കോട്ടയം: ഉമ്മൻ ചാണ്ടി ചരിത്രമാണ്. കേരളം ഒരു നേതാവിനും ഇന്നുവരെ നൽകാത്ത സ്‌നേഹം ഉമ്മൻ ചാണ്ടിക്ക് നൽകി. ആൾക്കൂട്ടത്തിന്റെ നേതാവിനെ അന്ത്യ യാത്രയിൽ മുന്നോട്ട് നീങ്ങാൻ പോലും അനുവദിക്കാതെ സാധാരണക്കാർ എംസി റോഡിൽ തടിച്ചു കൂടി. എല്ലാവർക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി കാണണം. ഇനിയും തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ വിലാപയാത്രയ്ക്ക് ലക്ഷ്യത്തിൽ എത്താൻ ആയില്ല. സമയക്രമമെല്ലാം തെറ്റിച്ച് രാവിലെ ആറേകാലയപ്പോൾ യാത്ര പെരുന്നയിൽ എത്തി. അതായത് തിരുവനന്തപുരത്തെ പുതുപ്പള്ളിയെന്ന വീട്ടിൽ നിന്ന് ചെങ്ങന്നൂരിലെത്താൻ വേണ്ടി വന്നത് 23 മണിക്കൂറിൽ അധികരമാണ്. വലിയ ജനസാഗരം ആൾക്കൂട്ടത്തിന്റെ നേതാവിന് അന്തിമോചാരം അർപ്പിച്ചു.

അതിവേഗം ബഹുദൂരം സഞ്ചരിച്ച നേതാവ് ഉമ്മൻ ചാണ്ടി. സാധാരണ ജഗതിയിലെ പുതുപ്പള്ളിയിൽ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അതിവേഗം പാഞ്ഞെത്തിയിരുന്നത് മൂന്നര മണിക്കൂറിൽ ആയിരുന്നു. അദ്ദേഹത്തിന്റെ കാർ ചീറി പാഞ്ഞ വീഥി. അവിടെയാണ് അന്ത്യ ജനസമ്പർക്കത്തിൽ ജഗതിയിൽ നിന്നും ചെങ്ങന്നൂർ വരെ എത്താൻ വേണ്ടി വന്നത് 23 മണിക്കൂർ എന്ന വസ്തുത. ആ യാത്ര പുലർച്ചെ ആറുമണിയായിട്ടും തിരുന്നക്കര എത്തിയില്ല. രാത്രിയിലും കാത്ത് നിന്നത് പതിനായിരങ്ങൾ ജനനേതാവിന് അശ്രുപൂജ അർപ്പിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും ഇനി ലോക ചരിത്രമാണ്. മനമിടറും വിടവാങ്ങൽ. ഇത്തരത്തിലൊരു വിടചൊല്ലൽ ലോകത്ത് ഒരു നേതാവിനും സ്വന്തം ജനം നൽകിയിട്ടുണ്ടാകില്ല. അത്രയും വികാര നിർഭര രംഗത്തിനാണ് ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര സാക്ഷ്യം വഹിച്ചത്.

കനത്ത ജനത്തിരക്ക് കാരണം പലപ്പോഴും ബസിന് മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. പൊലീസ് ഇടപെട്ട് മുന്നോട്ടെടുക്കുന്‌പോൾ ജനം ബസിന്റെ ചില്ല് ജനാലയിൽ തട്ടി അലമുറയിട്ടു. ചാണ്ടി ഉമ്മനും നേതാക്കൾക്കും വണ്ടിയുടെ ചില്ലിൽ അടിക്കരുതെന്ന് ജനക്കൂട്ടത്തോട് മൈക്കിലൂടെ അഭ്യർത്ഥിക്കേണ്ടിവന്നു. പി.സി. വിഷ്ണു നാഥ് എംഎൽഎയും, കൊടിക്കുന്നിൽ സുരേഷ് എംപിയും വാഹനം കടത്തിവിടണമെന്ന് ആളുകളോട് അപേക്ഷിച്ചു.

ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്കു കാണാൻ പുതുപ്പള്ളിയിൽ പതിനായിരങ്ങളാണ് കാത്തിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നുള്ള പാതയിലുടനീളം ജനങ്ങൾ അന്ത്യാഭിവാദ്യം അർപിക്കാൻ തടിച്ചുകൂടുന്നതുമൂലം വിലാപയാത്ര പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വൈകിയാണ് മുന്നോട്ടുപോകുന്നത്. ജനങ്ങൾക്ക് അവസാനമായി കാണാൻ സൗകര്യമൊരുക്കുമെന്ന് നേരത്തെ അറിയച്ചിരുന്നിടങ്ങളിലേക്കെല്ലാം ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പുതുപ്പള്ളിയിലും കോട്ടയം തിരുനക്കര മൈതാനത്തും രാവിലെ മുതൽ ആളുകൾ പ്രിയനേതാവിനെ അവസാനമായി കാണാനായി കാത്തുനിൽക്കുകയാണ്.

തിരുവനന്തപുരം ജില്ലയിൽ 41 കിലോമീറ്റർ പിന്നിടാൻ എട്ടുമണിക്കൂറാണ് സമയമെടുത്തത്. രാവിലെ ഏഴോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര നിലവിൽ ചെങ്ങന്നൂരിലൂടെ കടന്നുപോകുകയാണ്. പത്തനംതിട്ട ജില്ലയിൽ അടൂർ, പന്തളം എന്നിവിടങ്ങളിൽ ആളുകൾക്ക് ആദരമർപ്പിക്കാനായി അവസരം ഒരുക്കിയിരുന്നു. വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ, ഈ സമയക്രമം പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഡി.സി.സി. ഓഫീസിലെ പൊതുദർശനത്തിനുശേഷം തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദർശനം നിശ്ചയിച്ചിരുന്നു.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ വ്യാഴാഴ്ച 3.30-ന് ആണ് സംസ്‌കാരം. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിലേക്ക് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെത്തുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഈ സമയക്രമം പാലിക്കാൻ കഴിയുമോ എന്ന് ആർക്കും അറിയില്ല. തിരുന്നക്കര മൈതാനത്തിൽ നിന്നും പുതുപ്പള്ളിയിലേക്ക് എത്താൻ എത്ര സമയം വേണ്ടി വരുമെന്ന് ആർക്കും അറിയില്ല. അത്രയും ജനസാഗരമാണ് കോട്ടയത്ത് ഉമ്മൻ ചാണ്ടിയെ കാത്ത് നിൽക്കുന്നത്.

കോട്ടയം ജില്ലയിൽ വ്യാഴാഴ്ച സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങൾ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് കൂടുതൽ കാലം നിയമസഭാ സാമാജികനെന്ന റെക്കോർഡ്. 1943 ഒക്ടോബർ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മൻ ചാണ്ടി, ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണു രാഷ്ട്രീയത്തിലെത്തിയത്. ആലപ്പുഴ കരുവാറ്റ കുഴിത്താറ്റിൽ കുടുംബാംഗംവും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ.

മറിയ (ഏൺസ്റ്റ് ആൻഡ് യങ്, ടെക്‌നോപാർക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോൺഗ്രസ് നാഷനൽ ഔട്ട്‌റീച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ എന്നിവർ മക്കൾ. മരുമക്കൾ: പുലിക്കോട്ടിൽ കുടുംബാംഗം ഡോ. വർഗീസ് ജോർജ്, തിരുവല്ല പുല്ലാട് ഓവനാലിൽ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്).