- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ഷെഡ്യൂളുകളും തെറ്റിച്ച് ജനത്തിനൊപ്പം നിന്ന നേതാവ്; ബംഗ്ലൂരുവിലെ ജോണിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത് ഓസിയെ സ്നേഹിച്ച ആയിരങ്ങൾ; കർണ്ണാടക പൊലീസ് എല്ലാം നിയന്ത്രിച്ചത് പെടാപാടുപെട്ട്; ബംഗ്ലൂരുവിൽ നിന്നുള്ള മടക്കം വൈകിപ്പിച്ച് വികാര പ്രകടനങ്ങൾ; ആൾക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവിന്റെ അന്ത്യയാത്ര അത്യപൂർവ്വതകളുടേതാകും; എല്ലാ സമയക്രമവും തെറ്റിയേക്കും
ബംഗ്ലൂരൂ: ബംഗ്ലൂരുവിലും ജനക്കൂട്ടം. അങ്ങനെ അവിടേയും കണക്കു കൂട്ടലുകൾ തെറ്റി. ബെന്നി ബെഹന്നാന്റെ എംപിയെ കണ്ടതും പൊട്ടിക്കരഞ്ഞ ചാണ്ടി ഉമ്മനും മകൾ അച്ചു ഉമ്മനും ഏവർക്കും നൽകിയത് നൊമ്പരകാഴ്ചയാണ്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗെയുമെല്ലാം ബാഗ്ലൂരുവിൽ ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ചു. രാവിലെ പതിനൊന്ന് മണിക്ക് നാട്ടിലേക്ക് മൃതദേഹവുമായുള്ള പ്രത്യേക എയർ ആംബുലൻസ് പുറപ്പെടുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ബംഗ്ലൂരുവിലെ മലയാളികളുടെ വികാരം അവർക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. അങ്ങനെ കേരളത്തിലേക്കുള്ള മുൻ മുഖ്യമന്ത്രിയുടെ മടക്ക യാത്ര ബംഗ്ലൂരുവിൽ നിന്നും വൈകിയെന്നതാണ് വസ്തുത.
വലിയ ആൾക്കൂട്ടമാണ് ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. വലിയ തോതിൽ ആൾക്കൂട്ടം ഒഴുകിയെത്തി. ഇങ്ങനെ പോയാൽ ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും മറ്റും കേരളത്തിൽ വലിയ ജനപ്രവാഹമായി മാറും. പൊതുദർശനങ്ങൾക്ക് കണക്കൂ കൂട്ടുന്നതിനും അപ്പുറത്തേക്ക് കടക്കം. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപ യാത്രയ്ക്ക് മണിക്കൂറുകൾ തന്നെ വേണ്ടി വരും. ഇതിന്റെ വ്യക്തമായ സൂചനകളാണ് ബംഗ്ലൂരുവിലെ കാഴ്ചകൾ. കർണ്ണാടക പൊലീസ് വലിയ പാടുപെട്ടാണ് ബംഗ്ലൂരുവിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത്. എല്ലാ ഷെഡ്യൂളുകളും തെറ്റിച്ച് ജനത്തിനൊപ്പം നിന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അതുപോലെ ഇനിയുള്ള അവസാന യാത്രയിലും ഏവരുടേയും കണക്കു കൂട്ടലുകൾ തെറ്റും. തീരുമാനങ്ങളും അതനുസരിച്ച് മാറ്റം വന്നേക്കും.
ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ, ബംഗ്ലൂരുവിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം പൊതു ദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടിഎസ് ജോണിന്റെ വീട്ടിലെത്തി അന്ത്യോപചോരം അർപ്പിച്ചു. സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പം നേരിട്ടെത്തി അനുശോചനം അറിയിച്ചു. വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവിന്റെ അന്ത്യയാത്ര അത്യപൂർവ്വതകളുടേതാകും.
ഉമ്മൻ ചാണ്ടിയുടെ വിയോഗം ഉൾകൊള്ളാനാകാതെ വിതുമ്പുകയാണ് രാഷ്ട്രീയ കേരളം. വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ പ്രതികരണം. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻ ചാണ്ടി. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഹായം തേടിവരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻ ചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയിൽ നടക്കും. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയിൽ സംസ്‌കരിക്കും. ബെംഗളൂരു ഇന്ദിരാനഗറിൽ മന്ത്രി ടി. ജോണിന്റെ വസതിയിൽ ഒരു മണിക്കൂർ പൊതുദർശനത്തിനു വയ്ക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് മണിക്കൂറുകൾ വേണ്ടി വന്നു. മൃതദേഹം ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിക്കും ആദ്യം ജഗതിയിലെ വീട്ടിലേക്ക് കൊണ്ടു പോകാനാണ് തീരുമാനം.
അതിന് ശേഷം ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുകയും ചെയ്യും. അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ സ്ഥിരമായി പോകാറുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനുവെച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയിൽവെച്ച് സംസ്‌കാരച്ചടങ്ങുകൾ നടക്കും.
ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് പുലർച്ചെ 4.25-ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഉമ്മൻ ചാണ്ടിയുടെ നിര്യാണം പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും രണ്ടുദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു.