- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഎം ജോർജിനെ അടിതെറ്റിച്ച് 1970 തുടക്കം; സിന്ധു ജോയിയേയും സുജ സൂസൻ ജോർജിനേയും ഇറക്കി സ്ത്രീ മനസ്സ് പിടിക്കാനുള്ള സിപിഎം തന്ത്രവും ഫലിച്ചില്ല; ചെറിയാൻ ഫിലിപ്പിലൂടെ തളർത്താമെന്ന മോഹവും പൊളിഞ്ഞു; ജെയ്കിന്റെ വിദ്യാർത്ഥി പോരാട്ടത്തെ വിഫലമാക്കിയത് രണ്ടു തവണ; 53 വർഷമായി പുതുപ്പള്ളിക്കുള്ളത് കുഞ്ഞൂഞ്ഞ് മാത്രം; 12 വിജയങ്ങളുമായി ഓസി കേരളം കിഴടക്കിയ കഥ
കോട്ടയം: പുതുപ്പള്ളിയെന്നാൽ ഉമ്മൻ ചാണ്ടി... ഉമ്മൻ ചാണ്ടിയെന്നാൽ പുതുപ്പള്ളിയും.... ഒരു രാഷ്ട്രീയ നേതാവിലൂടെ നാട് അറിയപ്പെടുന്നത് അത്യപൂർവ്വം. അത്തരമൊരു അപൂർവ്വതയാണ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുമായി ഉണ്ടായിരുന്നത്. പുതുപ്പള്ളിക്കാരുടെ എല്ലാമെല്ലാമായിരുന്നു അവരുടെ കുഞ്ഞൂഞ്ഞ്. മത്സരിക്കാൻ ഇറങ്ങിയ ശേഷം അവർ ഒരിക്കൽ പോലും ഉമ്മൻ ചാണ്ടിയെ കൈവിട്ടില്ല. ആ വിശ്വാസം കേരള രാഷ്ട്രീയത്തിലെ അചഞ്ചലതയായി. അങ്ങനെ ഉമ്മൻ ചാണ്ടി കേരളത്തിന്റെ നാഥനായി. രണ്ടു തവണ മുഖ്യമന്ത്രി. ആ കരുതൽ കേരളം തൊട്ടറിഞ്ഞത് പുതുപ്പള്ളിക്കാരുടെ ആശിർവാദത്തിന്റെ ഫലമായിരുന്നു.
സമാനതകളില്ലാത്ത ബന്ധമാണ് ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി നിയോജക മണ്ഡലവും തമ്മിലുള്ളത്. 1970 മുതലിങ്ങോട്ട് ഇന്നേ വരെ ഇവിടെ വേറൊരു എംഎൽഎ ഉണ്ടായിട്ടില്ല. ഉണ്ടാകാൻ അവർ അനുവദിച്ചിട്ടില്ല. കഴിഞ്ഞ 53 വർഷമായി കുഞ്ഞൂഞ്ഞു മാത്രമാണ് അവരുടെ എംഎൽഎ. ഒരേ സ്ഥലത്ത് ഇത്രയും ദീർഘനാൾ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി വേറേ ഉണ്ടായതായി സംശയമുണ്ട്. ഏതായാലും ഇന്ത്യയിൽ ഒരിടത്തൂമില്ല. 12 തവണയാണ് ഓസി ഇവിടെ നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിന്റെ ഓസി.. പുതുപ്പള്ളിക്കാർക്ക് അവരുടെ കുഞ്ഞൂഞ്ഞായിരുന്നു. തിരുവനന്തപുരത്തെ വീടിനും പുതുപ്പള്ളി എന്ന പേരു തന്നെ തന്നെ ഉമ്മൻ ചാണ്ടി നൽകി.
നിയമസഭയിലേക്കല്ലാതെ വേറേ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടുമില്ല. മത്സരിച്ച വർഷം, എതിരാളികൾ, ഭൂരിപക്ഷം എന്ന ക്രമത്തിൽ.
