- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇല്ലാ ഇല്ലാ മരിക്കില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ....ഞങ്ങളിലൊഴും ചോരയിലൂടെ.... ബംഗ്ലൂരുവിൽ കണ്ടത് കണ്ണു നിറയ്ക്കും കാഴ്ചകൾ; നേതാവിനെ കാണാൻ മലയാളി ഒഴുകിയെത്തിയപ്പോൾ യാത്ര വൈകിയത് ഒന്നര മണിക്കൂറോളം; അന്ത്യ പ്രാർത്ഥനകൾക്ക് ശേഷം നാട്ടിലേക്ക് ഉമ്മൻ ചാണ്ടിയുടെ മടക്കം; ബംഗ്ലൂരുവിൽ യാത്രാമൊഴി; ജനനായകൻ അന്ത്യയാത്രയിൽ
ബംഗ്ലൂരു: ഇല്ലാ ഇല്ലാ മരിക്കില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ....ഞങ്ങളിലൊഴും ചോരയിലൂടെ.... ജനനേതാക്കൾക്ക് കേരളം വിട ചൊല്ലുന്നത് ഈ മുദ്രാവാക്യം വിളിയിലൂടെയാണ്. കുഞ്ഞൂഞ്ഞിന് അത് ബംഗ്ലൂരുവിലും കിട്ടി. മുൻ മന്ത്രി ടി ജോണിന്റെ വീട്ടിന് മുന്നിൽ തടിച്ചു കൂടിയ കോൺഗ്രസ്, മുസ്ലിം ലീഗ് പ്രവർത്തകർ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു. അവർക്കിടയിലൂടെ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വിമാനത്താവളത്തിലേക്ക്. പ്രത്യേക വിമാനത്തിൽ കേരളത്തിലേക്കും. അങ്ങനെ മലയാളി ഏറെ സ്‌നേഹിച്ച ജനനേതാവ് തന്റെ നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. നേതാവിനെ അവസാനമായി കാണാൻ തിരുവനന്തപുരം മുതൽ കോട്ടയം വരെ കാത്തിരിക്കുകയാണ്. പുതുപ്പള്ളിയിൽ വ്യാഴാഴ്ച അന്ത്യ വിശ്രമം.
ബംഗ്ലൂരുവിൽ എല്ലാം നോക്കി നടത്താൻ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ ബെന്നി ബെഹന്നാൻ തന്നെ എത്തി. ഇടതു വലതുമായി നിന്ന പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും പ്രിയ നേതാവിന്റെ മൃതശരീരം ആംബുലൻസിലേക്ക് മാറ്റി. പിന്നെ ബംഗ്ലൂരുവിലും വിലാപ യാത്ര. വിമാനത്താവളത്തിൽ പ്രത്യേക തയ്യാറാക്കിയ എയർ ആംബുലൻസിൽ കേരളത്തിലേക്ക് മടക്കം. ഭാര്യയും മക്കളും കൊച്ചു മക്കളും നേതാവിനെ അനുഗമിക്കുന്നു. എല്ലാവർക്കും നാട്ടിലേക്ക് മടങ്ങാൻ മറ്റൊരു പ്രത്യേക വിമാനവും സജ്ജം. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ബംഗ്ലൂരുവിൽ അന്തിമോപചാരം അർപ്പിച്ചു. ദേശീയ നേതാക്കളെല്ലാം അവിടെ എത്തുകയും ചെയ്തു.
ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കുടുംബത്തെ സമാധാനിപ്പിച്ചു. ബംഗളൂരുവിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി. ജോണിന്റെ വീട്ടിലെത്തിയാണ് നേതാക്കൾ അന്ത്യോപചാരം അർപ്പിച്ചത്. ഭാര്യ മറിയാമ്മയെയും മക്കളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ള നേതാക്കളും നേരിട്ടെത്തി അനുശോചനം അറിയിച്ചു.
തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിൽ മൃതദേഹം എത്തിച്ചശേഷം പിന്നീട് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലും മൃതദേഹം എത്തിക്കും. പിന്നീട് ഇന്ദിരാ ഭവനിലെ പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്തെത്തിക്കും. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. അടുത്ത ദിവസം സംസ്‌കാരം നടക്കും. കേരളം ആകെ ഉമ്മൻ ചാണ്ടിയുടെ വിയോഗ വേദനയിലാണ്.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന ജനസദസ്സ് ഉൾപ്പെടെയുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് (ജൂലൈ 24 )മാറ്റിവെച്ചു. ജില്ല ,ബ്ലോക്ക് , മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളിൽ ഈ ഒരാഴ്ചക്കാലം ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടികൾ നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നിർദ്ദേശിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ പൊതു പ്രവർത്തന മണ്ഡലത്തിലേക്ക് കാലെടുത്തുവെച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ദേശീയ തലത്തിൽ പോലും കോൺഗ്രസിന് വിദ്യാർത്ഥി സംഘടന ഇല്ലാതിരുന്ന സംസ്ഥാനത്ത് കേരള വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം അതിന്റെ ജീവ വായുവായി മാറിയ നേതാക്കളിൽ മുൻനിരയിൽ ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിലുടനീളം സഞ്ചരിച്ച് തന്റെ വിദ്യാർത്ഥി കാലഘട്ടത്തിൽ കെ എസ് യുവിന് അടിത്തറ പാകുന്നതിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് ചെറുതായിരുന്നില്ല.സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ മികച്ച സംഘാടകനെന്ന നിലയിൽ പേരെടുത്തു.
പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് പദവിയായിരുന്നു ഉമ്മൻ ചാണ്ടിയെ തേടിയെത്തിയാ ആദ്യ സംഘടന പദവി. പിന്നീട് കെ എസ യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും കെ പി സി സി, എ ഐ സി സി ഭാരവാഹിയുമായി. കെ എസ് യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ കേരള സമൂഹത്തിന് ആകെ മാതൃകയാക്കാവുന്ന ഒട്ടനവധി പദ്ധതികൾ ആയിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുന്നോട്ടുവച്ചിരുന്നത്.
കെഎസ്‌യു കാലത്തിനുശേഷം യൂത്ത് കോൺഗ്രസിലും പിന്നീട് കോൺഗ്രസിലും എത്തിയപ്പോഴും ഉമ്മൻ ചാണ്ടിയുടെ മനസ്സ് നിറയെ കെഎസ്‌യു കാലം തന്നെയായിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും വിവിധ ചുമതലകൾ വഹിക്കുമ്പോഴും വിദ്യാർത്ഥി കാലഘട്ടം പകർന്ന ഊർജ്ജം തന്നെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ കരുത്ത്. പാർട്ടി പ്രതിസന്ധിയിൽ ആകുന്ന ഘട്ടങ്ങളിലെല്ലാം പഴയ കെഎസ്‌യുക്കാരന്റെ വീറും ആവേശവും ഉമ്മൻ ചാണ്ടിയിൽ പ്രകടമായിട്ടുണ്ട്.
എല്ലാ കാലത്തും ആൾക്കൂട്ടത്തിൽ നിന്നു മാറി നടക്കാൻ വിസമ്മതിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ നേതാവായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഏതു കാര്യവം നടത്തിയെടുക്കാൻ അദ്ദേഹത്തിന് അസാമാന്യമായ പാടവമുണ്ടായിരുന്നു. അസാധ്യമായത് സാധ്യമാക്കിയ ചരിത്രമാണ് ഉമ്മൻ ചാണ്ടിക്ക്. അതുകൊണ്ട് കൂടിയാണ് ആയിരങ്ങൾ ആ വിയോഗത്തിൽ കണ്ണീർ തുടയ്ക്കുന്നതും.