തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിൽ നിരവധി പേർക്ക് പങ്കുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേരളം ഭരിച്ചവരുടെ എല്ലാം ആകെ തുകയാണ് ഇന്ന് കാണുന്ന കേരളം. സി അച്യുതമേനോന്റെ വികസന വഴിയും കെ കരുണാകരന്റെ ദീർഘ വീക്ഷണവും അതിൽ പ്രധാനപ്പെട്ടതാണ്. ഇഎംഎസും എകെ ആന്റണിയും ഇകെ നയനാരും വി എസ് അച്യുതാനന്ദനും തുടങ്ങി ദീർഘകാലം കേരളത്തെ നയിച്ച മുഖ്യമന്ത്രിമാർക്കെല്ലാം ഇതിനൊപ്പം വലിയ പങ്കുണ്ട്. ചെറിയകാലം നയിച്ച പികെ വാസുദേവൻ നായരും പട്ടംതാണുപിള്ളയും ആർ ശങ്കറും സിഎച്ച് മുഹമ്മദ് കോയയും എല്ലാം വേണ്ടത് ചെയ്തു. എന്നാൽ ആധുനിക കേരളത്തിന് വേണ്ട വികസന വേഗത മുമ്പോട്ട് വച്ചത് സാക്ഷാൽ ഉമ്മൻ ചാണ്ടിയാണ്.

കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിഞ്ഞതാണ് പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവന. ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും ജനസമ്പർക്ക പരിപാടിയും കാരുണ്യ ബനവലന്റ് സ്‌കീമും കേൾവിത്തകരാറുള്ള കുട്ടികൾക്കുള്ള കോക്ലിയർ ഇംപ്ലാന്റേഷനും സ്വയംഭരണ കോളജുകളും മുതൽ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി രൂപവൽക്കരിച്ച സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റി വരെ ഒട്ടേറെ സാമൂഹികക്ഷേമ പദ്ധതികൾക്കു തുടക്കമിട്ടെങ്കിലും വരുംതലമുറ അദ്ദേഹത്തെ വിലയിരുത്തുക, നടക്കില്ലെന്നു കരുതിയ വൻകിട പദ്ധതികൾക്കു തുടക്കമിട്ട മുഖ്യമന്ത്രി എന്ന നിലയിലാകും. 21-ാം നൂറ്റാണ്ടിലെ കേരള വികസന മാതൃക നിർദ്ദേശിച്ച ജനനായകനാണ് മടങ്ങുന്നത്.

മുഖ്യമന്ത്രിയായി അധികാരത്തിൽ ഇരുന്ന സമയം വികസനത്തിലൂടെ കൈയൊപ്പ് ചാർത്താൻ ഉമ്മൻ ചാണ്ടി ആഗ്രഹിച്ചു. അത് എണ്ണം പറഞ്ഞ പദ്ധതികളായി. കരയിലും ആകാശത്തും കടലിലും വികസന സാധ്യത തേടി. എല്ലാ വഴിയിലൂടെയും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഉമ്മൻ ചാണ്ടി മുമ്പിൽ കണ്ടു. ഇ ശ്രീധരനെ മുന്നിൽ നിർത്തി പറഞ്ഞ സമയത്തിനുള്ളിൽ കൊച്ചിയിൽ മെട്രോ എത്തിച്ച മുഖ്യമന്ത്രി. കണ്ണൂരിലെ മൂർഖൻ പറമ്പിൽ വിമാനം ഇറക്കിയ ജനയാകൻ. ഇതിനൊപ്പം വിഴിഞ്ഞം തുറമുഖത്തിലും ആ ദീർഘ വീക്ഷണം തുണച്ചു. വിഴിഞ്ഞത് കപ്പലെത്തുമ്പോൾ അതു കാണാൻ ഉമ്മൻ ചാണ്ടിയില്ല. എന്നാൽ മാറിയ ലോകത്ത് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാൻ അദാനി വേണമെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞു. അതുമാത്രമാണ് വിഴിഞ്ഞത്തെ തുറമുഖം യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നത്.

