- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനം കണ്ട സിനിമ 'മഞ്ഞിൽ വിരഞ്ഞ പൂക്കളാ'ണെന്ന് പറഞ്ഞത് മോഹൻലാലിനെ ഞെട്ടിച്ചു; മമ്മൂട്ടിയുടെയും അടുത്ത സുഹൃത്ത്; ഒരു ചിത്രത്തിൽ മുഖ്യമന്ത്രിയായി തന്നെ വേഷമിട്ടെങ്കിലും അത് റിലീസ് ആയില്ല; സംഭവബഹുലമായ ആ ജീവിതം സിനിമയാക്കാനുള്ള ചിലരുടെ നീക്കവും നടന്നില്ല; ഉമ്മൻ ചാണ്ടിക്ക് ഉണ്ട് ഒരു സിനിമാ ജീവിതം
കോഴിക്കോട്: ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെടുന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൂലിപ്പണിക്കാർ മുതൽ ചലച്ചിത്ര സൂപ്പർ താരങ്ങളുമായി ഒരുപോലെ അടുപ്പം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾ ഉൾപ്പെടയുള്ളവരുമായി അടുത്ത വ്യക്തിബന്ധമായിരുന്നു ഉമ്മൻ ചാണ്ടി പുലർത്തിയിരുന്നത്. തിരക്ക് കാരണം സിനിമകൾ അധികം കാണില്ലായിരുന്നെങ്കിലും, കാലകാരന്മ്മാരെ പ്രോൽസാഹിപ്പിക്കുന്നതിൽ എന്നും, മൂൻപന്തിയിൽ ആയിരുന്നു അദ്ദേഹം.
സിനിമാ സമരം നടന്നകാലത്ത് ചർച്ചകൾക്ക് മുൻകൈയെടുത്തും, തീയേറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ശ്രമിച്ചത് അടക്കമുള്ള ഉമ്മൻ ചാണ്ടിയുടെ ശ്രമങ്ങൾ മലയാള ചലച്ചിത്രമേഖലയിൽ ഉള്ളവരും എടുത്തുപറയാറുള്ളതാണ്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഗണേശ്‌കുമാർ മന്ത്രിയായിരുന്ന സമയത്താണ്, കേരളത്തിന്റെ അഭിമാനമായ ഐഎഫ്എഫ്കെക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തത്. .
ഇഷ്ടം മഞ്ഞിൽ വിരഞ്ഞ പൂക്കളോട്
സിനിമയോട് ഇഷ്ടക്കേടില്ലെങ്കിലും സമയം കിട്ടാത്തതിനാൽ സിനിമകളധികം കാണില്ലായിരുന്നു ഉമ്മൻ ചാണ്ടി. സിനിമാ താരങ്ങളും സംവിധായകരുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. പല സിനിമകളിലും അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്ന കഥാപാത്രങ്ങളെ എഴുത്തുകാർ രൂപപ്പെടുത്തിയിരുന്നു. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്ന സിനിമയിൽ ഉമ്മൻചാണ്ടീന്ന് പേരുള്ള രണ്ടാമതൊരാളെ കേട്ടിട്ടുണ്ടോയെന്ന് പോലും കേന്ദ്ര കഥാപാത്രം ചോദിക്കുന്നുണ്ട്.
സിനിമയോടും സിനിമാക്കാരോടും ഇത്രയധികം ബന്ധമുള്ളപ്പോഴും കണ്ട സിനിമകൾ പോലും ഉമ്മൻ ചാണ്ടിക്ക് പലപ്പോഴും ഓർമ്മയില്ലായിരുന്നു. ഒരിക്കൽ നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ അവസാനം കണ്ട സിനിമ ഏതെന്ന് ചോദിച്ചപ്പോൾ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. തന്റെ ആദ്യം റിലീസ് ചെയ്ത സിനിമയാണ് ഉമ്മൻ ചാണ്ടി അവസാനമായി കണ്ടത് എന്ന് കേട്ടപ്പോൾ ലാലും അദ്ഭുതപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മറ്റൊരു ചാനലിന് നൽകിയ അഭിമുഖത്തിൽ കുടുംബവുമായിട്ട് പല സിനിമകളും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പോലെ മുമ്പ് കണ്ട സിനിമകളേ ഓർത്തിരിക്കുന്നുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയോട് ഇഷ്ടക്കേടില്ലെങ്കിലും തിരക്ക് കാരണം തിയേറ്ററിലേക്ക് പോകാൻ കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടിവിയിൽ സിനിമ കാണുമ്പോഴും കോമഡി സിനിമകളോടായിരുന്നു താത്പര്യം. നർമ്മ രംഗങ്ങൾ കണ്ട് ചിരിക്കുമ്പോഴും പലപ്പോഴും രംഗത്തുള്ള നടീനടന്മാർ ആരെന്നുപോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല.
നടനായും വേഷമിട്ടു
ഒരു സിനിമയിൽ വേഷമിട്ടിട്ടുണ്ട് ഉമ്മൻ ചാണ്ടി. സൺ പിക്ചേഴ്സിന്റെ ബാനറിൽ സൈമൺ കുരുവിള സംവിധാനം ചെയ്ത 'പീറ്റർ' എന്ന ചിത്രത്തിലായിരുന്നു മുഖ്യമന്ത്രിയായി അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്. അനുവാദം ചോദിച്ചെത്തിയ സംവിധായകനോട് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമാണെന്നും മോശമായൊന്നും ചിത്രീകരിക്കില്ലെന്നുമുള്ള സംവിധായകന്റെ വാക്കുകൾക്ക് മുമ്പിൽ ഒടുവിൽ അദ്ദേഹം സമ്മതം മൂളി.
സിനിമയ്ക്കായി പ്രത്യേക സമയമൊന്നും നീക്കിവെക്കാനാവില്ല. പതിവ് തിരക്കുകൾക്കിടയിൽ നിങ്ങൾക്ക് വേണ്ടത് ചിത്രീകരിക്കാമെന്നായിരുന്നു ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്. പുതുപ്പള്ളി പള്ളിയുടെ മുമ്പിലെ കൽക്കുരിശിൽ മെഴുകുതിരി തെളിയിച്ചായിരുന്നു ആദ്യ സിനിമയുടെ ഷൂട്ടിംഗിന് തുടക്കം. ഉമ്മൻ ചാണ്ടി പള്ളിയിൽ പോകുന്നതും വീട്ടിലെത്തി നിവേദക സംഘത്തെ കാണുന്നതുമെല്ലാമായിരുന്നു ആദ്യ ദിവസം ചിത്രീകരിച്ചത്. ഷൂട്ടിംഗിന് മുമ്പുള്ള ക്ലാപ്പടിയും ലൈറ്റിംഗും ക്യാമറാമാനുമൊക്കെ ഉണ്ടായിരുന്നതൊഴിച്ചാൽ പതിവുപോലെ ആൾക്കൂട്ടത്തിനിടയിൽ തന്നെയായിരുന്നു ഉമ്മൻ ചാണ്ടി.
രാഷ്ട്രീയ നേതാക്കളായ പി സി ജോർജ്, സി കെ പത്മനാഭൻ എന്നിവരെല്ലാം വേഷമിട്ട കെ കെ റോഡ് എന്ന ചിത്രത്തിന് ശേഷമുള്ള സംവിധായകൻ സൈമൺ കുരുവിളയുടെ സംവിധാന സംരംഭമായിരുന്നു പീറ്റർ. എന്നാൽ ഈ ചിത്രം പൂർത്തിയായില്ല. ഒരു നല്ല കോട്ടയംകാരൻ തുടങ്ങിയ സംവിധായകന്റെ മറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും ഉമ്മൻ ചാണ്ടി വെള്ളിത്തിരയിലെത്തിയില്ല. ഉമ്മൻ ചാണ്ടിയുടെ ജീവിതം 'ഉമ്മൻ ചാണ്ടി. . . . ' എന്ന പേരിൽ സിനിമയാക്കാനുള്ള നീക്കം നടന്നിരുന്നെങ്കിലും അതും പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. കെഎസ്‌യു കാലം മുതൽ മുഖ്യമന്ത്രി പദംവരെയുള്ള കാര്യങ്ങളായിരുന്നു ഈ സിനിമയുടെ ഉള്ളടക്കം. സംസ്ഥാന സർക്കാറിന് വേണ്ടി പി ആർ ഡി ഒരുക്കിയ 'എന്നും നമ്മളോടൊപ്പം' എന്ന ഷോർട്ട് ഫിലിമിൽ ഉമ്മൻ ചാണ്ടി അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത്
രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിൽ ആണെങ്കിലും നടൻ മമ്മൂട്ടിയും ഉമ്മൻ ചാണ്ടിയുടെ സൗഹൃദവലയത്തിൽ ഇണ്ടായിരുന്നു. പുതുപ്പള്ളിയിലെ പള്ളിയിൽ പെരുന്നാളിന് പോയ കഥയും ഉമ്മൻ ചാണ്ടിയുടെ സാമീപ്യം അറിഞ്ഞ മറ്റ് സാഹചര്യങ്ങളും വിവരിച്ചു കൊണ്ട് ഹൃദ്യമായ ഒരു പോസ്റ്റാണ് മമ്മൂട്ടി ഫേസ്‌ബുക്കിലിട്ടത്. ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും എന്നും മമ്മൂട്ടി കുറിക്കുന്നു.
മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:''സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം. ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു.
ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു... ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം...
'ഞാനാ ഉമ്മൻ ചാണ്ടിയാ' എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്. ഒരിക്കൽ ഞങ്ങളുടെ 'കെയർ ആൻഡ് ഷെയർ' പദ്ധതി 600 കുട്ടികളുടെ ചികിത്സാചെലവ് കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചെലവ് ഇടഞ ഫണ്ട് ഉപയോഗിച്ച് സ്‌പോൺസർ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു.
സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. ' സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം 'ഒരു ചിരി മാത്രമായിരുന്നു മറുപടി.
'പ്രാഞ്ചിയേട്ടൻ' എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്
'ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ' എന്ന്...ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ.. ഒരുപാടെഴുതുന്നില്ല..എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു.അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടൊ
'ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും....''- ഇങ്ങനെയാണ് മമ്മൂട്ടി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.