കോട്ടയം: കണ്ണൂരിൽ കല്ലെറിയൽ. സെക്രട്ടറിയേറ്റിൽ ഭ്രാന്തന്റെ കസേരയിൽ ഇരിക്കൽ. ഇതിനൊപ്പം ഒരു പ്രകോപനവുമില്ലാതെ മുഖത്തടിച്ചയാളോടും ക്ഷമിച്ചു ഉമ്മൻ ചാണ്ടി. 1980ൽ മുണ്ടക്കയം തങ്കൻ എന്ന സിപിഎം പ്രവർത്തകനാണ് മുഖത്തടിച്ചത്. എംഎൽഎയായിരിക്കുമ്പോഴാണു സംഭവം. പെട്ടെന്നുള്ള പ്രകോപനത്തിൽ ഉമ്മൻ ചാണ്ടിയുടെ മുഖത്തടിച്ച മുണ്ടക്കയം തങ്കൻ പിന്നീടു പശ്ചാത്താപം മൂലം കോൺഗ്രസ് അനുഭാവിയാവുകയും ഐഎൻടിയുസി പ്രവർത്തകനായി ഉമ്മൻ ചാണ്ടിയോടു ക്ഷമ ചോദിക്കുകയും ചെയ്തു. അതായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ കണ്ണൂരിൽ കല്ലേറിന് നേതൃത്വം കൊടുത്തവർ മാപ്പു പറഞ്ഞില്ല. സോളാറിൽ ലൈംഗികാരോപണം വ്യാജമായി ഉയർത്തിയവർക്കും ഈ നേതാവിനോട് മാപ്പു പറയണമെന്ന് ഇനിയും മനസ്സിലാകുന്നില്ല.

മുഖത്തടിച്ച കഥ ഉമ്മൻ ചാണ്ടി മുമ്പ് പറഞ്ഞതിങ്ങനെ: ''മന്ത്രിയായിരുന്ന ടി.കെ.ദിവാകരൻ കോട്ടയത്തെത്തി. ഗെസ്റ്റ് ഹൗസിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം കങ്ങഴയിൽ ഒരു ചടങ്ങിനു പോവുകയാണ് അദ്ദേഹം. എന്നെയും കൂടെക്കൂട്ടി. സ്റ്റേറ്റ് കാർ കേടായതു കൊണ്ട് ഒരു എൻജിനീയറുടെ കാറിലാണു യാത്ര. വഴിയിൽ സിഐടിയുവിന്റെയും എസ്എഫ്ഐയുടെയും പ്രകടനം. അവർ ആളറിയാതെ കാർ തടഞ്ഞു. കാറിൽ മന്ത്രി ഉണ്ടെന്ന് ആർക്കും അറിയില്ല. അകത്ത് എന്നെക്കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പെട്ടെന്നു മുന്നോട്ടുവന്ന് ഒറ്റയടി. കണ്ണിൽ നിന്നു പൊന്നീച്ച പറന്നു. ക്ഷുഭിതനായ ടി.കെ.ദിവാകരൻ മുണ്ടും മടക്കിക്കുത്തി പുറത്തിറങ്ങി. പൊലീസുമെത്തി. മന്ത്രിയോടൊപ്പം വന്ന എംഎൽഎയെ തല്ലിയ സംഭവമാണല്ലോ. കേസെടുക്കണമെന്നും ആളെ പിടിക്കണമെന്നും എസ്‌പി അടക്കമുള്ള പൊലീസുകാർ പറഞ്ഞു. പക്ഷേ, പരാതി നൽകാനോ കേസെടുക്കാൻ അനുവദിക്കാനോ ഞാൻ തയാറായില്ല.''

അടിച്ചതു മുണ്ടക്കയം തങ്കനാണെന്നു പൊലീസ് കണ്ടെത്തി. ഇതോടെ തങ്കനെപ്പറ്റിയായി നഗരത്തിലെ തൊഴിലാളികൾക്കിടയിൽ ചർച്ച. തന്നെ തല്ലിയതിലുള്ള മനോവിഷമത്തിൽ ഐഎൻടിയുസിയിൽ ചേർന്ന തങ്കനെ മികച്ച തൊഴിലാളിക്കുള്ള അവാർഡ് ഏറ്റുവാങ്ങുന്നതിന് എത്തിയപ്പോഴാണു പിന്നീടു കണ്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. കണ്ണൂരിൽ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഡിവൈഎഫ് ഐക്കാർ ഉമ്മൻ ചാണ്ടിയെ ആക്രമിച്ചത്. കാറിൽ കല്ലെറിഞ്ഞു. ചില്ലു പൊട്ടി. തലയിൽ നിന്ന് ചോരയൊഴുകി. അപ്പോഴും പൊലീസിനോട് സംയമനം പാലിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. അങ്ങനെ കണ്ണൂരിൽ കലാം മാറി നിന്നു. സോളാറിലെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു. ഇതിനിടെയാണ് ലൈംഗികാരോപണം എത്തിയത്. അതും രാഷ്ട്രീയ എതിരാളികൾ ആഘോഷമാക്കി.

