ബംഗ്ളുരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിൽസയ്ക്കുള്ള മരുന്ന് ഡോക്ടർമാർ കണ്ടെത്തി! ജർമനിയിലെ ലേസർ ചികിത്സയ്ക്കു ശേഷം തുടർചികിത്സയ്ക്കും വിശ്രമത്തിനുമായി ബംഗളുരുവിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ജർമ്മനിയിലെ ചികിത്സയ്ക്കുശേഷം തുടർചികിത്സയ്ക്കായാണ് ഉമ്മൻ ചാണ്ടി ബംഗളുരുവിൽ എത്തിയത്. ജർമനിയിൽനിന്നുള്ള ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചുള്ള ചികിത്സയാണു ബംഗളുരുവിൽ തുടർന്നത്. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ട മരുന്നിൽ തീരുമാനം ഉണ്ടാകുന്നത്. പരമാവധി ആളുകളെ കാണിക്കുക... അത് പുതുപ്പള്ളിക്കാരാണെങ്കിൽ അത്രയും നല്ലത്.

അന്ന് ബംഗളുരുവിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി ളരെ വിഷമത്തിലായിരുന്നു. പുതുപ്പള്ളിക്കാരിൽ ചിലർ എത്തിയതോടെ ഉമ്മൻ ചാണ്ടി ഉഷാറായി. നിമിഷങ്ങൾ കൊണ്ട് പഴയ ഉമ്മൻ ചാണ്ടിയായി. മരുന്നുകൾക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ ദിനചര്യകൾ കൂടി ഉൾപ്പെടുത്തുന്നതാണു ബംഗ്ളൂരുവിലെ തുടർ ചികിത്സാരീതി. ഓരോ ദിവസത്തെയും ഊർജ്വസ്വലത മെഡിക്കൽ ബോർഡ് വിലയിരുത്തിയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആളുകൾ എത്തുന്ന ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി കൂടുതൽ ഉന്മേഷവാനാകുന്നതായി കണ്ടെത്തി. ഇതോടെയാണു ജനങ്ങൾക്കൊപ്പമുള്ള ജീവിതമാണ് ഉമ്മൻ ചാണ്ടിക്കുള്ള മരുന്നെന്നു ഡോക്ടർമാർ വിലയിരുത്തിയത്.

പുതുപ്പള്ളിക്കാരെത്തിയപ്പോൾ ഉമ്മൻ ചാണ്ടി പഴയ ഫോമിലെത്തി. സാധാരണ അണുബാധാ ഭയത്തിലും മറ്റും രോഗികളെ പുറത്തു നിന്ന് വരുന്നവരിൽ നിന്നും അകറ്റി നിർത്താനാണ് ഡോക്ടർമാർ നിർദ്ദേശിക്കുക. ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ വേണ്ടത് ആളും. പുതുപ്പള്ളിക്കാരെ കണ്ടതോടെ സകല ക്ഷീണവും മറന്ന അദ്ദേഹത്തിനു പഴയ ഉമ്മൻ ചാണ്ടിയാകാൻ നിമിഷങ്ങൾ മതിയായിരുന്നു. ചികിത്സയ്ക്കു നേതൃത്വം കൊടുക്കുന്ന ഡോക്ടറും ആഗ്രഹത്തിന് അനുമതി നൽകിയതോടെ ഉമ്മൻ ചാണ്ടി പഴയതിലും ഊർജസ്വലനായി. പിന്നെ തിരിച്ച് തിരുവനന്തപുരത്തേക്ക്. ഇതിനിടെ വീണ്ടും അസുഖം കലശലായി. മറുനാടൻ മലയാളിയുടെ വാർത്തകളിലൂടെ പുറംലോകം അറിഞ്ഞു.

ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഒരു ദിവസം ചികിൽസയ്ക്കിടെ ബംഗളുരുവിൽ ഉമ്മൻ ചാണ്ടി താമസിക്കുന്ന വീട് അക്ഷരാർത്ഥത്തിൽ പുതുപ്പള്ളിയിലെ കരോട്ടു വള്ളകാലിൽ വീടായി. കെ.പി.സി സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനാണ് ആദ്യം എത്തിയത്. സജീന്ദ്രനുമായി രാഷ്ട്രീയ ചർച്ചകൾ തുടരുന്നതിനിടെ യു.ഡി.എഫ്. കോട്ടയം ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസും പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെയിംസ് കുന്നപ്പള്ളിയും എത്തി. പുതുപ്പള്ളി മണ്ഡലത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്നതിനാണ് ഇരുവരും എത്തിയത്. ആവേശത്തിലായി ഉമ്മൻ ചാണ്ടി. ഇതിനിടെ പുതുപ്പള്ളിയിൽനിന്നും വീണ്ടും ആളുകൾ എത്തിത്തുടങ്ങി. ഇതോടെ ഉമ്മൻ ചാണ്ടി പഴയ പ്രസരിപ്പോടെ അവർക്കിടയിലേക്ക് ഇറങ്ങി.

ഓരോരുത്തരെയും വിളിച്ചു പുതുപ്പള്ളിയിലെ കാര്യങ്ങൾ ചർച്ച ചെയ്തു വേണ്ട നിർദ്ദേശങ്ങൾ നൽകി. ഇതിനിടെ ഫോണുമായി എത്തിയ സഹായി രാധാകൃഷ്ണന്റെ ഫോണിൽ കൂടിയും അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനുള്ള നിർദ്ദേശം. ഓരോ വിഷയങ്ങളുമായി പലരും എത്തിത്തുടങ്ങിയതോടെ ഉമ്മൻ ചാണ്ടിയും സജീവമായി. ഇതോടെയാണ് ഉമ്മൻ ചാണ്ടിയുടെ രോഗത്തിനുള്ള മരുന്ന് ഡോക്ടർമാർക്ക് തിരിച്ചറിയാനായത്. എന്നാൽ രണ്ടാമത് വീണ്ടും എത്തിയപ്പോൾ ആരോഗ്യം തീരെ ദുർബലമായി. പിന്നീട് സന്ദർശകർക്ക് അദ്ദേഹത്തെ കാണാനായില്ല. അങ്ങനെ പുതുപ്പള്ളിക്കാരുമായുള്ള വികാരവും വിചാരവും പങ്കുവയ്ക്കാതെ മടക്കം.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യവാസ്ഥയിൽ ആന്റണി ഇടപെട്ടു. അങ്ങനെ വീണ്ടും ബംഗ്ലൂരുവിൽ. പിന്നീട് അണികൾക്കൊപ്പം സമയം ചെലവഴിക്കാൻ ഉമ്മൻ ചാണ്ടിക്കായില്ല. അപൂർവ്വം ചില രാഷ്ട്രീയ സുഹൃത്തുക്കൾക്ക് മാത്രമായിരുന്നു ഉമ്മൻ ചാണ്ടിയുടെ അടുത്ത് എത്തിയത്. പുതുപ്പള്ളിയുടെ വികാരം ഉമ്മൻ ചാണ്ടിക്ക് കിട്ടാതെ പോയി. ഏതു യാത്രയാണെങ്കിലും ഉമ്മൻ ചാണ്ടി എല്ലാ ഞായറാഴ്ചകളിലും പുതുപ്പള്ളിയിലെത്തും. മുഖ്യമന്ത്രിയായിരിക്കെ ദാവോസിൽ വീണു പരുക്കേറ്റതിനെ തുടർന്നു വിശ്രമത്തിലായപ്പോഴും കോവിഡ് ബാധിച്ചു തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്നപ്പോഴും മാത്രമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ എത്താതിരുന്നത്.

പിന്നീട് ഈ ആരോഗ്യാവസ്ഥ ദീർഘകാലം ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിന്നും അകറ്റി. തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടിയുടെ വീടു പേരും പുതുപ്പള്ളിയെന്നായിരുന്നു. അതുകൊണ്ട് തന്നെ പുതുപ്പള്ളിയെ മറന്ന് ഉമ്മൻ ചാണ്ടിക്കൊരു ജീവിതവുമില്ലായിരുന്നു.