കൊച്ചി: ഏതു മലവെള്ളത്തെയും ചങ്കൂറ്റത്തോടെ തടഞ്ഞു നിർത്തിയ മനക്കരുത്തിനെയും മെയ്വഴക്കത്തെയും കീഴടക്കിയത് അർബുദം എന്ന മഹാമാരി. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദത്തോടാണ് ഉമ്മൻ ചാണ്ടി പോരാടിയത്. കേരളത്തിലെ ചികിത്സ ഫലിക്കാതെ വന്നപ്പോഴായിരുന്നു ബംഗ്ലൂരുവിലേക്കും ജർമ്മനിയിലേക്കുമുള്ള ചികിൽസ-കോൺഗ്രസ് മുഖപത്രമായ വീക്ഷണമാണ് ഈ വിവരം പങ്കുവയ്ക്കുന്നത്.

ചാണ്ടി ഉമ്മൻ ഇന്നു പുലർച്ചെ 5 മണിയോടെ ഫെയ്‌സ് ബുക്കിൽ കുറിച്ചു. പുലരി വെട്ടം തെളിയുന്നതിനു മുന്നേ, ഫേസ്‌ബുക്കിൽ തെളിഞ്ഞ ഈ നാലു വാക്കുകൾ കണ്ട് ഓരോരുത്തരായി നടുങ്ങി. ഓരോരുത്തരായി അതു പങ്കു വച്ചു. പത്തു മിനിറ്റുള്ളിൽ ആയിരക്കണക്കിനു ഷെയറാണ് കിട്ടിയത്. പിന്നീട് ആ പോസ്റ്റ് കേരളത്തിന്റെ ഹൃദയ വേദനയായി. കരുതൽ കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ആദരാഞ്ജലികൾ ഡിയർ കോമ്രേഡ്-ഇതായിരുന്നു ഇടതുപക്ഷ അനുകൂലികൾ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പങ്കുവച്ച കുറിപ്പുകൾ.

രോഗ വിവരങ്ങൾ പറഞ്ഞപ്പോൾ രാഹുൽ ഗാന്ധിയാണ് ഉടൻ തന്നെ ഉമ്മൻ ചാണ്ടിയെ ജർമനിയിലേക്ക് കൊണ്ടുപോകണമെന്ന് നിർദ്ദേശിച്ചത്. എന്നാൽ ഹോമിയോ ചികിത്സയ്ക്കായിട്ടാണ് ജർമനിയിൽ കൊണ്ടുപോകുന്നതെന്ന പ്രചാരണം തെറ്റാണെന്നും അലോപ്പതി ചികിത്സയാണ് ലഭ്യമാക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. പിന്നീട് അത് ആരും വിവാദമാക്കിയില്ല. ഉമ്മൻ ചാണ്ടി തിരിച്ചു വരുമെന്ന് ഏവരും കരുതി. പക്ഷേ അത് വെറുതെയാകുകയായിരുന്നു.

രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി നാലു തവണ കേരള സർക്കാരിൽ മന്ത്രിയായിട്ടുണ്ട് . ആദ്യത്തെ കെ . കരുണാകരൻ മന്ത്രിസഭയിൽ 1977 ഏപ്രിൽ 11 മുതൽ 1977 ഏപ്രിൽ 25 വരെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 1978 ഒക്ടോബർ 27 വരെ അതേ വകുപ്പ് കൈകാര്യം ചെയ്തു. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ രണ്ടാം കെ. കരുണാകരൻ മന്ത്രിസഭയിൽ. 1991 ജൂലൈ 2-ന് നാലാമത്തെ കെ.കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ച അദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.

1 കരുണാകരൻ 11 ഏപ്രിൽ 1977 - 25 ഏപ്രിൽ 1977 തൊഴിൽ
2 എ കെ ആന്റണി 27 ഏപ്രിൽ 1977 - 27 ഒക്ടോബർ 1978 തൊഴിൽ
3 കെ കരുണാകരൻ 28 ഡിസംബർ 1981 - 17 മാർച്ച് 1982 വീട്
4 കെ കരുണാകരൻ 2 ജൂലൈ 1991 - 22 ജൂൺ 1994 ധനകാര്യം

ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി അദ്ദേഹത്തെ തനിച്ചൊന്നു കാണാൻ കിട്ടില്ലെന്നാണ്. ആർക്കെങ്കിലും സ്വകാര്യമായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ആൾക്കൂട്ടത്തിനു നടുവിൽ വച്ചു മാത്രമേ അതിന് അവസരം കിട്ടൂ. ഈ ജന സമ്മതിക്ക് അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌കാരങ്ങളും നിരവധി. പക്ഷേ, പുരസ്‌കാരങ്ങളിലൊന്നും ഒരു താത്പര്യം കാണിച്ചിട്ടുമില്ല അദ്ദേഹം.

വിഖ്യാതമായ ജന സമ്പർക്ക പരിപാടിയുടെ അടിസ്ഥാനത്തിൽ 2013-ലെ ഐക്യരാഷ്ട്രസഭയുടെ പൊതുസേവന അവാർഡ് ഉമ്മൻ ചാണ്ടിക്ക് ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് ''പൊതുസേവനത്തിലെ അഴിമതി തടയലും ചെറുക്കലും'' എന്ന വിഭാഗത്തിൽ ലഭിച്ചു. 2013 ജൂൺ 27 ന് ബഹ്റൈനിലെ മനാമയിൽ വെച്ച് യുഎൻ സാമ്പത്തിക സാമൂഹിക കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ജനറൽ വു ഹോങ്ബോയാണ് അവാർഡ് സമ്മാനിച്ചത് . ''ട്രാൻസ്ഫോർമേറ്റീവ് ഇ-ഗവൺമെന്റും ഇന്നൊവേഷനും: എല്ലാവർക്കും മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കൽ'' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു അവാർഡ്.

രാഷ്ട്രീയത്തിലെ അപൂർവ്വതകളിലൊന്നായിരുന്നു അദ്ദേഹം. ജനസേവനത്തിന്റെ പാതയിൽ ഉണ്ണാനും ഉറങ്ങാനും മറന്നുപോയ നേതാവ്. ജനസമ്പർക്കത്തിലൂടെയും സുതാര്യതയിലൂടെയും ഭരണപരമായ ഉത്തരവാദിത്തങ്ങളെയും വികസന സമവാക്യങ്ങളെയും അതിവേഗം ബഹുദൂരം കൊണ്ടുപോയ തുല്യതയില്ലാത്ത കേരത്തിന്റെ ജനകീയ മുഖ്യമന്ത്രി. എത്ര പഠിച്ചാലും തീരാത്ത ഒരു പാഠപുസ്തകമായിരുന്നു ഉമ്മൻ ചാണ്ടി എന്ന നേതാവ്.