ദേശാഭിമാനിയിൽ അന്ന് നിറഞ്ഞു നിന്ന വികെ മാധവൻകുട്ടി തന്നെ തെറ്റ് തുറന്നു പറഞ്ഞു. അപ്പോഴും ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ സിപിഎമ്മും ദേശാഭിമാനിയും നെഞ്ചുവിരിച്ച് ഇരിക്കുന്നു. ഇവർക്കുള്ള മറുപടിയാണ് അവസാന യാത്രയിൽ ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ച് കേരളം നൽകുന്നത്. ജനമനസ്സിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ സ്ഥാനം. മുഖ്യമന്ത്രിയായി രണ്ടാമത് എത്തുമ്പോൾ തന്റെ ഓഫീസിലെ തൽസമയ ദൃശ്യങ്ങൾ ഓൺലൈനിൽ എത്തിച്ചു. അങ്ങനെ മുഖ്യമന്ത്രിയുടെ കസേരയിൽ ഭ്രാന്തൻ കയറി ഇരിക്കുന്നതും കണ്ടു. പക്ഷേ ഇതൊന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ അലോസരപ്പെടുത്തിയില്ല. ആ ഭ്രാന്തനേയും സഹജീവിയായി കണ്ട് ഉമ്മൻ ചാണ്ടി ക്ഷമിച്ചു.

കേരളചരിത്രത്തിലെ ഏറ്റവും മികച്ച പൊതുജനസേവകരിൽ ഒരാളായ ഉമ്മൻ ചാണ്ടി ഒരു അദ്ഭുത പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ഒരു സമർപ്പിതജീവിതമായിരുന്നു. രാജ്യത്തിനും ജനങ്ങൾക്കുംവേണ്ടി സമർപ്പിക്കപ്പെട്ട നിസ്വാർഥ ജീവിതം. തന്റെ നിയോജകമണ്ഡലമായ പുതുപ്പള്ളിയെയും അവിടത്തെ ജനങ്ങളെയും വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്തതുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിലേക്കു പോകാതിരുന്നതെന്ന് ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്.

സ്വന്തം നാടിനോടും നാട്ടുകാരോടുമുള്ള ഈ ഹൃദയബന്ധം അദ്ദേഹത്തെ എന്നും പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞായിരിക്കാൻ സഹായിച്ചു. കെട്ടിപ്പിടിച്ച് തോളിൽ കൈയിട്ട്, പുറത്തു തട്ടി, വെളുക്കെ ചിരിച്ച്, വർത്തമാനം പറഞ്ഞതുകൊണ്ടുമാത്രം ഉണ്ടായതല്ല ഈ ഹൃദയബന്ധം. കാറ്റിനും മഴയ്ക്കും കാലത്തിനും മായ്ക്കാനാവാത്ത ആത്മബന്ധമാണത്.-ജസ്റ്റീസ് സിറിയക് ജോസഫ് പറയുന്നു. ജനങ്ങൾക്കൊപ്പമായിരിക്കുന്നതിനേക്കാൾ ആഹ്ലാദകരമായ ഒന്നും അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. ഈ ജനകീയതയുടെ തിളക്കത്തിൽ, ഉമ്മൻ ചാണ്ടിയെന്ന സംഘാടകന്റെയും നിയമസഭാ സാമാജികന്റെയും പ്രതിപക്ഷ നേതാവിന്റെയും മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഉജ്വലപ്രകടനവും മികച്ച പ്രവർത്തനവും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്.

എന്നാൽ, പ്രസ്തുത മേഖലകളിലെ അദ്ദേഹത്തിന്റെ മികവും നേട്ടങ്ങളും നിയമസഭാ സ്പീക്കർമാരും സഹമന്ത്രിമാരും വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും ദേശീയ നേതാക്കളും മാധ്യമപ്രവർത്തകരും സുവർണജൂബിലി വേളയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും മാത്രമല്ല, പ്രവൃത്തിയിലും വികസന നായകനായി പ്രശോഭിച്ചു. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വന്തം ആരോഗ്യം പോലും അവഗണിച്ച് വിശ്രമമില്ലാതെ സംസ്ഥാനം മുഴുവൻ ഓടിനടന്ന് ലക്ഷക്കണക്കിനു ജനങ്ങൾക്ക് പ്രത്യാശയും ആശ്വാസവും നൽകിയ ഉമ്മൻ ചാണ്ടി കരുണയുടെ കരകാണാക്കടലായും കരുതലിന്റെ തളരാത്ത കൈത്താങ്ങായും പ്രകീർത്തിക്കപ്പെട്ടു. എന്തു സംഭവിച്ചാലും തങ്ങളോടൊപ്പം തങ്ങളുടെ മുഖ്യമന്ത്രിയുണ്ടാവുമെന്ന് ജനങ്ങൾ വിശ്വസിച്ചു.