- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയൻപിള്ളയുടെ ജീവനെടുത്തത് ആട് ആന്റണിയുടെ കുത്ത്; മോഷ്ടാവിന്റെ ക്രൂരതയിൽ നാഥൻ നഷ്ടമായ സംഗീതയ്ക്ക് നൽകിയത് വിരമിക്കും വരെ ശമ്പളവും ആനുകൂല്യവും; മക്കൾക്ക് പഠിക്കാനും വളരാനും ആശ്രയമായത് ആ അസാധാരണ ഇടപെടൽ; പൊലീസിന് പാന്റും നൽകി; ഉമ്മൻ ചാണ്ടിയുടെ കരുതൽ കഥ
കൊച്ചി: കൊല്ലം കൊട്ടറ കൈത്തറ പൊയ്കവീട്ടിൽ സംഗീത നായർക്കും രണ്ടു പെൺമക്കൾക്കും ജീവിതം നൽകിയത് ഉമ്മൻ ചാണ്ടിയാണ്. അഭയകേന്ദ്രത്തിന്റെ കാരുണ്യം വർഷങ്ങളായി തൊട്ടറിഞ്ഞ കുടുംബം. പൊലീസുകാരുടെ സ്വന്തം മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. സർവ്വീസിനിടെ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിന് അദ്ദേഹം ചെയ്തു കൊടുത്ത സഹായം അത്ര വലുതായിരുന്നു. സ്വജന പക്ഷപാതമായിരുന്നില്ല അത്. അർഹതപ്പെട്ടവർക്ക് ഒപ്പം നിൽക്കുന്ന ജനസേവകന്റെ തീരുമാനമായിരുന്നു അതെല്ലാം. ഇതിനൊപ്പം പൊലീസുകാർക്ക് പാന്റ് നൽകിയും ഉമ്മൻ ചാണ്ടി കരുതൽ കാട്ടി. ആധുനിക പൊലീസിന്റെ മുഖം മാറ്റവും അതിലൂടെ നടപ്പിലാക്കി.
കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ള(47)യുടെ ഭാര്യയാണ് സംഗീത. 2012 ജൂൺ 25ന് രാത്രിയിലായിരുന്നു ഡ്യൂട്ടിക്കിടെ ആട് ആന്റണിയുടെ കുത്തേറ്റ് മണിയൻപിള്ള കൊല്ലപ്പെടുന്നത്. വാഹനപരിശോധനയ്ക്കിടെ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് പാരിപ്പള്ളി പൊലീസ് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്കു കയറ്റാൻ ശ്രമിക്കവെ ആന്റണി വർഗീസ് എന്ന ആട് ആന്റണി എഎസ്‌ഐ ജോയിയെയും ഡ്രൈവർ സിപിഒ മണിയൻ പിള്ളയെയും കുത്തിപ്പരിക്കേൽപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയൻപിള്ളയെ ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു.
മണിയൻപിള്ളയുടെ ചേതനയറ്റ ശരീരം വീട്ടിലേക്ക് എത്തിയപ്പോൾ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ ഭാര്യ സംഗീത തളർന്നിരുന്നു. ഉമ്മൻ ചാണ്ടിയുടെ കരുതൽ ആ കുടുംബത്തിന് തുണയായി. അസാധാരണ തീരുമാനം അസാധാരണ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി എടുത്തു. മണിയൻ പിള്ളയുടെ ശേഷിക്കുന്ന സർവീസ് കാലം മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും ഭാര്യക്കു നൽകാൻ അദ്ദേഹം നിർദ്ദേശം നൽകി. മരണശേഷം നൽകുന്ന ധനസഹായം അഞ്ചു ലക്ഷം രൂപയിൽനിന്ന് പത്തു ലക്ഷമാക്കി ഉയർത്തി. മകളുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി നൽകാനും ഉമ്മൻ ചാണ്ടി ഉത്തരവിട്ടു. കേരളം അതിന് മുമ്പ് ഇതുപോലൊരു തീരുമാനം എടുത്തില്ല.
മരിച്ചിട്ടും പൊലീസ് സർവീസിൽ തുടർന്ന മണിയൻപിള്ള 2021 മെയ് 31 നാണ് സർവീസിൽനിന്ന് ഔദ്യോഗികമായി വിരമിച്ചത്. അതുവരെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മുടങ്ങാതെ ശമ്പളം കിട്ടി. ഇപ്പോൾ പെൻഷനും. പഠനശേഷം തിരുവനന്തപുരം എസ്‌പി ഓഫീസിൽ ജോലിയിൽ പ്രവേശിച്ച മണിയൻപിള്ളയുടെ മകൾ സ്മൃതി ഇപ്പോൾ ഫിംഗർപ്രിന്റ് ബ്യൂറോയിൽ ഉദ്യോഗസ്ഥയാണ്. ഇളയമകൾ സ്വാതി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും. ഇതിനെല്ലാം കാരണക്കാരനായത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഇടപെടലായിരുന്നു. 'പൊലീസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ച വിവരങ്ങൾക്കനുസരിച്ച് ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ കാര്യങ്ങളെല്ലാം അറിഞ്ഞു ചെയ്തുതന്നു. അദ്ദേഹത്തോടുള്ള കടപ്പാട് എത്ര ജന്മം കഴിഞ്ഞാലും വീട്ടാനാകില്ല. അത്രയും നന്മയുള്ള ആളാണ് അദ്ദേഹം'- സംഗീത നായർ പറഞ്ഞു.
കൂർത്ത തൊപ്പിയും നീളം കുറഞ്ഞ പാവാട പോലുള്ള നിക്കറും മാറ്റി പൊലീസിന് ഇന്നു കാണുന്ന രൂപത്തിലുള്ള യൂണിഫോം സമ്മാനിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. 1982ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഉമ്മൻ ചാണ്ടി പൊലീസ് സേനയ്ക്ക് പരിഷ്‌കൃത യൂണിഫോം നൽകിയത്. അന്നുവരെയും നിലവിലുണ്ടായിരുന്ന യൂണിഫോമിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അധികാരക്കസേരയിലെത്തിയിരുന്നവർ അതിനു കാര്യമായ പരിഗണന നൽകിയിരുന്നില്ല. 38-ാം വയസിലാണ് ചരിത്രമാറ്റത്തിന് ഉമ്മൻ ചാണ്ടി ഉത്തരവിറക്കിയത്.
ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്ന് മൂന്നു മാസം മാത്രമായിരുന്നു ആ മന്ത്രിസഭയുടെ ആയുസ്. എന്നാൽ രാജി സമർപ്പിക്കേണ്ട ദിവസത്തിന് തൊട്ടുമുമ്പ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവിറങ്ങിയിരുന്നു.