- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഗതിയിലെ പുതുപ്പള്ളിയിൽ നിന്നും കോട്ടയത്തെ ഡിസിസി ഓഫീസിലെത്താൻ വേണ്ടി വന്നത് ഇരുപത്തിയേഴ് മണിക്കൂർ! 146 കിലോ മീറ്റർ ആ ബസ് യാത്ര ചെയ്തത് ഇഴഞ്ഞു നീങ്ങി; അതിവേഗം ബഹുദൂരം ജനങ്ങൾക്കിടയിലൂടെ ഓടിയ നേതാവിനെ അവസാന യാത്രയിൽ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിച്ച് മലയാളി സ്നേഹം; ഒടുവിൽ ഉമ്മൻ ചാണ്ടി അക്ഷര നഗരിയിൽ; മനുഷ്യമതിൽ തീർത്ത് പതിനായിരങ്ങൾ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം കോട്ടയത്ത് എത്തി. നേതാവിന്റെ സ്വന്തം ജില്ലയിൽ വിലാപയാത്ര എത്തിയത് 26 മണിക്കൂർ എടുത്താണ്. ജഗതിയിലെ പുതുപ്പള്ളിയിൽ നിന്നും കോട്ടയത്തെ ഡിസിസി ഓഫീസിലെത്താൻ വേണ്ടി വന്നത് ഇരുപത്തിയേഴ് മണിക്കൂർ! കോട്ടയത്ത് ജനസാഗരമാണ്. മനുഷ്യ മതിൽ തീർത്ത് അവർ ജനനായകന് വിട ചൊല്ലി. അതിനിടെ പ്രിയപ്പെട്ട നേതാവിന് അവസാനയാത്രാമൊഴിയേകാൻ രാഹുൽ ഗാന്ധിയെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉച്ചയോടെ പുതുപ്പള്ളിയിലേക്ക് പോകും.
തലസ്ഥാനത്ത് നിന്നും വിലാപയാത്രയായി എത്തുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയ്ക്ക് ശേഷം 3.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലേക്ക്. പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കുന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണത്തെ തുടർന്ന് കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറരയ്ക്കാണ് തിരുനക്കരയിൽ പൊതുദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ തലസ്ഥാനത്ത് നിന്നാംരഭിച്ച വിലാപയാത്രയിൽ ആദരാഞ്ജലി അർപ്പിക്കാൻ ജനലക്ഷങ്ങൾ എം.സി റോഡിലേക്ക് ഒഴുകിയെത്തിയതോടെ സമയക്രമങ്ങളെല്ലാം തെറ്റുകയായിരുന്നു.
വിലാപയാത്രയിൽ വഴിയോരങ്ങളിൽ മുദ്രാവാക്യം വിളിച്ച് കണ്ഠമിടറി രാത്രി ഉടനീളം ഉറക്കമിളച്ച് കാത്തിരുന്നു ജനം, തങ്ങളുടെ പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ. ജനക്കൂട്ടം തിങ്ങിക്കൂടി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി കാണാൻ എത്തിയതോടെ വളരെ പതുക്കെയാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്ക് കടന്നുപോകാൻ കഴിയുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ടതാണ് വിലാപയാത്ര. മകൻ ചാണ്ടി ഉമ്മനടക്കം കുടുംബവും മുതിർന്ന കോൺഗ്രസ് നേതാക്കളും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. പുതുപ്പള്ളിയിലും കോട്ടയം തിരുനക്കര മൈതാനത്തും രാവിലെ മുതൽ ആളുകൾ പ്രിയനേതാവിനെ അവസാനമായി കാണാനായി കാത്തുനിൽക്കുകയാണ്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര മണിക്കൂറുകൾ വൈകിയിട്ടും, വെയിലും മഴയും മാറിമാറി വന്നിട്ടും പതിനായിരങ്ങളാണ് ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ കാത്തു നിൽക്കുന്നത്.