തിരുവനന്തപുരം: ജനമനസ്സുകളിലായിരുന്നു ഉമ്മൻ ചാണ്ടി ജീവിച്ചത്. എംസി റോഡിന് ഇരുവശവും മനുഷ്യ മതിൽ തീർത്ത് അവർ നേതാവിന് അന്ത്യയാത്ര നൽകി. തിരുവനന്തപുരത്ത് നിന്ന് തിരുന്നക്കരയിൽ വിലാപയാത്രയെത്താൻ കോൺഗ്രസ് നേതാക്കൾ ഇട്ടത് 11 മണിക്കൂറാണ്. അതായത് ഏഴു മണിക്ക് തുടങ്ങിയാൽ വൈകിട്ട് ആറു മണിക്ക് തിരുന്നക്കര എത്തുമെന്ന് കരുതി. അതിന് അനുസരിച്ച് അന്ത്യയാത്രയിൽ സമയക്രമം ഉണ്ടാക്കി. എങ്ങനെ പോയാലും രാത്രി 9മണിക്ക് മുമ്പ് എത്തുമെന്നും കരുതി. പക്ഷേ ഇതെല്ലാം കണക്ക് കൂട്ടൽ മാത്രമായി. 24 മണിക്കൂർ ആ യാത്ര പിന്നിട്ടിട്ടും തിരുന്നക്കര ഉമ്മൻ ചാണ്ടി എത്തിയില്ല. ജനസാഗരം എംസി റോഡിൽ അലമുറയിട്ട് കരഞ്ഞു. ഇല്ലാ ഇല്ലാ മരിക്കില്ലെന്ന മുദ്രാവാക്യം മുഴക്കി. ഇത് കേരളത്തിന് പരിചിതമല്ലാത്ത യാത്ര അയയ്ക്കലാണ്.

എകെ ഗോപാലന്റേയും ഇകെ നയനാരുടേയും കെ കരുണാകരന്റേയും വിലാപ യാത്രകൾക്ക് കിട്ടാത്തിലും എത്രയോ അധികം വികാര വായ്പ് ഉമ്മൻ ചാണ്ടിക്ക് കിട്ടി. കേരളത്തിൽ ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് വ്യക്തമാക്കുന്നതാണ് ഈ യാത്ര. മനുഷ്യ സ്‌നേഹത്തിന്റെ ഉറവ വറ്റാത്ത നേതാവ്. അതുകൊണ്ടാണ് ജനം ഒഴുകിയെത്തിയത്. കോൺഗ്രസുകാർക്ക് പോലും ഇതൊന്നും കണക്ക് കൂട്ടാൻ കഴിഞ്ഞിരുന്നില്ല. രമേശ് ചെന്നിത്തലയും വിഡി സതീശനും കെസി വേണുഗോപാലും കെ സുധാകരനും എല്ലാം ചേർന്നെടുത്ത സമയക്രമമാണ് തകർന്നത്. നേതാവിന്റെ വലുപ്പം മനസ്സിലാക്കാത്തത് തന്നെയായിരുന്നു ഇതിനെല്ലാം കാരണം. ഉമ്മൻ ചാണ്ടി അങ്ങനെ അന്ത്യയാത്രയിലും വ്യത്യസ്തനായി. പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിന്റെ തന്നെ കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻ ചാണ്ടി. സ്‌നേഹ വായ്‌പ്പ് കണ്ട് ഉമ്മൻ ചാണ്ടിയുടെ കുടുംബവും കരയുകയാണ്. നഷ്ടമാകുന്നത് ആ കുടുംബത്തിന്റെ മാത്രം സ്വത്തല്ല. മറിച്ച് മലയാളിയുടെ മനസ്സിലെ താരകമാണ് വിടവാങ്ങുന്നത്.