കൊച്ചി മെട്രോയുടേയും കണ്ണൂർ വിമാനത്താവളത്തിന്റേയും പേരിൽ അഴിമതി ആരോപണം ഉയരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പ്രത്യേകം ഉറപ്പിച്ചു. കൊച്ചി മെട്രോയിൽ ഇ ശ്രീധരന്റെ സാന്നിധ്യത്തെ ചിലർ എതിർത്തു. പക്ഷേ ഉമ്മൻ ചാണ്ടി അതിന് വഴങ്ങിയില്ല. ശ്രീധരനെ മുമ്പിൽ നിർത്തി കൊച്ചിക്ക് പുതിയ വിസ്മയമൊരുക്കി. കണ്ണൂരിലെ വിമാനത്താവളവും ആരോപണങ്ങൾക്ക് അപ്പുറമായിരുന്നില്ല. തന്റെ ഭരണകാലത്ത് അത് പൂർത്തീകരിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും മുഖ്യമന്ത്രിയെന്ന നിലയിൽ വിമാനത്തിന്റെ പരീക്ഷണ ലാൻഡിങ് നടത്തി. അത് മൂർഖൻ പറമ്പിന് ആവേശമായി. അങ്ങനെ കേരളത്തിൽ നാലാം വിമാനത്താവളം ഉമ്മൻ ചാണ്ടിയുടെ കരുതലിന്റെ ഫലമായി എത്തിയെന്നതാണ് വസ്തുത.

വിഴിഞ്ഞത്ത് സമാനതകളില്ലാത്ത വെല്ലുവിളിയായിരുന്നു. പദ്ധതിയെ അട്ടിമറിക്കാൻ പലരുമെത്തി. കേന്ദ്ര സർക്കാർ വിഴിഞ്ഞത്തെ സാധ്യത കണ്ടില്ലെന്ന് നടിച്ചു. കുളച്ചലിലേക്ക് ചർച്ചകളെത്തി. ചൈനയും ശ്രീലങ്കയും അട്ടിമറി ശ്രമങ്ങൾ നടത്തി. ഈ ഘട്ടത്തിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ വരവ്. മോദിയുടെ വിശ്വസ്തനായ അദാനിയെ പദ്ധതി ഏൽപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര മികവാണ്. ഇനിയും ആ പദ്ധതി സ്വപ്‌നസാക്ഷാത്കാരമായിട്ടില്ല. എങ്കിലും അടുത്ത വർഷമെങ്കിലും കപ്പലെത്തുമെന്നാണ് പ്രതീക്ഷ. ഇതു കാണാൻ ഉമ്മൻ ചാണ്ടിയില്ലെങ്കിലും ആ ജനനായകൻ തന്നെയാണ് അദാനിയെ ഇറക്കി മോദിയെ അനുകൂലമാക്കി വിഴിഞ്ഞത്തെ പ്രതീക്ഷകൾ പുതു ചിറക് നൽകിയത്. അങ്ങനെ കടൽ ഗതാഗതത്തിലും ഉമ്മൻ ചാണ്ടി കേരളത്തിന്റെ കൈയൊപ്പ് എത്തിച്ചു.

അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യവുമായി മികച്ചൊരു ഭരണം വാഗ്ദാനം ചെയ്താണ് 2011 മെയ് 18ന് ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലേറിയത്. തന്റെ വാഗ്ദാനം നിറവേറ്റുന്നതിൽ ഉമ്മൻ ചാണ്ടി തത്പരനാണെങ്കിലും അവിചാരിതമായി മുന്നണിക്കകത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങളും ചില സാമുദായിക പ്രസ്ഥാനങ്ങളുടെ അതിരുവിട്ട സമ്മർദങ്ങളും അദ്ദേഹത്തിന്റെ പ്രയാണത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. സഹപ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥ ലോബിയിൽ നിന്നും വേണ്ടത്ര സഹകരണമില്ലെന്ന പരാതിയുമുണ്ടായിരുന്നു. ആത്മപരിശോധനക്കും, മുന്നണിക്കകത്തെ പ്രശ്നങ്ങൾ പരിഹരിച്ച് വികസന രംഗത്ത് കൂട്ടായ മുന്നേറ്റത്തിനും ഉമ്മൻ ചാണ്ടി പരമാവധി ശ്രമിച്ചു. അതിന്റെ ഫലമായിരുന്നു മെട്രോയും വിമാനത്താവളവും തുറമുഖ കരാർ ഒപ്പിടലും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം 1995 ൽ തുടക്കമിട്ട പദ്ധതി വിവാദങ്ങളിൽ കുരുങ്ങി 20 വർഷമാണു നീണ്ടുപോയത്. 2011 ൽ അധികാരമേറ്റശേഷം ഉമ്മൻ ചാണ്ടി മുൻകയ്യെടുത്താണ് കുരുക്കഴിച്ചു തുടങ്ങിയത്. കേന്ദ്രസർക്കാരിൽ തുടർച്ചയായി സമ്മർദം ചെലുത്തി അനുമതികൾ നേടിയെടുത്ത് 2015 ഡിസംബറിൽ തുറമുഖ നിർമ്മാണം തുടങ്ങി. പാർട്ടിക്കുള്ളിൽ നിന്നു പോലും ശക്തമായ എതിർപ്പു നേരിടേണ്ടി വന്നു. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 6500 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചെങ്കിലും പിന്നീട് അധികാരത്തിലെത്തിയപ്പോൾ പദ്ധതിക്കു പൂർണപിന്തുണ നൽകി. അടുത്തവർഷം തുറമുഖം പ്രവർത്തനം തുടങ്ങും.

പലവിധ വിവാദങ്ങളിൽ കുരുങ്ങി നീണ്ടുപോയ കൊച്ചി മെട്രോ നിർമ്മാണത്തിനു തുടക്കമിട്ടത് 2012 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. വിവാദങ്ങൾക്കൊടുവിൽ ഡിഎംആർസിക്കു കരാർ നൽകി 2013 ൽ നിർമ്മാണം തുടങ്ങി. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ട സർവീസ് തുടങ്ങാൻ പക്ഷേ, 2017 വരെ കാത്തിരിക്കേണ്ടിവന്നു. 1997 ൽ തുടക്കമിട്ട പദ്ധതിയാണെങ്കിലും കണ്ണൂർ വിമാനത്താവളത്തിനു കേന്ദ്രാനുമതി ലഭിച്ചത് 2008 ലാണ്. പക്ഷേ, തുടർപ്രവർത്തനങ്ങൾ നീങ്ങിയില്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014 ലാണ് നിർമ്മാണം തുടങ്ങിയത്. 2016 ൽ എയർഫോഴ്‌സിന്റെ ആദ്യവിമാനം പരീക്ഷണാർഥം വിമാനത്താവളത്തിലിറക്കി. 2018 ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കി ഔദ്യോഗിക സർവീസുകൾ തുടങ്ങി.

എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന പദ്ധതി മുന്നോട്ടുവച്ചത് ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് സർക്കാർ ആയിരുന്നു. 8 മെഡിക്കൽ കോളജുകൾ സ്ഥാപിക്കാനായിരുന്നു സർക്കാർ പദ്ധതി. ആദ്യത്തേത് മഞ്ചേരിയിൽ 2013ൽ ഉദ്ഘാടനം ചെയ്തു. 31 വർഷത്തിനുശേഷം കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ മെഡിക്കൽ കോളജ് ആയിരുന്നു അത്. 40 വർഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയപാതാ ബൈപാസുകളുടെ നിർമ്മാണം പുനരാരംഭിച്ചത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ്. ചെലവിന്റെ 50% സംസ്ഥാനം വഹിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കഴക്കൂട്ടംമുക്കോല) ബൈപാസുകളുടെ നിർമ്മാണം പുനരാരംഭിച്ചത്.