ വേണ്ടി ഒഴുകിയെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി(79)യുടെ മരണം. അർബുദബാധയെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടിലേറെനീണ്ട രാഷ്ട്രീയജീവിതത്തിന് തിരശ്ശീല വീണത്. സംസ്‌കാരം വ്യാഴാഴ്ച 3.30-ന് പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിമുറ്റത്തെ പ്രത്യേക കല്ലറയിൽ.

ഓസിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് വിലാപയാത്ര കേശവദാസപുരം പിന്നിട്ടു. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർത്ഥനകൾക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. 'ഇല്ലാ ഇല്ലാ മരിക്കില്ലാ' എന്ന മുദ്രാവാക്യ വിളികളോടെ പ്രവർത്തകർ പ്രിയ നേതാവിനെ യാത്രയാക്കി. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും.

പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സെന്റ് ജോർജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ആൾക്കൂട്ടം ആർത്തലച്ചെത്തി. ജനത്തിരക്ക് ഇഷ്ടപ്പെട്ടയാൾക്ക് ജനസാഗരം സാക്ഷിയാക്കി യാത്രാമൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു.

ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്.