1970 ഇ എം ജോർജ് ( സിപിഐഎം ) 7,288
1977 പി സി ചെറിയാൻ ( ബിഎൽഡി ) 15,910
1980 എംആർജി പണിക്കർ ( എൻഡിപി ) 13,659
1982 തോമസ് രാജൻ ( ഐസിഎസ് ) 15,983
1987 വി എൻ വാസവൻ (സിപിഐഎം) 9,164
1991 വി എൻ വാസവൻ (സിപിഐഎം) 13,811
1996 റെജി സഖറിയ (സിപിഐഎം) 10,155
2001 ചെറിയാൻ ഫിലിപ്പ് (സിപിഐഎം ഇന്ത്യൻ) 12,575
2006 സിന്ധു ജോയ് (സിപിഐഎം) 19,863
2011 സുജ സൂസൻ ജോർജ് (സിപിഐഎം) 33,255
2016 ജെയ്ക് സി. തോമസ് (സിപിഎം) 27,092
2021 ജെയ്ക് സി. തോമസ് (സിപിഎം) 9,044
കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൽപ്പെട്ട വാകത്താനം എന്ന പഞ്ചായത്തും ചേർന്ന നിയമസഭാമണ്ഡലമാണ് പുതുപ്പള്ളി. മണ്ഡല രൂപീകരണത്തിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിസി ചെറിയാൻ ആയിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. 1960 ലും അദ്ദേഹത്തിനൊപ്പം തന്നെയായിരുന്നു വിജയം. പിസി ചെറിയാൻ അടക്കിവാണിരുന്ന പുതപ്പള്ളി 65 ലും 67 ലും സിപിഎമ്മിലെ ഇഎം ജോർജ്ജ് പിടിച്ചടക്കിയതോടെയാണ് മണ്ഡലം തിരിച്ചു പിടിക്കാൻ ഉമ്മൻ ചാണ്ടിയെന്ന യുവ നേതാവിനെ അന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്. അന്ന് 7288 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടി ഇവിടെ നിന്ന് ജയിച്ച് കയറിയത്.
പിന്നീട് സിപിഎം, ബിഎൽഡി, എൻഡിപി, ഐഎൻസി-എസ്, ഇടതു സ്വതന്ത്രൻ അടക്കമുള്ളവർ മത്സരിച്ചുവെങ്കിലും ഉമ്മൻ ചാണ്ടിയെന്ന വന്മരത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ പോലും അവർക്കൊന്നും സാധിച്ചില്ല. 2011ൽ സിപിഎമ്മിന്റെ സൂജ സൂസൻ ജോർജിനെ പരാജയപ്പെടുത്തി റെക്കോഡ് ഭൂരിപക്ഷത്തിലായരുന്നു പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി ജയിച്ചത്.33,225 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. 2016 ൽ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്ക് സി തോമസായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത്. അക്കുറിയും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ 2021ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. വലിയ ഇടതു തംരഗത്തിന്റെ പ്രതിഫലനമായിരുന്നു അത്. ഇതിനൊപ്പം കേരളാ കോൺഗ്രസ് മാണി വിഭാഗവും ഇടതുപക്ഷത്തായിരുന്നു. ഈ പ്രതികൂല അവസ്ഥയിലും പുതുപ്പള്ളിക്കാർ കുഞ്ഞൂഞ്ഞിനെ കൈവിട്ടില്ല.
1970നും 2021നുമിടയിലെ തെരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികൾ മാറി മാറി വന്നിട്ടും ഉമ്മൻ ചാണ്ടിയല്ലാതൊരു പേര് അന്നാട്ടുകാരുടെ മനസ്സിലെത്തിയില്ല. പുതുപ്പള്ളിയല്ലാതൊരു മണ്ഡലത്തെ കുറിച്ച് ഉമ്മൻ ചാണ്ടിയുടെ ആലോചനയിൽ തന്നെ ഉണ്ടായിരുന്നില്ല. നേമത്തേക്ക് മാറണമെന്ന് ചില കോൺഗ്രസുകാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആശയം മുന്നോട്ട് വച്ചു. മത്സരിക്കുന്നുവെങ്കിൽ പുതുപ്പള്ളി മാത്രം. പുതുപ്പള്ളിയെ വിട്ട് മറ്റൊരു മത്സരമില്ല-ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിലപാട്.
ഏതു സമയത്തും എന്താവശ്യത്തിനും പുതുപ്പള്ളിക്കാർക്ക് അദ്ദേഹത്തിനരികിലെത്താൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച കാരോട്ട് വള്ളക്കാലിലെ വീട്ടിൽ അദ്ദേഹമുണ്ടാവുമെന്നും ചേർത്തുപിടിച്ച് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. തിരുവനന്തപുരത്ത് വീട് വെച്ചപ്പോഴും അതിന് അദ്ദേഹം നൽകിയ പേര് 'പുതുപ്പള്ളി ഹൗസ്' എന്നായിരുന്നു. മുഖ്യമന്ത്രിയായപ്പോഴും ഞായറാഴ്ചകളിൽ തറവാട്ടിലെത്തിയായിരുന്നു പ്രവർത്തനങ്ങൾ.
പുതുപ്പള്ളിക്കാർക്കൊപ്പം പുതുപ്പള്ളി പുണ്യാളനും തനിക്ക് കൂട്ടുണ്ടെന്ന വിശ്വാസമായിരുന്നു പ്രതിസന്ധി കാലങ്ങളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ ആത്മവിശ്വാസം. രാഷ്ട്രീയമായി വേട്ടയാടിയവർക്കെല്ലാം തിരിച്ചടി കിട്ടിയ കാലത്ത് പുതുപ്പള്ളി പള്ളിക്ക് മുന്നിൽ ഏകനായി പ്രാർത്ഥിച്ചു നിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രമായിരുന്നു അനുയായികളുടെ മറുപടി.