തിരുവനന്തപുരം: കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്ത് ഉമ്മൻ ചാണ്ടി നടത്തിയത് സമാനതകളില്ലാത്ത ജന സേവനമാണ്. സ്വന്തം നാടായ പുതുപ്പള്ളിയിലേക്കുള്ള യാത്രകൾ സ്ഥിരമായിരുന്നു. അതുകൊണ്ട് തന്നെ എംസി റോഡിലെ സ്പന്ദനങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ നേതാവ്. ഈ റോഡിലൂടെ ഉമ്മൻ ചാണ്ടിക്ക് ഇന്ന് അവസാന യാത്ര. അന്തരിച്ച മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തിൽ അന്ത്യഞ്ജലിയർപ്പിക്കാൻ ചൊവ്വാഴ്ച രാത്രി വൈകിയും ജനപ്രവാഹം ഉണ്ടായിരുന്നു. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ വിവിധസ്ഥലങ്ങളിലെ പൊതുദർശന സ്ഥലങ്ങളിൽ എത്തിയത്. ആദരമർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തിയതോടെ പ്രതീക്ഷിച്ചതിലും വൈകിയാണ് ഓരോ ഇടത്തെയും പൊതുദർശനം നടക്കുന്നത്.

തിരുവനന്തപുരം എല്ലാ അർത്ഥത്തിലും നേതാവിന് അർഹിച്ച അന്ത്യാഞ്ജലി അർപ്പിച്ചു. ഇനി കോട്ടയത്തേക്ക്. വഴിയരുകിൽ കാത്തു നിൽക്കുന്ന എല്ലാവർക്കും നേതാവിനെ കാണാനാകും. അതുകൊണ്ട് തന്നെ വിലാപയാത്ര എത്രമണിക്കൂറെടുത്ത് കോട്ടയത്ത് എത്തുമെന്ന് ആർക്കും അറിയില്ല. അതുകൊണ്ട് കൂടിയാണ് സംസ്‌കാര ചടങ്ങുകൾ നാളത്തേക്ക് മാറ്റാനും കാരണം. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ബുധനാഴ്ച രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.

വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പുതുപ്പള്ളി പള്ളി സെമിത്തേരിയിൽ സംസ്‌കാരം. പതിനായിരങ്ങൾ ഉമ്മൻ ചാണ്ടിയെ കാണാനെത്തുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തന്നെ വിപുലമായ സൗകര്യങ്ങൾ സർക്കാരും ഒരുക്കുന്നുണ്ട്. ആളുകളുടെ വലിയ തിരക്കുള്ളതിനാൽ എല്ലാ സമയക്രമവും തെറ്റിയായിരുന്നു ഇന്നലെയുള്ള പൊതു ദർശനം. അത് ഇന്നും സംഭവിക്കാൻ സാധ്യത ഏറെയാണ്.

പുതുപ്പള്ളിയിൽ ബുധനാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവല്ലയിൽ നിന്നും തിരുവനന്തപുരത്ത് ഭാഗത്തേക്ക് പോകുന്ന വലിയ ഭാരവാഹനങ്ങൾ കായംകുളം വഴി ദേശീയപാതയിലൂടെ പോകണമെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന്, കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്ങനെ കേരളം ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലാൻ എല്ലാ അർത്ഥത്തിലും തയ്യാറെടുക്കുകയാണ്. മൃതദേഹം കാണാനെത്തുന്നവരുടെ കണ്ണിൽ എല്ലാം നഷ്ട വേദന നിറയുന്നു. അതു തന്നെയാണ് ജനകീയ നേതാവിന് മലയാളിയുടെ മനസ്സിലുള്ള സ്ഥാനത്തിന് തെളിവ്.

ബെംഗളൂരു ചിന്മയമിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അർബുദ ബാധയേത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിൽ മുന്മന്ത്രി ടി. ജോണിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷന്മാരായ സോണിയാഗാന്ധി, രാഹുൽഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും വലിയ ജനാവലിയും ഇവിടെയെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെനിന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ ജഗതിയിലെ പുതുപ്പള്ളി ബംഗ്ലാവിൽ എത്തിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളും ആയിരക്കണക്കിനുവരുന്ന പ്രവർത്തകരും ഓരോയിടത്തും അദ്ദേഹത്തിന്റെ മൃതദേഹത്തെ അനുഗമിച്ചു്. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി എം. സുധീരൻ, കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ളവർ പുതുപ്പള്ളി ഹൗസിലെത്തി അന്തിമോപചാരം അർപ്പിച്ചു. അന്ത്യയാത്രയ്ക്കൊരുങ്ങുന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനെ കണ്ട് ആന്റണിയും സുധീരനും വിതുമ്പിക്കരഞ്ഞു.

പുതുപ്പള്ളി ഹൗസിലെ പൊതുദർശനം പൂർത്തിയാക്കി, മൃതദേഹം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ എം.ബി. രാജേഷ്, ആർ. ബിന്ദു എന്നിവർ ഇവിടെയെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്. ഇവരെക്കൂടാതെ മറ്റുപ്രമുഖരും ദർബാർ ഹാളിലെത്തി ആദരമർപ്പിച്ചു. ഇതിനുശേഷം തിരുവനന്തപുരം സെന്റ് ജോർജ് കത്തിഡ്രലിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. തുടർന്ന് കെപിസിസി. ആസ്ഥാനമായ ഇന്ദിരാഭവനിലെ പൊതുദർശനത്തിനുശേഷം മൃതദേഹം വീണ്ടും ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. ഇന്ദിരാ ഭവനിലും ആയിരങ്ങളാണ് നേതാവിനെ അവസാനമായി കാണാനെത്തിയത്..