വിലാപയാത്ര പെരുന്നയിലെത്തിയപ്പോൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആദരാജ്ഞലി അർപ്പിച്ചു. മകൻ ചാണ്ടി ഉമ്മനെ അദ്ദേഹം ആശ്വസിപ്പിച്ചു. വിടവാങ്ങിയ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ കണ്ണീരണിഞ്ഞ് ആയിരങ്ങളാണ് വഴിയിൽ തടിച്ചു കൂടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. ബുധനാഴ്ച രാവിലെ ഏഴിന് തിരുവനന്തപുരത്തെ ജഗതിയിൽ നിന്നും ആരംഭിച്ച വിലാപയാത്ര 23 മണിക്കൂർ പിന്നിട്ടപ്പോഴാണ് ചങ്ങനാശേരിയിൽ എത്തിയത്. വിലാപയാത്ര തിരുന്നക്കരയിൽ എത്തിയാൽ പൊതു ദർശനം. അതിന് മുമ്പ് കോട്ടയം ഡിസിസിക്ക് മുമ്പിലും ഉമ്മൻ ചാണ്ടി എത്തും. തിരുന്നക്കരയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് വിലാപ യാത്ര എത്താൻ എത്രമണിക്കൂർ എടുക്കുമെന്ന് ആർക്കും അറിയില്ല. സംസ്‌കാര ചടങ്ങ് എപ്പോൾ നടക്കുമെന്ന് ആർക്കും ഉറപ്പിക്കാൻ കഴിയാത്ത ജനസ്‌നേഹമാണ് ഉമ്മൻ ചാണ്ടി ഏറ്റു വാങ്ങുന്നത്.

പുതുപ്പള്ളി പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് വികാരി ഫാ.വർഗീസ് വർഗീസ് അറിയിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംസ്‌കാരചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. സംസ്‌കാര ശുശ്രൂഷയ്ക്ക് ഓർത്തഡോക്സ് അധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കതോലിക്ക നേതൃത്വം നൽകും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുക്കും. തിരുന്നക്കരയിൽ പതിനായിരങ്ങളാണ് കാത്ത് നിൽക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും ജനസാഗമെത്തും. ഇതെല്ലാം എങ്ങനെ നിയന്ത്രിക്കുമെന്ന് ആർക്കും ഇപ്പോൾ അറിയില്ല. ലോകത്തിന്റെ മുക്കിലും മൂലയിലും നിന്നും മലയാളി ഉമ്മൻ ചാണ്ടിയെ കാണാൻ പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ടെന്നതാണ് വസ്തുത.

തിരുവനന്തപുരം ജില്ലയിൽ 41 കിലോമീറ്റർ പിന്നിടാൻ എട്ടുമണിക്കൂറാണ് സമയമെടുത്തത്. രാവിലെ ഏഴോടെ തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര നിലവിൽ ചെങ്ങന്നൂരിലൂടെ കടന്നുപോകുകയാണ്. പത്തനംതിട്ട ജില്ലയിൽ അടൂർ, പന്തളം എന്നിവിടങ്ങളിൽ ആളുകൾക്ക് ആദരമർപ്പിക്കാനായി അവസരം ഒരുക്കിയിരുന്നു. വൈകീട്ട് ആറുമണിയോടെ കോട്ടയം ഡി.സി.സി. ഓഫീസിൽ പൊതുദർശനത്തിന് എത്തിക്കുന്ന തരത്തിലായിരുന്നു നേരത്തെ വിലാപയാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ, ഈ സമയക്രമം പാലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഡി.സി.സി. ഓഫീസിലെ പൊതുദർശനത്തിനുശേഷം തിരുനക്കര മൈതാനത്തും പുതുപ്പള്ളി കരോട്ട് വള്ളക്കാലിലെ വീട്ടിലും പുതുതായി പണികഴിപ്പിക്കുന്ന വീട്ടിലും പൊതുദർശനം നിശ്ചയിച്ചിരുന്നു.

കോട്ടയം ജില്ലയിൽ വ്യാഴാഴ്ച സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന ഉമ്മൻ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങൾ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.