കോട്ടയത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉമ്മൻ ചാണ്ടിയുടെ ശവസംസ്‌കാര ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്ന് വരുന്ന വലിയവാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജങ്ഷനിൽ എത്തി ചാലുകുന്ന് മെഡിക്കൽകോളേജ് വഴി പോകണം.

കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോകണം. എം.സി. റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴനിന്ന് ബൈപ്പാസ് റോഡ്, ഈരയിൽക്കടവ് വഴി ബസേലിയോസ് കോളേജ് കവലയിലെത്തി പോകണം. വലിയ വാഹനങ്ങൾ മണിപ്പുഴ ജങ്ഷനിൽനിന്ന് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകണം. നാഗമ്പടം പാലത്തുനിന്ന് വരുന്ന വാഹനങ്ങൾ സിയേഴ്‌സ് ജങ്ഷൻ, നാഗമ്പടം ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി എം.എൽ.റോഡിലൂടെ കോടിമതയിലെത്തിപോകണം.

കുമരകം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ബേക്കർ ജങ്ഷനിലെത്തി സിയേഴ്‌സ് ജങ്ഷൻ വഴി വലത്തോട്ടുതിരിഞ്ഞ് ബസ്സ്റ്റാൻഡ് റോഡിലൂടെ പോകണം. നാഗമ്പടം സ്റ്റാൻഡിൽനിന്ന് കാരാപ്പുഴ, തിരുവാതുക്കൽ, ഇല്ലിക്കൽ ഭാഗത്തേക്കുപോകേണ്ട ബസുകൾ ബേക്കർ ജങ്ഷനിലെത്തി അറുത്തൂട്ടി തിരുവാതുക്കൽവഴി പോകണം. കെ.കെ. റോഡിലൂടെവരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്ടറേറ്റ്, ലോഗോസ്, ശാസ്ത്രിറോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ്സ്റ്റാൻഡിലേക്കും പോകണം.

വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ

തിരുനക്കര അമ്പലം മൈതാനത്ത് സർക്കാർ വകുപ്പുകളുടെ വാഹനങ്ങൾ മാത്രം. കാർ തുടങ്ങി ചെറുവാഹനങ്ങൾക്ക് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, സി.എം.എസ്. കോളേജ് റോഡ്, തിരുനക്കര ബസ്റ്റാൻഡ്, യെരുശലേം പള്ളി മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. കുര്യൻ ഉതുപ്പ് റോഡ്, ഈരയിൽക്കടവ് ബൈപ്പാസ് എന്നിവിടങ്ങളിൽ ബസ് തുടങ്ങി വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാമെന്ന് ജില്ലാ പൊലീസ് മേധാവി അറയിച്ചു.

പുതുപ്പള്ളിയിൽ വ്യാഴാഴ്ച രാവിലെ മുതലുള്ള നിയന്ത്രണം

തെങ്ങണയിൽനിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ ചിങ്ങവനംവഴി പോകണം. തെങ്ങണയിൽനിന്ന് മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽനിന്ന് കൈതേപ്പാലം വേട്ടത്തുകവല സ്‌കൂൾ ജങ്ഷനിൽനിന്ന് ഐ.എച്ച്.ആർ.ഡി. കവലയിലെത്തി പോകണം. മണർകാട്ടുനിന്ന് തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഐ.എച്ച്.ആർ.ഡി. കവലയിൽനിന്ന് വേട്ടത്തുകവല സ്‌കൂൾ ജങ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകണം. കറുകച്ചാൽ നിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈതേപ്പാലം വേട്ടത്തുകവല സ്‌കൂൾ ജങ്ഷനിൽനിന്ന് ഐ.എച്ച്.ആർ.ഡി. കവലയിലെത്തി മണർകാടുവഴി പോകണം. കോട്ടയത്തുനിന്ന് തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി. കവലയിലെത്തി വേട്ടത്തുകവല സ്‌കൂൾ ജങ്ഷൻ കൈതേപ്പാലം വഴി തെങ്ങണയിലേയ്ക്ക് പോകണം. കഞ്ഞിക്കുഴിയിൽനിന്ന് കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി. കവലയിലെത്തി വേട്ടത്തുകവല സ്‌കൂൾ ജങ്ഷൻ കൈതേപ്പാലം വഴി തെങ്ങണയിലേയ്ക്ക് പോകണം.

പാർക്കിങ് ക്രമീകരണം

വിവിധ സ്ഥലങ്ങളിൽനിന്ന് പുതുപ്പള്ളിയിൽ വരുന്ന വാഹനങ്ങൾ എരമല്ലൂർ ചിറ ഗ്രൗണ്ട്, ജോർജിയിൻ സ്‌കൂൾ ഗ്രൗണ്ട്, പുതുപ്പള്ളി ഗവ.എച്ച്.എസ്.എസ്. സ്‌കൂൾ ഗ്രൗണ്ട്, ഡോൺബോസ്‌കൊ സ്‌കൂൾ ഗ്രൗണ്ട്, നിലയ്ക്കൽ പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്കുചെയ്യണം.